ഏഥറിനെ കടത്തിവെട്ടി ഓലയുടെ മുന്നേറ്റം, പോയ മാസം ഏറ്റവും വിൽപ്പന നേടിയ 5 ഇലക്ട്രിക് ടൂവീലർ ബ്രാൻഡുകൾ
ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന ഇന്ത്യയിൽ കുതിച്ചുയരുകയാണ്. ഫെബ്രുവരിയിൽ രാജ്യത്തെ മൊത്തത്തിലുള്ള ഇലക്ട്രിക് വാഹന വിൽപ്പനയുടെ 60 ശതമാനം വിപണി വിഹിതമാണ് ടൂ വീലർ വിഭാഗത്തിന് പോയമാസം കൈയ്യെത്തിപിടിക്കാനായത്.

ഇവി ഇരുചക്ര വാഹന വിഭാഗത്തിൽ കഴിഞ്ഞ മാസം വിറ്റഴിച്ച 54,557 യൂണിറ്റുകളിൽ 32,416 യൂണിറ്റുകളും ഹൈ-സ്‌പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകൾക്കുള്ളതായിരുന്നു. ഈ വർഷം ജനുവരി മാസത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. കൂടാതെ രജിസ്ട്രേഷനിൽ വാർഷികമായി 444 ശതമാനം വളർച്ചയും ഉണ്ടായിട്ടുണ്ട്.

ഹീറോ ഇലക്ട്രിക് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായി ഫെബ്രുവരി മാസവും തുടരുകയാണ്. എന്നാൽ പോയ മാസം ഓല ഇലക്ട്രിക്കിന്റെ രജിസ്ട്രേഷനിലും വൻ കുതിച്ചുചാട്ടമുണ്ടായി. ഫെബ്രുവരിയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ മികച്ച 5 ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനികൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

5. ഏഥർ എനർജി
ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പായ ഏഥർ എനർജി കഴിഞ്ഞ മാസം വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ 2,229 യൂണിറ്റുകൾ വിറ്റഴിച്ച കമ്പനി ജനുവരിയിൽ 2,825 യൂണിറ്റുകളായിരുന്നു നിരത്തിലെത്തിച്ചിരുന്നത്.

എന്നിരുന്നാലും ബ്രാൻഡ് 626 യൂണിറ്റുകൾ വിറ്റഴിച്ച കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് ഇത് ഗണ്യമായ വർധനവാണ് സൂചിപ്പിക്കുന്നത്.

4. ഓല ഇലക്ട്രിക്
ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളുടെ പട്ടികയിലക്ക്
ഓലയുടെ കടന്നുവരവാണ് ഇത്തവണത്തെ ഏറ്റവും വലിയ വാർത്ത. S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കി മാസങ്ങൾക്കുള്ളിൽ ഓല ഇലക്ട്രിക് പട്ടികയിൽ ഇടം നേടിയതിൽ അതിശയമൊന്നുമില്ല.

ഫെബ്രുവരിയിൽ ഓല ഇലക്ട്രിക്കിന്റെ രജിസ്ട്രേഷനിലും വൻ കുതിച്ചുചാട്ടം ഉണ്ടായി. കഴിഞ്ഞ മാസം ഇത് 3,904 യൂണിറ്റുകൾ വിതരണം ചെയ്യുകയും അതിന്റെ പ്രധാന എതിരാളികളിലൊന്നായ ഏഥർ എൻർജിയെ പിന്തള്ളി നാലാം സ്ഥാനത്തെത്തുകയും ചെയ്തു.

3. ആമ്പിയർ വെഹിക്കിൾസ്
റിയോ, റിയോ എലൈറ്റ്, മാഗ്നസ് EX, മാഗ്നസ് പ്രോ, സീൽ തുടങ്ങിയ ഇലക്‌ട്രിക് ഇരുചക്ര മോഡലുകൾ നിർമിക്കുന്ന ആമ്പിയർ വെഹിക്കിൾസ് 2022 ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ ഇവി വിൽപ്പന നേടിയ കമ്പനികളിൽ മൂന്നാം സ്ഥാനത്തെത്തി.

കഴിഞ്ഞ മാസം ആമ്പിയറിന്റെ വിൽപ്പന 4,303 യൂണിറ്റുകളായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 806 യൂണിറ്റിൽ നിന്ന് ഗണ്യമായ വർധനവാണ് കമ്പനിക്കുണ്ടായിരിക്കുന്നത്.

2. ഒഖിനാവ ഓട്ടോടെക്
ഫെബ്രുവരിയിൽ ഇന്ത്യയിലെ മികച്ച ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളുടെ പട്ടികയിൽ ഒഖിനാവ ഓട്ടോടെക് രണ്ടാം സ്ഥാനത്ത് തുടരുന്നു. ജനുവരിയെ അപേക്ഷിച്ച് കഴിഞ്ഞ മാസം 5,923 യൂണിറ്റുകൾ രജിസ്റ്റർ ചെയ്ത കമ്പനിയുടെ വിൽപ്പനയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് 1,067 യൂണിറ്റുകൾ മാത്രം വിൽക്കാൻ കഴിഞ്ഞപ്പോൾ വിൽപ്പനയിൽ ഇത് അഞ്ചിരട്ടിയിലധികം വർധനവാണ് നേടിയെടുത്തത്. Okhi 90 എന്ന പേരിൽ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡിപ്പോൾ. ഓല S1 പ്രോ പോലുള്ള എതിരാളികളെ നേരിടാനാണ് ഇത് ലക്ഷ്യമിടുന്നത്.

ഒഖിനാവ കഴിഞ്ഞ വർഷം 29,945 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് നിരത്തിലെത്തിച്ചത്. ഈ വർഷം ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ 11,536 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഇതിനകം വിറ്റഴിച്ചിട്ടുണ്ട്. ഒഖിനാവയും ഈ വർഷം അതിന്റെ വിൽപ്പന ഇരട്ടിയാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. പ്രത്യേകിച്ചും പുതിയ മോഡലുകൾ വരും ദിവസങ്ങളിൽ അവതരിപ്പിക്കുന്നതിനാൽ.

1. ഹീറോ ഇലക്ട്രിക്
ഫെബ്രുവരിയിൽ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളുടെ വിൽപ്പന കണക്കുകളിൽ ഹീറോ ഇലക്ട്രിക് തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം 7,356 യൂണിറ്റ് ഇലക്ട്രിക് ഇവികളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് ബ്രാൻഡിന്റെ വിൽപനയിൽ മൂന്നിരട്ടിയിലധികം വർധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഹീറോ ഇലക്ട്രിക് വിറ്റത് 2,194 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ മാത്രമാണ്. എന്നിരുന്നാലും ബ്രാൻഡ് 7,763 യൂണിറ്റുകൾ വിറ്റ ഈ വർഷം ജനുവരിയെ അപേക്ഷിച്ച് ഹീറോ ഇലക്ട്രിക് വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2021-ൽ ഹീറോ ഇലക്ട്രിക് 46,260 യൂണിറ്റ് ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റു. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ 30 ശതമാനത്തിലധികം വിപണി വിഹിതമുള്ള കമ്പനി ഈ വർഷം 2021 ലെ വിൽപ്പന കണക്കുകൾ മെച്ചപ്പെടുത്തുന്നതിനുള്ള സൂചനകൾ കാണിക്കുന്നു. ആദ്യ രണ്ട് മാസത്തിനുള്ളിൽ 15,000 യൂണിറ്റുകൾ ഹീറോ വിറ്റഴിച്ചു. ഈ നിരക്കിൽ ഈ വർഷം വിൽപ്പന ഇരട്ടിയാക്കാൻ അവർക്ക് കഴിയും.


Click it and Unblock the Notifications








