Ather 450X Gen 3 ഇലക്‌ട്രിക് സ്‌കൂട്ടറിലെ പുതിയ മാറ്റങ്ങൾ എന്തെല്ലാമെന്ന് അറിയേണ്ടേ?
പുതിയ മൂന്നാംതലമുറ 450X ഇലക്‌ട്രിക് സ്‌കൂട്ടറിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഏഥർ എനർജി. നിരവധി മാറ്റങ്ങളുമായി എത്തുന്ന മോഡലിലേക്ക് വലിയ ബാറ്ററിയും കൂടുതൽ റാൻഡം ആക്‌സസ് മെമ്മറിയും (റാം) വീതിയേറിയ പിൻ ടയറുമെല്ലാമാണ് കമ്പനി പരിചയപ്പെടുത്തുന്നത്.

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി പുറത്തിറക്കിയ പുത്തൻ 450X ജെൻ 3 മോഡലിലെ പുത്തൻ മാറ്റങ്ങളെ ഒന്ന് അടുത്ത് പരിചയപ്പെട്ടാലോ?

വലിയ ബാറ്ററി
പുതിയ ഏഥർ 450X ജെൻ 3 പതിപ്പിലെ ഏറ്റവും വലിയ പരിഷ്ക്കാരം പുതിയ ബാറ്ററി പായ്ക്കാണ്. ഇത് രണ്ടാം തലമുറ മോഡലിനേക്കാൾ 25 ശതമാനം വലുതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബ്രാൻഡ് ഇലക്ട്രിക് സ്കൂട്ടറിൽ ഇപ്പോൾ 3.7kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്.

ഇത് ദീർഘദൂരവും മികച്ച തെർമൽ മാനേജ്മെന്റും വാഗ്ദാനം ചെയ്യുന്നുവെന്നും ഏഥർ എനർജി പറയുന്നു. ഇക്കോ മോഡിൽ പുതിയ 450X ജെൻ 3 ഇലക്‌ട്രിക് സ്‌കൂട്ടറിന് 146 കിലോമീറ്റർ IDC റേഞ്ച് നേടാൻ കഴിയും. അതേസമയം യഥാർഥ റേഞ്ച് ഒറ്റ ചാർജിൽ 105 കിലോമീറ്റർ ആണ്. ഇത് സ്‌കൂട്ടറിന്റെ മുൻഗാമി നൽകിയികുന്ന 85 കിലോമീറ്ററിനെ അപേക്ഷിച്ച് 20 കീ.മീ. വർധനവാണ്.

മെച്ചപ്പെട്ട ഹാർഡ്‌വെയർ
വലിയ ബാറ്ററി പായ്ക്കിന് പുറമെ പുതിയ ഏഥർ 450X ജെൻ 3 പതിപ്പിന് മികച്ച ഗ്രിപ്പ് നൽകുമെന്ന് അവകാശപ്പെടുന്ന വിശാലമായ 100/80-സെക്ഷൻ പിൻ ടയറും ലഭിക്കുന്നു. നനഞ്ഞ അവസ്ഥയിൽ മികച്ച ഗ്രിപ്പ് നൽകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പരിഷ്‌കരിച്ച ട്രെഡ് പാറ്റേണും ടയറുകൾക്ക് ലഭിക്കും.

മറ്റൊരു മാറ്റത്തിൽ പുതിയ റിയർ വ്യൂ മിററുകളും ഇലക്‌ട്രിക് സ്‌കൂട്ടറിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. അവ കൂടുതൽ വിശ്വസനീയവും മികച്ച കാഴ്ച്ചയും വാഗ്ദാനം ചെയ്യുന്നു. സ്‌കൂട്ടറിന്റെ ഒരു വശത്ത് ഇരുകാലുകളും വെച്ച് ഇരിക്കാൻ താൽപ്പര്യപ്പെടുന്ന പില്യൺ യാത്രക്കാർക്കായി 450X ജെൻ 3 ഇവി ഒരു പുതിയ സൈഡ് സ്റ്റെപ്പും അവതരിപ്പിച്ചിട്ടുണ്ട്.

സിംഗിൾ-കാസ്റ്റ് അലുമിനിയം കൊണ്ടാണ് പുതിയ സൈഡ് സ്റ്റെപ്പ് നിർമിച്ചിരിക്കുന്നത്. പുതിയ 450X മോഡലിന് മുൻ പതിപ്പിലെ ഒരു ജിഗാബൈറ്റിന് പകരം രണ്ട് ജിഗാബൈറ്റ് റാമും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവുമാണ് (TPMS) ലഭ്യമായേക്കുന്ന മറ്റൊരു പരിഷ്ക്കാരം.

ഡിസൈൻ
ഏഥർ 450X ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചർ ലിസ്റ്റ് മെച്ചപ്പെടുത്തിയെങ്കിലും സ്റ്റൈലിംഗിൽ മാറ്റമൊന്നും അവതരിപ്പിക്കാൻ ബ്രാൻഡ് തയാറായിട്ടില്ല. 450X ജെൻ 3 പതിപ്പും ഒരു ഏപ്രോൺ മൗണ്ടഡ് ഹെഡ്‌ലൈറ്റ്, സ്ലീക്ക് LED DRL-കൾ, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, എൽഇഡി ലൈറ്റിംഗോടുകൂടിയ 22-ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് എന്നിവ വാഗ്‌ദാനം ചെയ്യുന്നത് തുടരുന്നു.

കളർ ഓപ്ഷനിലും കമ്പനി കൂടുതൽ മാറ്റങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. സ്പേസ് ഗ്രേ, വൈറ്റ്, മിന്റ് ഗ്രീൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത നിറങ്ങളിൽ തന്നെയാണ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇപ്പോഴും തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

മുൻ മോഡലിൽ നിന്ന് നിലനിർത്തിയിരിക്കുന്ന ഹാർഡ്‌വെയറിൽ ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക്, രണ്ട് വീലുകളിലും സിംഗിൾ ഡിസ്‌ക് ബ്രേക്കുകൾ, കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം, ബെൽറ്റ്-ഡ്രൈവ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നുമുണ്ട്.

അതേ പവർ കണക്കുകൾ
ഏഥർ 450X ജെൻ 3 പതിപ്പിന്റെയും പവർ ഔട്ട്പുട്ട് 6.2kW അല്ലെങ്കിൽ 8.7 bhp ആയി തുടരുമ്പോൾ റൈഡിംഗ് മോഡുകളിൽ അഞ്ച് ലെവലുകൾ ഉൾപ്പെടുന്നുണ്ട് എന്നതാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. അതിൽ ഇക്കോ. സ്മാർട്ട്ഇക്കോ, റൈഡ്, സ്പോർട്ട്, വാർപ്പ്, പുതിയ 'സ്മാർട്ട് ഇക്കോ മോഡ്' എന്നിവയാണ് കമ്പനി ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

വില
രണ്ടാം തലമുറ മോഡലിനേക്കാൾ ഉയർന്നതല്ലെങ്കിലും അപ്‌ഡേറ്റുകൾക്കായി ഉയർന്ന വില തന്നെ മുടക്കേണ്ടി വരും. പുതിയ ഏഥർ 450X ജെൻ 3 ഇലക്‌ട്രിക് സ്‌കൂട്ടറിനായി 155,657 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഇത് മുൻഗാമിയേക്കാൾ 5,000 രൂപ കൂടുതലാണ്. പുതിയ മോഡലിനായുള്ള ബുക്കിംഗ് രാജ്യത്തുടനീളം കമ്പനി ആരംഭിച്ചിട്ടുമുണ്ട്.


Click it and Unblock the Notifications








