Royal Enfield Super Meteor 650 ക്രൂയിസറിന്റെ ഇക്കാര്യങ്ങളെ കുറച്ച് അറിയാമോ?
മിലാനിൽ നടക്കുന്ന EICMA ഷോയിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളായിരുന്നു സൂപ്പർ മീറ്റിയർ 650. നവംബർ 18-ന് ഗോവയിൽ ആരംഭിക്കുന്ന റൈഡർ മാനിയ ഇവന്റിൽ ബൈക്കിന്റെ ഇന്ത്യൻ അരങ്ങേറ്റവും നടക്കും.
ഏറെക്കാലമായി ടൂറിംഗ് പ്രേമികളെല്ലാം കാത്തിരിക്കുന്ന മോട്ടോർസൈക്കിളായിരുന്നു സൂപ്പർ മീറ്റിയോർ 650. ഒട്ടേറെ പ്രത്യേകതകളുമായി വിപണിയിൽ എത്തുന്ന പ്രീമിയം ക്രൂയിസറിന്റെ ഔദ്യോഗിക വിലകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ബൈക്കിനെ കുറിച്ചുള്ള ചില കാര്യങ്ങൾ ഒന്നു പറഞ്ഞു തരാം.

സീറ്റ് ഹൈറ്റ്, ഗ്രൗണ്ട് ക്ലിയറൻസ്, ഭാരം
ഒരു ആധികാരിക ക്രൂയിസർ ശൈലിയിലുള്ള മോട്ടോർസൈക്കിൾ ആയതിനാൽ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 മോഡലിന് കുറഞ്ഞ 740 മില്ലീമീറ്റർ സീറ്റ് ഹൈറ്റ് മാത്രമാണ് കമ്പനി നൽകിയിരിക്കുന്നത്. അതിനാൽ റിലാക്‌സ്ഡ് ഫോർവേഡ് സെറ്റ് ഫുട്‌പെഗ് പൊസിഷനിംഗും യാത്രകൾ കൂടുതൽ സുഖകരമാക്കും. ഉയരം കുറഞ്ഞ റൈഡർമാർക്ക് പോലും തികച്ചും അനുയോജ്യമാകുന്ന രീതിയിലാണ് ബൈക്ക് ഒരുക്കിയെടുത്തിരിക്കുന്നത്. 241 കിലോഗ്രാം ഭാരമുള്ള ആധുനിക റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിൽ ഏറ്റവും ഭാരമേറിയ മോഡലും പുതിയ സൂപ്പർ മീറ്റിയോർ 650 പ്രീമിയം ക്രൂയിസറാണ്. 135 മില്ലീമീറ്ററിന്റെ കുറഞ്ഞ ഗ്രൗണ്ട് ക്ലിയറൻസ് ആയിരിക്കും ഇന്ത്യൻ നിരത്തുകളെ സംബന്ധിച്ചിടത്തോളം പ്രധാന ആശങ്ക.
വേരിയന്റുകൾ രണ്ട്
സ്റ്റാൻഡേർഡ്, ടൂറർ വേരിയന്റുകളിൽ സൂപ്പർ മീറ്റിയോർ 650 വിപണിയിൽ എത്തുക. ആദ്യത്തേത് ആസ്ട്രൽ, ഇന്റർസ്റ്റെല്ലാർ കളർ ഓപ്ഷനുകളിൽ ലഭ്യമാവുമ്പോൾ രണ്ടാമത്തേതിന് സെലസ്റ്റിയൽ എക്സ്റ്റീരിയർ ബോഡി കളറുകളാവും റോയൽ എൻഫീൽഡ് ഒരുക്കുക. വലിയ സുതാര്യമായ വിൻഡ്‌സ്‌ക്രീനും ഒരു പില്യൺ ബാക്ക്‌റെസ്റ്റും ടൂററിന്റെ സവിശേഷതയാണ്. ആസ്ട്രൽ മൂന്ന് കളർ ഓപ്ഷനുകളിലും മറ്റ് രണ്ടെണ്ണം രണ്ട് നിറങ്ങളിലുമാണ് വരുന്നതെന്ന് സാരം. ബൈക്കിന്റെ വില ഏതാണ്ട് 4 ലക്ഷം രൂപയോളം വരുമെന്നാണ് ലഭിക്കുന്ന സൂചനകളും.

പുതിയ പ്ലാറ്റ്ഫോം
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെട്രോ ക്ലാസിക് നിർമാതാക്കളായ റോയൽ എൻഫീൽഡ് പറയുന്നത് അനുസരിച്ച് സൂപ്പർ മീറ്റിയർ 650 ഒരു പുതിയ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചെടുത്തിരിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ, ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ GT650 എന്നിവയേക്കാൾ നീളമുള്ള വീൽബേസ് വലിപ്പം വർധിപ്പിക്കാൻ ഏറെ സഹായകരമായിട്ടുണ്ട്. 100/90 സെക്ഷൻ 19 ഇഞ്ച് ഫ്രണ്ട്, വൈഡ് 150/80 സെക്ഷൻ 16 ഇഞ്ച് റിയർ വീലുകൾ, വലിയ 300 mm പിൻ ഡിസ്ക് ബ്രേക്കുകൾ എന്നിവ ക്രൂയിസറിന്റെ പ്രീമിയം ലെവൽ ഉയർത്തുന്നുമുണ്ട്.
പുത്തൻ ഫീച്ചറുകൾ
ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിളിൽ നിരവധി പുതുമയാർന്ന ഫീച്ചറുകളാണ് റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്. ഇതിൽ തന്നെ ആദ്യമായാണ് ബ്രാൻഡിന്റെ ഒരു മോഡലിൽ അപ്സൈഡ് ഡൗൺ ഫോർക്കുകൾ ഇടംപിടിക്കുന്നതു തന്നെ. ഷോവയിൽ നിന്നുള്ള 43 mm USD ഫ്രണ്ട് ഫോർക്കുകളാണ് ഈ യൂണിറ്റ്. ഇതുകൂടാതെ ആദ്യമായി എൽഇഡി ഹെഡ്‌ലാമ്പും ഒരു എൻഫീൽഡ് ബൈക്കിൽ എത്തുന്നുവെന്നതും ഹൈലൈറ്റാണ്.

സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിന്റെ സ്വിച്ച് ക്ലസ്റ്ററിലേക്ക് കാസ്റ്റ് അലുമിനിയം ഫിനിഷും റോയൽ എൻഫീൽഡ് സമ്മാനിച്ചിട്ടുണ്ട്. കൂടാതെ ട്രിപ്പർ നാവിഗേഷൻ സിസ്റ്റം 650 സിസി റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിൽ ആദ്യമായി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും. സ്ലിപ്പർ/അസിസ്റ്റ് ക്ലച്ച്, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം, സെമി-ഡിജിറ്റൽ കൺസോൾ എന്നിവയാണ് മോഡലിന്റെ മറ്റ് പ്രധാന ഹൈലൈറ്റുകൾ.
എഞ്ചിൻ
47 bhp കരുത്തിൽ പരമാവധി 52 Nm torque ഉത്പാദിപ്പിക്കുന്ന പരിചിതമായ 648 സിസി പാരലൽ ട്വിൻ സിലിണ്ടർ എയർ-ഓയിൽ-കൂൾഡ് എഞ്ചിനാണ് സൂപ്പർ മീറ്റിയർ 650 പതിപ്പിന് കരുത്ത് പകരുന്നത്. എന്നാൽ റെവ് ശ്രേണിയിൽ പീക്ക് ടോർക്ക് 500 rpm-ൽ വികസിപ്പിച്ചെടുക്കുകയും പരമാവധി ടോർക്കിന്റെ 80 ശതമാനം 2,500 rpm വരെ ലഭിക്കുമെന്നും റോയൽ എൻഫീൽഡ് പറയുന്നു. ഈ ക്രൂയിസറിന് ബെസ്‌പോക്ക് എഞ്ചിൻ മാപ്പിംഗ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റെട്രോ മോട്ടോർസൈക്കിൾ നിർമാതാക്കൾ അവകാശപ്പെടുന്ന മറ്റൊരു കാര്യം.


Click it and Unblock the Notifications








