ചെറിയ പണിയുണ്ട് മക്കളേ... എത്തിയോസും യാരിസും ഒന്ന് തിരികെയെത്തിക്കാൻ ആവശ്യപ്പെട്ട് Toyota
ടൊയോട്ട എന്നാൽ വിശ്വാസത്തിന്റെ പര്യായപദമായാണ് ഇന്ത്യയിലെ ആളുകൾ കാണുന്നത്. ഒരു സാധാരണക്കാരന് നന്നേ വിശ്വസിച്ച് കൂടെകൂട്ടാനാവുന്ന കാറുകൾ പുറത്തിറക്കിയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ ഈ പേര് സ്വന്തമാക്കിയതും.
എത്ര കിലോമീറ്റർ ഓടിയാലും അതിന്റെയൊന്നും ക്ഷീണം കാണിക്കാനും ടൊയോട്ട മോഡലുകൾക്കറിയില്ല. അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് ഇന്നും നിരത്തുകളിൽ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന ക്വാളിസും, ഇന്നോവയും, എത്തിയോസുമെല്ലാം. മെയിന്റനെൻസിന്റെ കാര്യത്തിലായും പോക്കറ്റ് സുരക്ഷിതമായിരിക്കും.

അത്രയേറെ മികച്ച വിൽപ്പനാനന്തര സേവനവും സർവീസുമെല്ലാമാണ് ഇന്ത്യയിൽ എന്നല്ല, ലോകത്തു തന്നെ ടൊയോട്ട നൽകി വരുന്നത്. ദേ ഇപ്പോൾ എത്തിയോസ്, യാരിസ് സെഡാനുകളുടെ തെരഞ്ഞെടുത്ത യൂണിറ്റുകൾ സ്വമേധയാ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM). രണ്ടും ആഭ്യന്തര വിപണിയിൽ നിന്നും നിർത്തലാക്കിയ കാറുകളാണെങ്കിലും അവയുടെ മികച്ച പ്രവർത്തനം ഉറപ്പുവരുത്തേണ്ടത് കമ്പനിയുടെ ആവശ്യമാണ്.
ടൊയോട്ട പറയുന്നതനുസരിച്ച്, രണ്ട് മോഡലുകളും സംയോജിപ്പിച്ച് മൊത്തം 47 യൂണിറ്റുകളെ ഈ തിരിച്ചുവിളിക്കൽ ക്യാമ്പയിൻ ബാധിച്ചേക്കാം. മൊത്തം 47 യൂണിറ്റുകളെ ബാധിച്ചേക്കാവുന്ന സീറ്റ് ബെൽറ്റ് അസംബ്ലിയിലെ പ്രശ്‌നം കാരണം 2022 ഓഗസ്റ്റ് 18 നും സെപ്റ്റംബർ 27 നും ഇടയിൽ വിറ്റുപോയ യാരിസ്, എത്തിയോസ് മോഡലുകൾക്കായാണ് തിരിച്ചുവിളിക്കൽ ബാധകമാവുകയെന്നാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
സീറ്റ് ബെൽറ്റ് അസംബ്ലിയിലെ പ്രശ്‌നം ബാധിച്ച ഭാഗത്ത് ഇതുവരെ തകരാറുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബ്രാൻഡ് കൂട്ടിച്ചേർത്തു. എന്നാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നം ഗുരുതരമാവാതിരിക്കാനാണ് ഇപ്പോൾ എത്തിയോസ്, യാരിസ് സെഡാനുകളെ തിരിച്ചുവിളിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി, ടൊയോട്ട ഇന്ത്യ ഉപഭോക്താക്കൾക്ക് സൗജന്യമായി ബന്ധപ്പെട്ട പാർട്‌സുകൾ മാറ്റിസ്ഥാപിക്കുന്നതിനായി പ്രസ്തുത വാഹനങ്ങൾ മുൻകൂട്ടി തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്.
ഈ തിരിച്ചുവിളിക്കൽ ക്യാമ്പയിനിന് കീഴിലുള്ള സബ്ജക്റ്റ് വാഹനങ്ങളുടെ ഉടമകളെ അംഗീകൃത ടൊയോട്ട ഡീലർമാർ, ഭാഗം പരിശോധിക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനും (ആവശ്യമെങ്കിൽ) വ്യക്തിഗതമായി ബന്ധപ്പെടും. 2020 ഏപ്രിലോടെയാണ് എത്തിയോസ് ശ്രേണിയെ ടൊയോട്ട ഇന്ത്യയിൽ നിർത്തലാക്കുന്നത്. രാജ്യത്ത് നടപ്പിലായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായാണ് വാഹനത്തെ കമ്പനി നിർത്തലാക്കുന്നത്. ഒരു ദശാബ്ദത്തിലേറെയായി ടൊയോട്ടയുടെ ഏറ്റവും താങ്ങാനാവുന്ന കാറുകളുടെ ശ്രേണിയായാണ് എത്തിയോസ് മോഡലുകൾ അറിയപ്പെട്ടിരുന്നത്.
ഇന്നും സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും വൻ ഡിമാന്റാണ് ഈ കാറിനുളളത്. അതേസമയം പുറത്തിറങ്ങിയ കാലം മുതൽ സെഗ്‌മെന്റിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായിരുന്നു യാരിസ്. മികച്ച ഫീച്ചറുകളും കിടിലൻ നിർമാണ നിലവാരവുമായി എത്തിയ യാരിസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു കുറഞ്ഞ മെയിന്റനെൻസ് ചെലവ്. എന്നാൽ ആളുകൾ വേണ്ടത്ര ശ്രദ്ധിക്കാതെ പോയ വാഹനമായിരുന്നു ഈ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ.
ഈ വർഷം സെപ്റ്റംബർ മുതലാണ് യാരിസിനെ വിപണിയിൽ ഇനി എത്തിക്കില്ലെന്ന വിവരം ടൊയോട്ട ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. പെട്രോൾ എൻജിനോടെ മാത്രമായിരുന്നു യാരിസ് വിപണിയിലെത്തിയത്. ഡീസൽ എഞ്ചിൻ ശ്രേണിയിൽ ഇല്ലാതെ പോയതാണ് മോഡലിന് തിരിച്ചടിയായതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പോരാത്തതിന് എസ്‌യുവി വാഹനങ്ങളുടെ അതിപ്രസരവും യാരിസിന് പ്രഹരമായിരുന്നു.


Click it and Unblock the Notifications








