സൂപ്പർബൈക്ക് വിപണി പിടിക്കാൻ വരുന്നു പുതിയ Triumph Street Triple 765; ബുക്കിംഗ് ആരംഭിച്ചു
ഇന്ത്യൻ വിപണിക്കായി തങ്ങളുടെ ഏറ്റവും പുതിയ സ്ട്രീറ്റ് ട്രിപ്പിൾ 765 ശ്രേണി പുറത്തിറക്കാൻ പോവുന്നെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ്. ഇതിന്റെ ഭാഗമായി മോഡുകൾക്കായുള്ള പ്രീ-ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയെന്നും കമ്പനി അറിയിച്ചു. വാഹനം വാങ്ങാൻ താത്പര്യം ഉള്ള ഉപഭോക്താക്കൾക്ക് രാജ്യത്തെ എല്ലാ ട്രയംഫ് ഡീലർഷിപ്പുകളിലും ഈ പ്രീമിയം ബൈക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം.
പുതിയ സ്ട്രീറ്റ് ട്രിപ്പിൾ 765 ശ്രേണിയുടെ പ്രീ-ബുക്കിംഗ് തുക 50,000 രൂപ ആയാണ് ട്രയംഫ് നിശ്ചയിച്ചിരിക്കുന്നത്. സ്ട്രീറ്റ് ട്രിപ്പിൾ R, RS എന്നീ രണ്ട് പതിപ്പുകളിൽ മോട്ടോർസൈക്കിൾ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് ഇപ്പോൾ ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. എന്നാൽ ട്രയംഫ് Moto2 പതിപ്പിന്റെ 765 യൂണിറ്റുകൾ മാത്രമേ നിർമിക്കൂ എന്നതിനാൽ അവയൊന്നും ഇന്ത്യയ്ക്കായി അനുവദിച്ചിട്ടില്ല. പുതിയ മോട്ടോർസൈക്കിളുകൾ 2023 മാർച്ചിൽ വിപണിയിൽ പുറത്തിറങ്ങും. തുടർന്ന് ബുക്ക് ചെയ്‌ത ഉപഭോക്താക്കൾക്കായുള്ള ഡെലിവറികൾ 2023 ഏപ്രിലിൽ മാസം ആരംഭിക്കുമെന്നും ട്രയംഫ് അവകാശപ്പെട്ടിട്ടുണ്ട്.

പുത്തൻ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ 765 നേക്കഡ് മിഡിൽവെയ്റ്റ് മോട്ടോർസൈക്കിൾ കഴിഞ്ഞ മാസമാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നതും കാര്യമായ അപ്‌ഡേറ്റുകൾ സ്വീകരിക്കുകയും ചെയ്‌തത്. സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിയിലെ ഏറ്റവും വലിയ പരിഷ്ക്കാരം അതിന്റെ എഞ്ചിനിലാണ് നടപ്പിലാക്കിയിരിക്കുന്നത്. എഞ്ചിന് ഇപ്പോൾ ഒരു പുതിയ കമ്പ്യൂഷൻ ചേമ്പർ, വർധിച്ച കംപ്രഷൻ അനുപാതം, വർധിച്ച സിലിണ്ടർ പ്രഷർ പരിധികൾ, പുതിയ പിസ്റ്റണുകൾ എന്നിവ ലഭിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.
765 സിസി ട്രിപ്പിൾ സിലിണ്ടർ സ്ട്രീറ്റ് ട്രിപ്പിൾ R വേരിയന്റിൽ പുതിയ എഞ്ചിൻ പരമാവധി 118 bhp കരുത്തിൽ 80 Nm torque നൽകുമ്പോൾ സ്ട്രീറ്റ് ട്രിപ്പിൾ RS-ൽ 128 bhp പവറിൽ അതേ ടോർക്ക് കണക്കുകളും ലഭ്യമാവും. മെച്ചപ്പെട്ട ആക്സിലറേഷനും പ്രതികരണശേഷിക്കും വേണ്ടി മോട്ടോർസൈക്കിളിന്റെ ഗിയറിംഗും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. ട്രയംഫ് കോർണറിംഗ് എബിഎസും സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോളും ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നും പറയുന്നു.
റോഡ്, റെയിൻ, സ്‌പോർട് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് നേക്കഡ് മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളായ സ്ട്രീറ്റ് ട്രിപ്പിൾ R വേരിയന്റിനുള്ളത്. അതേസമയം മറുവശത്ത് RS വേരിയന്റിന് റോഡ്, റെയിൻ, സ്‌പോർട്ട്, റൈഡർ, ട്രാക്ക് എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകൾ ലഭിക്കും. ബ്ലൂടൂത്ത് പ്രവർത്തനക്ഷമത, ഷിഫ്റ്റ് അസിസ്റ്റ് അപ്പ് ആൻഡ് ഡൌൺ ക്വിക്ക് ഷിഫ്റ്റർ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഇമോബിലൈസർ തുടങ്ങിയവ ഈ പ്രീമിയം ക്ലാസി ബൈക്കിലെ പ്രധാന സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു.
പുതിയ സ്ട്രീറ്റ് ട്രിപ്പിൾ 765 ശ്രേണിക്ക് മികച്ച എർഗണോമിക്‌സ് ഉണ്ടെന്നാണ് ട്രയംഫ് അവകാശപ്പെടുന്നത്. ഇത് ബൈക്കിന്റെ മികച്ച റൈഡിംഗ് അനുഭവം ഉറപ്പാക്കുന്നുണ്ട്. സ്ട്രീറ്റ് ട്രിപ്പിൾ R, RS മോഡലുകൾക്ക് 12 mm വീതിയേറിയ ഹാൻഡിൽബാറുകൾ ലഭിക്കും. മോട്ടോർസൈക്കിളുകൾക്ക് പൂർണമായി ക്രമീകരിക്കാവുന്ന സസ്പെൻഷനും ഭാരം കുറഞ്ഞ ഷാസിയും മെച്ചപ്പെട്ട പവർ-ടു-വെയ്റ്റ് അനുപാതവും സമ്മാനിക്കുന്നുണ്ട്. സ്ട്രീറ്റ് ട്രിപ്പിൾ RS ട്രാക്ക്-റെഡി പിറെലി ടയറുകളിൽ നിരത്തിലെത്തുമ്പോൾ സ്ട്രീറ്റ് ട്രിപ്പിൾ ആറിന് കോണ്ടിനെന്റൽ ടയറുകളാണ് ലഭിക്കുന്നത്.
ഡിസൈനിന്റെ കാര്യത്തിൽലേക്ക് നോക്കിയാൽ പുതിയ സ്ട്രീറ്റ് ട്രിപ്പിൾ നേക്കഡ് മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളുകളുടെ അടിസ്ഥാന രൂപഘടന അതേപടി തുടരുകയാണ് ചെയ്‌തിരിക്കുന്നത്. എന്നാൽ ചില സൂക്ഷ്മമായ സ്റ്റൈലിംഗ് അപ്ഡേറ്റുകൾ ബൈക്കിനെ പുതുമയുള്ളതാക്കുന്നു എന്നു വേണം പറയാൻ. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ 15 ലിറ്റർ മസ്‌കുലാർ ഫ്യുവൽ ടാങ്ക്, പുതുക്കിയ റേഡിയേറ്റർ കൗളുകൾ, പുതിയ ചങ്കി സൈലൻസർ എന്നിവയും ഇതിന് ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.
സ്ട്രീറ്റ് ട്രിപ്പിൾ ഉടമകൾക്ക് ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഫോൺ കൺട്രോൾ, മ്യൂസിക് ഓപ്പറേഷൻ എന്നിവ ആക്‌സസറി-ഫിറ്റ് ബ്ലൂടൂത്ത് മൊഡ്യൂളിലൂടെയും സൗജന്യ മൈ ട്രയംഫ് ആപ്പിലൂടെയും ആക്‌സസ് ചെയ്യാൻ കഴിയും. ലാപ് ടൈമറും ഉൾപ്പെടുത്തിയിട്ടുണ്ട്. RS വേരിയന്റിന് ഒരു പുതിയ കളർ-കോഡഡ് ബെല്ലി പാൻ ഉണ്ട്. ഇത് R മോഡലിൽന് ഒരു ആക്സസറി ഓപ്ഷനായി തെരഞ്ഞെടുക്കാം. പുതിയ സ്ട്രീറ്റ് ട്രിപ്പിളിന്റെ പിൻഭാഗത്തിന് ഫോക്കസ്ഡ്, നോസ്-ഡൌൺ ലുക്ക് നൽകുന്നതിന് പുതിയ സ്പോർട്ടി, അപ്‌സ്‌വെപ്പ് ഡിസൈനാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പരസ്പരം മാറ്റാവുന്ന പില്യൺ സീറ്റുള്ള കളർ കോഡഡ് സീറ്റ് കൗൾ ആണ് RS-ന്റെ മറ്റൊരു സവിശേഷത.


Click it and Unblock the Notifications








