എൻടോർഖിന്റെ പുതിയ XT വേരിയന്റ് വിപണിയിൽ അവതരിപ്പിച്ച് TVS, വില 1.03 ലക്ഷം രൂപ
ജനപ്രിയമായ എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിച്ച് ടിവിഎസ്. നിരവധി പുതുമകളുമായി എത്തുന്ന സ്പോർട്ടി സ്‌കൂട്ടറിന് 1,02,823 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളാൽ നിറഞ്ഞതാണ് എൻടോർഖ് XT പതിപ്പ് എന്ന് എടുത്തുപറയേണ്ട കാര്യമാണ്. നിലവിലെ ടോപ്പ് എൻഡ് വേരിയന്റായ റേസ് XP എഡിഷനേക്കാൾ 13,600 രൂപ കൂടുതലാണ് പുതുതായി എത്തിയ എൻടോർഖ് XT മോഡലിന്റെ വിലയെന്നതും ശ്രദ്ധേയമാണ്.

ഈ അധിക വിലയെ ന്യായാകരിക്കുന്നതിനായി സ്കൂട്ടറിന് മറ്റ് വേരിയന്റുകളേക്കാൾ ഒരു കൂട്ടം അധിക ഫീച്ചറുകളാണ് ടിവിഎസ് പരിചയപ്പെടുത്തിയിരിക്കുന്നത്. 125 സിസി സെഗ്‌മെന്റിലെ ഏറ്റവും സ്‌പോർട്ടി മോഡലുകളിൽ ഒന്നാണ് എൻടോർഖ്. ഈ പുതിയ XT വേരിയന്റ് കൂടുതൽ ആകർഷകമാക്കാൻ നിരവധി ശ്രമങ്ങളും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

സ്റ്റൈലിംഗിന്റെ കാര്യത്തിൽ സ്കൂട്ടറിനെ നിയോൺ ഗ്രീൻ എന്ന പുതിയ കളർ ഓപ്ഷനിലാണ് ടിവിഎസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇത് ശ്രേണിയിലെ മറ്റ് വകഭേദങ്ങളിൽ നിന്ന് വേറിട്ടുനിൽക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. എന്നിരുന്നാലും സ്കൂട്ടറിന്റെ രൂപകല്പന ടിവിഎസ് അതേപടി നിലനിർത്തിയിട്ടുണ്ട്.

ഇൻസ്ട്രുമെന്റ് കൺസോളിലും വശങ്ങളിലും നീല നിറത്തിൽ XT അക്ഷരങ്ങൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഇത് ലൈനപ്പിലെ മറ്റ് വേരിയന്റുകളിൽ നിന്നും വേറിട്ടുനിർത്താനും സഹായകരമായിട്ടുണ്ട്. ഇതിന് ഒരു പ്രത്യേക ആകർഷണം നൽകുന്ന ഒരു പുതിയ അലോയ് വീലുകളും ലഭിക്കുന്നു. രസകരമായ രൂപത്തിലുള്ള ഗ്രാഫിക്സ് സ്കൂട്ടറിന്റെ സ്പോർട്ടി സ്വഭാവത്തെ എടുത്തുകാണിക്കുന്നുണ്ട്.

എൻടോർഖിന്റെ ഈ പുതിയ ടോപ്പ് എൻഡ് വേരിയന്റിലേക്കുള്ള ഏറ്റവും വലിയ കൂട്ടിച്ചേർക്കൽ ഇരട്ട സ്‌ക്രീൻ ലേഔട്ടുള്ള ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളാണ്. ഈ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഒരു ലാപ് ടൈമർ ഫംഗ്‌ഷൻ വരെ അവതരിപ്പിക്കുന്നുവെന്നതാണ് ശ്രദ്ധേയം. കൂടാതെ സ്പീഡോ മീറ്ററിനായുള്ള ബോൾഡ് ഗ്രാഫിക്‌സ്, ഫ്യുവൽ ബാർ ഗ്രാഫ്, വാണിംഗ് ലൈറ്റുകൾ, ലാപ് ടൈമർ മുതലായവയും ഇത് പ്രദർശിപ്പിക്കുന്നുണ്ട്.

ശേഷിക്കുന്ന ഫീച്ചറുകൾ എൻടോർഖിന്റെ റേസ് XP എഡിഷനിൽ നിന്നും കടമെടുത്തതാണ്. SMARTXONNECT ആപ്പിന്റെ മികച്ച പതിപ്പാണ് എൻടോർഖ് XT വേരിന്റിൽ നൽകിയിരിക്കുന്നതെന്ന് ടിവിഎസ് അവകാശപ്പെടുന്നു. ഇതിൽ ഇപ്പോൾ SmartXtalk, SmartXtrack എന്നീ സവിശേഷതകളും ഉൾപ്പെടുന്നുണ്ട്. SMARTXONNECT SmartXtalk XT ഉടമയെ സ്കൂട്ടറുമായി സംസാരിക്കാൻ അനുവദിക്കും.

പുതിയ വേരിയന്റിലെ മെച്ചപ്പെട്ട വോയ്‌സ് അസിസ്റ്റ് ഫീച്ചർ മോഡുകൾ മാറ്റുന്നതിനും സ്‌ക്രീൻ ബ്രൈറ്റ്നെസ് ക്രമീകരിക്കുന്നതിനും ലക്ഷ്യസ്ഥാനത്തേക്ക് നാവിഗേറ്റ് ചെയ്യുന്നതിനും പാട്ടുകൾമാറ്റാനുമുള്ള കമാൻഡുകൾ വരെ സ്വീകരിക്കും. സ്‌കൂട്ടറിന് ഇപ്പോൾ പുതിയ ഫീച്ചറുകളോടെ റൈഡറോട് സംസാരിക്കാനാകും.

കുറഞ്ഞ ഫ്യുവൽ വാർണിംഗ്, ഫ്യുവൽ വേസ്റ്റേജ്, റെയ്ൻ വാർണിംഗ്, ലോ ഫോൺ ബാറ്ററി വാർണിംഗ് എന്നിവയും മറ്റും ഓഡിയോ ഫീഡ്‌ബാക്കിലൂടെ റൈഡർക്ക് എൻടോർഖ് XT നൽകും.

ടിവിഎസ് SMARTXONNECT SmartXtrack വെതർ, വാർത്തകൾ, ക്രിക്കറ്റ്, സോഷ്യൽ മീഡിയ അപ്‌ഡേറ്റുകൾ എന്നിവയെ കുറിച്ചുള്ള അറിയിപ്പുകൾ ട്രാക്ക് ചെയ്യാൻ സഹായിക്കും. സ്‌കൂട്ടർ സ്‌ക്രീനിൽ ദൃശ്യമാകുന്ന ഇൻകമിംഗ് കോളറിന്റെ ചിത്രത്തിനൊപ്പം ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ഇമേജും സജ്ജീകരിക്കാനാകും.

XT വേരിയന്റ് അവതരിപ്പിക്കുന്നതിന് മുമ്പ് എൻടോഖ് സ്റ്റാൻഡേർഡ്, റേസ്, സൂപ്പർ സ്ക്വാഡ്, റേസ് XP എന്നീ നാല് വകഭേദങ്ങളിൽ ലഭ്യമായിരുന്നു. പുതിയ XT വേരിയന്റിന് 10 bhp കരുത്തിൽ 10.8 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അതേ 125 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

125 സിസി സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ സ്‌കൂട്ടറാണ് എൻടോർഖ് 125. എന്നിരുന്നാലും മോഡലിന്റെ സ്റ്റാൻഡേർഡ് ശ്രേണിയിൽ ഇതേ എഞ്ചിന്റെ പവർ കുറഞ്ഞ യൂണിറ്റാണ് ടിവിഎസ് ഉപയോഗിക്കുന്നത്. ഇത്ത് 7000 rpm-ൽ 9.25 bhp കരുത്തും 5,500 rpm-ൽ 10.25 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. പുതിയ വേരിയന്റിൽ മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും തന്നെ കമ്പനി നടപ്പിലാക്കിയിട്ടില്ല.

മുന്നിൽ പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരൊറ്റ സ്പ്രിംഗ് യൂണിറ്റുമാണ് ഇതിൽ ഉൾപ്പെടുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് ഒരു ഡിസ്‌ക് ബ്രേക്കും പിന്നിൽ ഒരു ഡ്രം ബ്രേക്കും ഉപയോഗിച്ച് കോംബി ബ്രേക്കിംഗ് സിസ്റ്റമാണ് (സിബിഎസ്) ഇടംപിടിച്ചിരിക്കുന്നത്.

പുതിയ XT വേരിയന്റിന്റെ അവതരണത്തോടെ ഇറ്റാലിയൻ ബ്രാൻഡുകളായ അപ്രീലിയ, വെസ്പ എന്നിവയിൽ നിന്നുള്ള മോഡലുകൾ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വിലയുള്ള 125 സിസി സ്‌കൂട്ടറായി ടിവിഎസ് എൻടോർഖ് മാറും. നിലവിൽ 77,000 രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.


Click it and Unblock the Notifications








