ഇലക്‌ട്രിക് സൂപ്പർ ബൈക്ക് ഫ്രം ഇന്ത്യ, അൾട്രാവയലറ്റ് F77 ഇവിക്കായുള്ള ബുക്കിംഗ് ഇന്നു മുതൽ
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന F77 ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്ക് നിർമാതാക്കളായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ്. ഇ-മോട്ടോർസൈക്കിൾ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇന്നു മുതൽ 10,000 രൂപ ടോക്കൺ തുക നൽകി F77 പ്രീ-ബുക്ക് ചെയ്യാം.

അൾട്രാവയലറ്റ് F77 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഈ വർഷം നവംബർ 24 ന് പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് ബുക്കിംഗ് ആരംഭിക്കുന്നത്. ഇവിയുടെ വിലയെ സംബന്ധിച്ച് ഇതുവരെ ഒരു വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

അൾട്രാവയലറ്റ് F77 റോഡിൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി ഭാരം കുറഞ്ഞ ഫ്രെയിമാണ് ഉപയോഗിക്കുന്നത്. ഇ-ബൈക്കിന്റെ മോട്ടോർ മൗണ്ട് മുമ്പത്തേക്കാൾ 30 ശതമാനം ഭാരം കുറഞ്ഞതും രണ്ട് മടങ്ങ് കടുപ്പമുള്ളതും മികച്ച സ്ഥിരത ഉറപ്പാക്കുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് ബൈക്കിന്റെ ആദ്യ എക്‌സ്പീരിയൻസ് സോൺ ബാംഗ്ലൂരിൽ വരുമെന്നും തുടർന്ന് ഘട്ടം ഘട്ടമായി നെറ്റ്‌വർക്ക് വിപുലീകരിക്കുമെന്നുമെന്നുമാണ് അൾട്രാവയലറ്റ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്‌പോർട്‌സ് ബൈക്ക് ഒരു നിശ്ചിത ലിഥിയം-അയൺ ബാറ്ററി പായ്ക്കോടെയാണ് വരുന്നത്.

ആയതിനാൽ ഇതിന് മുമ്പത്തേതിനേക്കാൾ ഉയർന്ന ഊർജ്ജ സാന്ദ്രതയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഇത് കൂടുതൽ പവർ ഔട്ട്പുട്ടും ഗണ്യമായി മെച്ചപ്പെട്ട റേഞ്ചും നൽകുന്നതിനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. അതായത് അൾട്രാവയലറ്റ് F77 മോട്ടോർസൈക്കിൾ ഒറ്റ ചാർജിൽ 307 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്ന് സാരം.

ഒരു അലൂമിനിയം കെയ്‌സിംഗിനുള്ളിലെ ഈ ബാറ്ററി പായ്ക്ക് ഏതൊരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിലും ലഭിക്കുന്നതിൽ വെട്ട് ഏറ്റവും വലുതാണെന്നും ബ്രാൻഡ് അവകാശപ്പെടുന്നു. അഞ്ച് തലത്തിലുള്ള സുരക്ഷയും ഐഡിൾ എയർ കൂളിംഗും ഇതിലുണ്ട്.

എയ്‌റോസ്‌പേസ് സാങ്കേതികവിദ്യയും ഉപഭോക്തൃ സാങ്കേതികവിദ്യയും ഒരു പാക്കേജിൽ സംയോജിപ്പിച്ചാണ് ഇലക്ട്രിക് ബൈക്കിന്റെ പുതുക്കിയ ബാറ്ററി പായ്ക്ക് വരുന്നതെന്നാണ് ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്ക് നിർമാതാക്കളായ അൾട്രാവലയറ്റ് അവകാശപ്പെടുന്നത്.

മികച്ച പെർഫോമൻസിനായി ഈ ബൈക്കിന്റെ ട്രാൻസ്മിഷൻ കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. മികച്ച റൈഡിംഗ് സുഖവും മെച്ചപ്പെട്ട മൊത്തത്തിലുള്ള പ്രകടനവും ഉറപ്പാക്കുന്ന ഒരു അപ്‌ഡേറ്റ് ചെയ്ത സ്വിംഗ്‌ആം ആണ് F77 ഇലക്ട്രിക് സ്പോർട്‌സ് മോട്ടോർസൈക്കിളിൽ അൾട്രാവയലറ്റ് ഉപയോഗിച്ചിരിക്കുന്നത്.

അഞ്ച് വർഷം നീണ്ട ഗവേഷണത്തിനും വികസനത്തിനും ശേഷമാണ് ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്ക് വികസിപ്പിക്കുന്നത്. 190 രാജ്യങ്ങളിൽ നിന്ന് കുറഞ്ഞത് 70,000 പ്രീ-ലോഞ്ച് ബുക്കിംഗുകൾ ഈ ബൈക്കിന് ലഭിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

കമ്പനി നേരത്തെ സൂചിപ്പിച്ചതുപോലെ എയർസ്ട്രൈക്ക്, ലേസർ, ഷാഡോ എന്നീ മൂന്ന് വേരിയന്റുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ ട്രയല്‍ ആരംഭിച്ചതായും അൾട്രാവയലറ്റ് പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications








