ഇന്ത്യയിലെ ഡീലർമാർക്കായി E01, NEO ഇലക്ട്രിക് സ്കൂട്ടറുകൾ പ്രദർശിപ്പിച്ച് Yamaha
ഏഥർ എനർജി, ഓല, ഒഖിനാവ, ആമ്പിയർ, റിവോൾട്ട് മുതലായ സ്റ്റാർട്ടപ്പ് കമ്പനികൾ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ കാര്യമായ പുരോഗതി കൈവരിക്കുമ്പോൾ യമഹ പോലുള്ള മുഖ്യധാരാ ഇരുചക്ര വാഹന നിർമാതാക്കളിൽ പലരും ഇപ്പോഴും ഈ വിഭാഗത്തിലേക്ക് കടന്നുവരാൻ ഇതുവരെ തായാറായിട്ടില്ല.

ചേതക്കുമായി ബജാജും ഐക്യൂബുമായി ടിവിഎസും ഈ വിഭാഗത്തിൽ മോശമാക്കാതെ പ്രവർത്തിക്കുന്നതും പ്രമുഖർക്ക് ഇവി ശ്രേണിയിലേക്ക് എത്താൻ ഊർജം നൽകുന്ന കാര്യമാണ്. എങ്കിലും മുഖ്യധാരാ ഇരുചക്ര വാഹന നിർമാതാക്കൾ തങ്ങളുടെ പ്രാഥമിക പെട്രോളിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

എന്നാൽ ജാപ്പനീസ് ബ്രാൻഡായ യമഹ ഇലക്ട്രിക് ടൂ വീലർ എന്ന സ്വപ്നം യാഥ്യാർഥ്യമാക്കാൻ തയാറെടുക്കുകയാണ്. അതിന്റെ ഭാഗമായി ഡീലേഴ്‌സ് മീറ്റിംഗിൽ കമ്പനി E01, NEO ഇലക്ട്രിക് സ്കൂട്ടറുകൾ പ്രദർശിപ്പിക്കുകയും ചെയ്‌തിരിക്കുകയാണിപ്പോൾ.

125 സിസി പെട്രോൾ സ്കൂട്ടറുമായി താരതമ്യപ്പെടുത്താവുന്നതിനാൽ E01 ഇവിടെ നിർമിക്കാൻ കൂടുതൽ സാധ്യതയേറുന്നു. ഫാസിനോ, റെയ് ZR തുടങ്ങിയ ജനപ്രിയ സ്‌കൂട്ടറുകളുമായി യമഹയ്ക്ക് ഈ രംഗത്ത് ശക്തമായ സാന്നിധ്യമുണ്ട്. E01-ന് സമാനമായ സെല്ലിംഗ് പോയിന്റുകൾ സൃഷ്ടിക്കാനും കഴിയും. കൂടാതെ യമഹ ഇതിനകം തന്നെ E01 ഇവിക്കായുള്ള ട്രേഡ്മാർക്കും ഇന്ത്യയിൽ നിന്നും സ്വന്തമാക്കിയിട്ടുമുണ്ട്.

2019 ടോക്കിയോ മോട്ടോർ ഷോയിലാണ് E01 ഇലക്ട്രിക് സ്കൂട്ടർ കൺസെപ്റ്റ് ആദ്യമായി പരിചയപ്പെടുത്തിയത്. മാക്‌സി ശൈലിയിലുള്ള സ്‌കൂട്ടറിന് പ്രമുഖമായ ഫ്രണ്ട് ഫാസിയ, ഡ്യുവൽ ഹെഡ്‌ലൈറ്റുകൾ, കോംപാക്റ്റ് വിൻഡ്‌സ്‌ക്രീൻ, വിശാലമായ, സുഖപ്രദമായ സിംഗിൾ പീസ് സീറ്റ് എന്നിവയുള്ള ഒരു സ്‌പോർട്ടി പ്രൊഫൈലാണ് യമഹ സമ്മാനിച്ചിരിക്കുന്നത്.

സ്കൂട്ടറിനെ കൂടുതൽ ആകർഷകമാക്കാൻ സിംഗിൾ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ യമഹ സ്കൂട്ടർ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കീലെസ്സ് ഇഗ്നിഷൻ എന്നിവയാണ് E01 ഇവിയുടെ മറ്റ് പ്രധാന സവിശേഷതകൾ.

ഇക്കോ, നോർമൽ, പവർ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇതിനുണ്ടാവും. ഒരു ബാറ്ററി പായ്ക്ക് ഉള്ള മോഡൽ പൂർണ ചാർജിൽ ഏകദേശം 70-80 കി.മീ പരമാവധി റേഞ്ച് നൽകുമെന്നാണ് ആദ്യ സൂചനകൾ.

യൂറോപ്യൻ വിപണികളിൽ E01 ഇലക്ട്രിക് സ്കൂട്ടറിൽ 11kW (15 bhp) മോട്ടോർ ഘടിപ്പിക്കാൻ സാധ്യതയുണ്ട്. ലൈറ്റ് ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് നിർബന്ധമാക്കിയിട്ടുള്ള റെഗുലേറ്ററി ആവശ്യകതകൾ അനുസരിച്ചാണിത്. യൂറോപ്പിൽ, ഒരു റൈഡ് ഷെയറിംഗ് ഫ്ലീറ്റിന്റെ ഭാഗമായി E01 അരങ്ങേറ്റം കുറിക്കുമെന്നാണ് യമഹ അറിയിച്ചിരിക്കുന്നത്.

2019 ടോക്കിയോ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച E02 കൺസെപ്റ്റ് അടിസ്ഥാനമാക്കി ഏകദേശം 2.52 ലക്ഷം രൂപ പ്രാരംഭ വിലയിൽ അടുത്തിടെ യൂറോപ്പിൽ നിയോ ഇലക്ട്രിക് സ്കൂട്ടർ യമഹ അവതരിപ്പിച്ചു. ഈ വർഷം മെയ് മാസത്തിൽ ഇത് വിൽപ്പനയ്‌ക്കെത്തുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

യമഹ നിയോയുടെ ഇലക്ട്രിക് സ്കൂട്ടറിൽ 50.4V, 19.2Ah ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇടംപിടിച്ചിരിക്കുന്നത്. 8 കിലോഗ്രാം ഭാരമാണ് ബാറ്ററിയ്ക്കുള്ളത്. സ്റ്റാൻഡേർഡ് മോഡിൽ 2.5 kW (3.4 bhp) പവറും 136 Nm ടോർഖും നൽകാൻ പ്രാപ്‌തമായ ബ്രഷ്‌ലെസ് ഡിസി ഹബ് മോട്ടോറിലേക്കാണ് ഇത് പവർ നൽകുന്നത്.

ഈ പവർട്രെയിൻ ഒരു 50 സിസി സ്കൂട്ടറുമായി താരതമ്യപ്പെടുത്താവുന്നതാണ്. തെരഞ്ഞെടുത്ത വിപണികളിൽ 50 സിസി പെട്രോൾ സ്കൂട്ടറായി നിയോസ് ഇതിനകം തന്നെ ലഭ്യവുമാണ്.

എന്നാൽ ഇലക്ട്രിക് സ്കൂട്ടറിന്റെ ഇക്കോ മോഡിൽ പവർ ഔട്ട്പുട്ട് 1.58 kW ആയി യമഹ പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരൊറ്റ ബാറ്ററി ഉപയോഗിച്ച്, റേഞ്ച് ഏകദേശം 38.5 കിലോമീറ്ററാണ്. ഡ്യുവൽ ബാറ്ററി സെറ്റപ്പ് ഉപയോഗിച്ച് ഇത് 68 കിലോമീറ്റർ വരെ വർധിപ്പിക്കാം. ഒരു സാധാരണ എസി ചാർജർ ഉപയോഗിക്കുമ്പോൾ ഏകദേശം എട്ട് മണിക്കൂറാണ് മോർലിന് പൂർണമായും ചാർജിംഗ് സമയം വേണ്ടിവരിക.

നിയോസ് ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന് ഉറപ്പില്ല. ചാർജിംഗ്, ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചറുകൾ ഇപ്പോഴും നമ്മുടെ രാജ്യത്ത് അവികസിതമായതിനാൽ ഇഥ് തീർത്തും അപ്രായോഗികമായിരിക്കുമെന്നതിനാലാണ് ഈ തീരുമാനം കൈക്കൊള്ളുക. ഇത് കുറഞ്ഞ ശ്രേണിയിലുള്ള ഒരു ഇലക്ട്രിക് സ്കൂട്ടറിന്റെ സ്വീകാര്യതയെ ഗണ്യമായി പരിമിതപ്പെടുത്തുന്നു.

ഏകദേശം 100 കിലോമീറ്റർ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് മുൻഗണന വർധിക്കുന്നതായി മാർക്കറ്റ് ട്രെൻഡുകൾ സൂചിപ്പിക്കുന്നുമുണ്ട്. അതിനാൽ ഇത്രയും റേഞ്ച് കുറഞ്ഞ മോഡൽ ഇന്ത്യയിൽ പ്രവർത്തിച്ചേക്കില്ല. ആയതിനാൽ യമഹ E01 ഇവിക്കായിരിക്കും ഇന്ത്യയിൽ മുൻഗണന കൊടുക്കുക. പെട്രോൾ വില സർവകാല റെക്കോർഡിൽ നിൽക്കുന്നതിനാൽ ഇലക്ട്രിക് മോഡലുകളുടെ ആവശ്യവും കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.


Click it and Unblock the Notifications








