ഇനിയെന്തിനാ ഇലക്‌ട്രിക്? 83,000 രൂപയ്ക്ക് 63 കി.മീ മൈലേജുള്ള ബൈക്കുമായി ഹീറോ വന്നു
ഇന്ത്യയിലെ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ തമ്പുരാക്കൻമാരാണ് ഹീറോ മോട്ടോകോർപ്. സ്പ്ലെൻഡറിലൂടെ പിടിച്ചടക്കിയ കോട്ടയിൽ CD ഡീലക്‌സ്, പാഷൻ പ്ലസ്, ഗ്ലാമർ പോലുള്ള ഇടിവെട്ട് മോഡലുകളുടെ പ്രതാപവും കമ്പനിക്കുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായി ഹീറോയെ വളർത്തിയെടുത്തതും ഇവരാണ്.
ദേ ഇപ്പോൾ ഈ നിരയിലെ പ്രീമിയം മോഡലായ ഗ്ലാമറിന് 2023 മോഡൽ പരിഷ്ക്കരണം സമ്മാനിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. ഡ്രം, ഡിസ്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിൽപ്പനയ്ക്ക് എത്തുന്ന മോട്ടോർസൈക്കിളിന് യഥാക്രമം 82,348 രൂപ, 86,348 രൂപ എന്നിങ്ങനെയാണ് ഇന്ത്യൻ വിപണിയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. കാൻഡി ബ്ലേസിംഗ് റെഡ്, ടെക്നോ ബ്ലൂ-ബ്ലാക്ക്, സ്പോർട്സ് റെഡ്-ബ്ലാക്ക് എന്നിങ്ങനെ മൂന്ന് പുതിയ കളർ ഓപ്ഷനുകളാണ് ഹീറോ അവതരിപ്പിച്ചിരിക്കുന്നത്.

വിപണിയിലെ 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ടിവിഎസ് റൈഡർ 125, ബജാജ് പൾസർ 125, ഹോണ്ട ഷൈൻ എന്നീ വമ്പൻമാരോടാണ് ഹീറോ ഗ്ലാമർ മത്സരിക്കുന്നത്. ഈ പോരിന് മാറ്റേകാൻ പോന്ന എല്ലാത്തരം പരിഷ്ക്കാരങ്ങളും ബൈക്കിന് സമ്മാനിക്കാൻ കമ്പനിക്കായിട്ടുണ്ട്. ചെക്കർഡ് സ്ട്രൈപ്പുകളോട് കൂടിയ നവീകരിച്ച ഗ്രാഫിക്സുമായാണ് പുതിയ 2023 മോഡൽ ഇപ്പോൾ എത്തുന്നത്.
ലൈവ് മൈലേജ് ഇൻഡിക്കേറ്റർ, ലോ ഫ്യുവൽ ഇൻഡിക്കേറ്റർ എന്നിങ്ങനെ വിവിധ വിവരങ്ങൾ കാണിക്കുന്ന ഒരു പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് പുതിയ നവീകരണത്തിന്റെ ഭാഗമായി ഗ്ലാമർ 125 മോഡലിലേക്ക് എത്തിയിരിക്കുന്നത്. ഇതിനുപുറമെ മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനായി യുഎസ്ബി ചാർജറും ബ്രാൻഡ് ചേർത്തിട്ടുണ്ട്. ഹീറോ റൈഡറിന്റെയും പിൻസീറ്റിന്റെയും ഉയരം യഥാക്രമം 8 മില്ലീമീറ്ററും 17 മില്ലീമീറ്ററും കുറച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ദൈനംദിന ആവശ്യങ്ങൾക്കായി മികച്ച മൈലേജും കുറഞ്ഞ വിലയുമുള്ള കമ്മ്യൂട്ടർ ബൈക്ക് തിരയുന്നവർക്ക് നിസംശയം വാങ്ങാനാവുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ് 2023 ഹീറോ ഗ്ലാമർ 125. ഉത്സവ സീസണിന് മുന്നോടിയായി പരിഷ്‌കരിച്ച ഗ്ലാമര്‍ ഷോറൂമുകളിൽ ആളെക്കൂട്ടാൻ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. ബ്ലാക്ക് നിറത്തിലുള്ള സിംഗിള്‍ പീസ് സീറ്റ്, സിംഗിള്‍ പീസ് ഗ്രാബ് റെയില്‍, എക്‌സ്റ്റന്‍ഷനുകളോട് കൂടിയ ആകര്‍ഷകമായ ഫ്യുവല്‍ ടാങ്ക് എന്നിവ ബൈക്കിന്റെ പ്രീമിയം ഫീൽ ഉയർത്തുന്നുണ്ട്.
കമ്മ്യൂട്ടര്‍ സ്‌റ്റൈലിലുള്ള ഹെഡ്ലാമ്പുകള്‍, ഹാലൊജന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മുന്നിലും പിന്നിലും ബ്ലാക്ക് ഫിനിഷ്ഡ് അലോയ് വീലുകള്‍ എന്നിവയും ഗ്ലാമറിൽ കാണാം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സൈഡ് മൗണ്ടഡ് ബ്ലാക്ക് ഫിനിഷ്ഡ് എക്സ്ഹോസ്റ്റ് സിസ്റ്റം, ഹീറ്റ് ഷീല്‍ഡ് എന്നിവയും മോട്ടോർസൈക്കളിന്റെ ലുക്കിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. എയർ-കൂൾഡ് 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 2023 ഹീറോ ഗ്ലാമറിന്റെ ഹൃദയം.

ഇത് 7,500 rpm-ൽ 10.68 bhp പവറും 6,000 rpm-ൽ പരമാവധി 10.6 Nm torque ഉം വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. 5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹീറോയുടെ i3S ഐഡിൾ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റത്തോടൊപ്പമാണ് എഞ്ചിൻ നിർമിച്ചിരിക്കുന്നത്. അതിനാൽ ട്രാഫിക്കിലും മറ്റും ഫ്യുവൽ സേവിംഗ് ഓട്ടോമാറ്റിക്കായി നടക്കും. OBD2 കംപ്ലയിന്റാണ് ഈ പുതിയ എഞ്ചിൻ. ആയതിനാൽ ഇതിന് E20 ഇന്ധനത്തിലും പ്രവർത്തിക്കാനാകും.
ലിറ്ററിന് 63 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഹീറോ അവകാശപ്പെടുന്നത്. പുതിയ ഗ്ലാമറിന്റെ അവതരണം ഏറ്റവും മത്സരാധിഷ്ഠിതമായ 125 സിസി സെഗ്‌മെന്റിൽ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയും വിപണി വിഹിതം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുമെന്ന് ഹീറോ മോട്ടോകോർപിന്റെ ഇന്ത്യയിലെ ചീഫ് ബിസിനസ് ഓഫീസർ രഞ്ജിവ്ജിത് സിംഗ് അഭിപ്രായപ്പെട്ടു.
ഇനി പുതിയ 2023 ഹീറോ ഗ്ലാമറിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനായി മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഒരുക്കിയിരിക്കുന്നത്. സ്പ്രിംഗുകള്‍ ചുവപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത് എന്നത് സ്പോർട്ടിനെസ് നൽകുന്നുണ്ട്. ബ്രേക്കിംഗിലേക്ക് വന്നാൽ മുന്നില്‍ കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (CBS) പിന്തുണയുള്ള ഡിസ്‌കും പിന്നില്‍ ഡ്രം ബൈക്ക് ഓപ്ഷനുമാണ് ലഭിക്കുക.


Click it and Unblock the Notifications








