എൻഫീൽഡിലും സുസുക്കിയിലുമില്ല, കിടിലൻ മാറ്റങ്ങളുമായി പുത്തൻ ഹീറോ എക്‌സ്‌പൾസ്
അഡ്വഞ്ചർ മോട്ടോർസൈക്കിളുകളെ ഇന്ത്യയിൽ ഹിറ്റാക്കിയത് റോയൽ എൻഫീൽഡ് ഹിമാലയൻ (Royal Enfield Himalayan) ആണെങ്കിലും സെഗ്മെന്റിനെ കൂടുതൽ ജനകീയനാക്കിയത് ഹീറോ എക്‌സ്‌പൾസ് 200 (Hero Xpulse 200) ആണെന്ന് നിസംശയം പറയാം. കുറഞ്ഞ വിലയിൽ ഒരു കിടുക്കൻ AVD ബൈക്ക് എന്നതായിരുന്നു ഈ മോഡലിന്റെ പ്രധാന ആശയം.
മാത്രമല്ല ഇംപൾസിന്റെ പിൻഗാമിയെന്ന വിശേഷണവും എക്‌സ്‌പൾസിന്റെ വിജയത്തിന് മേമ്പൊടിയേകി. കാലത്തിനെ മുന്നെ വിപണിയിലെത്തിയ ഇംപൾസിന് ഉണ്ടായിരുന്ന കുറവുകളെല്ലാം നികത്തിയാണ് എക്‌സ്‌പൾസ് 200-ന് ഹീറോ മോട്ടോകോർപ് രൂപംകൊടുത്തത്. തുടർന്ന് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എന്‍ട്രി ലെവല്‍ ഓഫ്-റോഡ് ബൈക്കുകളിലൊന്നായി ഇത് മാറുകയും ചെയ്‌തു. കാലത്തിനൊത്ത മാറ്റങ്ങൾ അടിക്കടി കൊണ്ടുവരാൻ ഹീറോ കാണിക്കുന്ന താത്പര്യം ഇന്നും എക്‌സ്‌പൾസിനെ ജനപ്രിയനാക്കി നിലനിർത്തുന്നുണ്ട്.

ഇപ്പോഴിതാ 2023 മോഡൽ ഇയർ പരിഷ്ക്കരണവുമായി വിപണിയിലെത്തിയിരിക്കുകയാണ് എൻട്രി ലെവൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ. സ്റ്റാൻഡേർഡ്, പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് പുതിയ 2023 എക്‌സ്‌പൾസ് 200 4V പുറത്തിറക്കിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 1.43 ലക്ഷം രൂപയും 1.51 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. നേരത്തെയുണ്ടായിരുന്ന റാലി എഡിഷനെയാണ് കമ്പനിയിപ്പോൾ പ്രോ വേരിയന്റായി അവതരിപ്പിച്ചിരിക്കുന്നത്. പുത്തൻ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ബൈക്കിന്റെ വിലയിൽ 5,000 രൂപയുടെ വർധനവും ഹീറോ നടപ്പിലാക്കിയിട്ടുണ്ട്.
പുതിയ പരിഷ്‌കാരങ്ങളുമായി എത്തുന്നതോടെ റൈഡര്‍ എക്‌സ്പീരിയന്‍സ് ഒരുപടി കൂടി ഉയര്‍ത്താനാണ് കമ്പനിയുടെ ശ്രമം. അതിന്റെ ഭാഗമായി ചില കിടിലൻ മാറ്റങ്ങൾ 2023 എക്‌സ്‌പൾസ് 200 4V മോഡലിൽ കമ്പനി വരുത്തിയിട്ടുണ്ട്. 'H' എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റ് ബൈക്കിലേക്ക് കൂട്ടിച്ചേർത്തതാണ് ഇതിലെ പ്രധാന ഹൈലൈറ്റ്. കൂടാതെ ലോ ബീമിനായി രണ്ട് പ്രൊജക്ടറുകളും ഹീറോ ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്. മോട്ടോർസൈക്കിളിന്റെ ഏറ്റവും വലിയ പോരായ്‌മകളിൽ ഒന്നായിരുന്നു ഹെഡ്‌ലൈറ്റ്.

പുതിയ ഹെഡ്‌ലൈറ്റിന്റെ വരവ് റൈഡർമാർക്ക് രാത്രികാലങ്ങളിൽ കൂടുതൽ മികച്ച രീതിയിലുള്ള കാഴ്ച്ചയാണ് ഒരുക്കുന്നത്. ഇതോടൊപ്പം 60 mm ഹൈറ്റുള്ള വിൻഡ്‌സ്‌ക്രീനും 2023 എക്‌സ്‌പൾസിലേക്ക് ഹീറോ കൊണ്ടുവന്നിട്ടുണ്ട്. മുമ്പത്തെ മോഡലുകളേക്കാൾ കൂടുതൽ പ്രീമിയം ഫീൽ തോന്നിക്കുന്ന പുതിയ സ്വിച്ച് ഗിയറും അതുപോലെ തന്നെ വലിയ ഹാൻഡ് ഗാർഡുകളും ബൈക്കിന് സമ്മാനിക്കാനും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് തയാറായി.
ഇതോടൊപ്പം റോഡ്, ഓഫ് റോഡ്, റാലി എന്നിങ്ങനെ മൂന്ന് എബിഎസ് മോഡുകളും എക്‌സ്‌പൾസിലേക്ക് എത്തിയിട്ടുണ്ട്. ഇത് ഓഫ്-റോഡിംഗ് സമയത്തെല്ലാം റൈഡറിനെ സഹായിക്കുന്ന കാര്യങ്ങളാണ്. ലൈവ് മൈലേജ് റീഡിംഗാണ് പുതുതായി ബൈക്കിലേക്ക് കൊണ്ടുവന്നിരിക്കുന്ന മറ്റൊരു ഫീച്ചർ. പക്ഷേ ഡ്യുവൽ-ചാനൽ എബിഎസും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും കൂടി 2023 എക്‌സ്‌പൾസ് 200 4V മോഡലിലേക്ക് ഹീറോ നൽകിയിരുന്നെങ്കിൽ സംഭവം കളറാവുമായിരുന്നു.

മേൽപറഞ്ഞ മാറ്റങ്ങൾ ഒഴികെ മോട്ടോർസൈക്കിളിൽ മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളോ കൂട്ടിച്ചേർക്കലുകളോ ഹീറോ മോട്ടോകോർപ് നടപ്പിലാക്കിയിട്ടില്ല. അതേ 199.6 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 2023 എക്‌സ്‌പൾസ് 200 4V പതിപ്പിന് തുടിപ്പേകുന്നത്. അഞ്ചു സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 19.1 bhp കരുത്തിൽ പരമാവധി 17.35 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 4-വാൽവ് ഹെഡും ഓയിൽ കൂളിംഗും ശ്രദ്ധേയമായ സവിശേഷതകളാണ്.
എക്‌സ്‌പൾസിന്റെ ഭാരം വെറും 158 കിലോഗ്രാം മാത്രമായതിനാൽ ഓഫ്-റോഡിംഗിൽ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും. പിൻഭാഗത്തെ ലഗേജ് റാക്കിൽ ഇപ്പോൾ സാഡിൽ സ്റ്റേകൾ ചേർക്കുന്നതിനും ബൈക്ക് അനുയോജ്യമാണ്. മുന്‍വശത്ത് 37 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഗ്രൗണ്ട് ക്ലിയറൻസ് 220 മില്ലീമീറ്ററാണ്. അതേസമയം ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്ക്കുകളാണ് ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്.

ഇനി എക്‌സ്‌പൾസ് 200 4V പ്രോ വേരിയന്റാണ് വാങ്ങുന്നതെങ്കിൽ കംപ്രഷൻ, റീബൗണ്ട് അഡ്ജസ്റ്റബിൾ ഫ്രണ്ട് സസ്‌പെൻഷൻ, റീബൗണ്ട്, പ്രീലോഡ് അഡ്ജസ്റ്റബിൾ റിയർ സസ്‌പെൻഷൻ, ദൈർഘ്യമേറിയ സസ്പെൻഷൻ ട്രാവൽ, മാക്സിസ് ടയറുകൾ, 270 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയും ഹീറോ വാഗ്‌ദാനം ചെയ്യുന്നുണ്ട്. വിപണിയിൽ മോട്ടോർസൈക്കിളിന് നേരിട്ടുള്ള എതിരാളികളൊന്നമില്ലെങ്കിലും സുസുക്കി V-സ്ട്രോം 250, റോയൽ എൻഫീൽഡ് ഹിമാലയൻ പോലുള്ള ബൈക്കുകളാണ് ബദൽ മോഡലുകൾ.


Click it and Unblock the Notifications







