ഇതിനായിരുന്നോ ഈ ബഹളങ്ങളെല്ലാം... പുത്തൻ ഹോണ്ട ഡിയോയുടെ മാറ്റം കണ്ടോ?
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ ഹോണ്ടയെ അതികായകൻമാരാക്കിയത് സ്‌കൂട്ടർ മോഡലുകളാണെന്ന് വേണം പറയാൻ. ആക്‌ടിവയിലൂടെ രാജ്യം വെട്ടിപ്പിടിച്ചപ്പോൾ ഡിയോ എന്ന സ്പോർട്ടി സ്‌കൂട്ടറിലൂടെ ഈ രംഗത്ത് അരക്കെട്ടുറപ്പിക്കാനും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾക്കായി. ഇന്നുകാണുന്ന പോലെ സ്‌കൂട്ടറുകൾക്ക് അത്ര ജനപ്രീതിയില്ലാതിരുന്ന കാലത്താണ് ഡിയോയിലൂടെ യുവജനങ്ങളെ ഹോണ്ട കൈയിലെടുത്തത്.
ഇന്ന് പുതുതലമുറ മോഡലുകളുടെ വരവോടെ ഡിയോയുടെ പ്രതാപത്തിന് മങ്ങലേറ്റെങ്കിലും വിപണിയിലെ നിറസാന്നിധ്യമായി ആള് വിലസുകയാണ്. അടിക്കടി ചെറിയ ചെറിയ പരിഷ്ക്കാരങ്ങൾ നൽകി സ്‌കൂട്ടറിനെ മോടിപിടിപ്പിക്കാനും ഹോണ്ട മറക്കാറില്ല. ദേ ഇപ്പോൾ മോഡലിന് അതുപോലൊരു നവീകരണം സമ്മാനിച്ചിരിക്കുകയാണ് കമ്പനി. ആധുനിക എതിരാളികൾക്കൊപ്പം വാഹനത്തെയും കാലത്തിനൊപ്പം സഞ്ചരിപ്പിക്കാനുള്ള ഹോണ്ടയുടെ പൊടികൈയാണ് പുതിയ അപ്ഡേഷൻ.

2023 ഹോണ്ട ഡിയോയ്ക്ക് ട്വിൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സമ്മാനിച്ചതാണീ വാർത്ത. ഡ്യുവൽ ക്ലസ്റ്ററിൽ ആദ്യത്തേത് മോട്ടോർസൈക്കിളുകളിൽ കാണുന്നതിന് സമാന വലിപ്പമുള്ള ഒരു യൂണിറ്റാണ്. ഇതിൽ സ്പീഡ്, ടാക്കോ, സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവ പ്രദർശിപ്പിക്കും. തീർന്നില്ല, ഇതിനു പുറമെ ഈ പുതിയ ഡിസ്‌പ്ലേയുടെ മുകളിൽ എഞ്ചിൻ സർവീസ്, ബാറ്ററി, സ്‌മാർട്ട് കീ ഇൻഡിക്കേറ്റർ തുടങ്ങിയവ കാണിക്കുന്നതിനായി ഒരു പ്രത്യേക ഭാഗവും ഹോണ്ട ഒരുക്കിയിട്ടുണ്ട്.
അതേസമയം രണ്ടാമത്തേത് ചില അടിസ്ഥാന വിവരങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതായത് ഈ സ്‌ക്വയർ സ്‌ക്രീനിൽ സമയം, ഓഡോമീറ്റർ, ഫ്യുവൽ ലെവൽ എന്നിവയ്‌ക്കൊപ്പം ശരാശരി മൈലേജും ലൈവ് ഇന്ധനക്ഷമതയും കാണിക്കുന്നു. ഈ മാറ്റമൊഴികെ പുതിയ 2023 മോഡലിലേക്ക് മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെ കമ്പനി നടപ്പിലാക്കിയിട്ടില്ലെന്നത് നിരാശയുളവാക്കുന്ന കാര്യമാണ്.
ഈ പുതിയ ട്വിൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എത്രമാത്രം പ്രായോഗികമാണെന്നും കണ്ടറിയണം. നവീകരണങ്ങളോടെ എത്തുന്ന ഹോണ്ട ഡിയോ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് മോഡൽ ഇപ്പോൾ ബുക്ക് ചെയ്യാനാവുമെന്നും ജാപ്പനീസ് ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ കാര്യമായ ഒരു പരിഷ്ക്കാരവും ഹോണ്ട ഡിയോ DLX പതിപ്പിനുണ്ടായിട്ടില്ല.
ഇതിനു പുറമെ അടുത്തിടെ പുറത്തിറക്കിയ H-സ്മാർട്ട് വേരിയന്റിലും വാഹനം വാങ്ങാനാവും. അലോയ് വീലുകൾ, സ്‌മാർട്ട് സ്വിച്ച്, ബാറ്ററി ഇൻഡിക്കേറ്റർ, സ്‌മാർട്ട് കീ ഇൻഡിക്കേറ്റർ എന്നിവയ്‌ക്കൊപ്പം കീലെസ് എൻട്രിയെ പിന്തുണയ്‌ക്കുന്ന പുതിയ സ്‌മാർട്ട് കീ ടോപ്പ് സ്‌പെക്ക് H-സ്മാർട്ട് മോഡലിന്റെ പ്രത്യേകതകൾ. രണ്ട് മോഡലുകൾക്കും എൽഇഡി ഹെഡ്‌ലൈറ്റുകളും ഈ പുതിയ ഇൻസ്ട്രുമെന്റ് സ്‌ക്രീനും ലഭിക്കും.

ഹോണ്ട ഡിയോയുടെ എല്ലാ ട്രിമ്മുകളിലും ഒരു എക്സ്റ്റണൽ ഫ്യൂവൽ ഫില്ലർ ലിഡ്, ഫ്രണ്ട് പോക്കറ്റ്, സൈലന്റ് സ്റ്റാർട്ടർ എന്നീ സംവിധാനങ്ങളും ലഭിക്കും. 7.75 bhp കരുത്തിൽ പരമാവധി 9.03 Nm torque ഉത്പാദിപ്പിക്കുന്ന 110 സിസി സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ സിപ്പിംഗ് പെട്രോള്‍ എഞ്ചിനാണ് ഹോണ്ട ഡിയോയുടെ ഹൃദയം. 77,712 രൂപ മുതലാണ് ഡിയോ H-സ്മാർട്ട് വേരിയന്റിന് വില വരുന്നത്.
അതേസമയം ഹോണ്ട ഡിയോ DLX പതിപ്പുകൾ 70,211 രൂപ മുതൽ 74,212 രൂപ വരെ എക്സ്ഷോറൂം വില നൽകി വാങ്ങാനാവും. ഇന്ത്യയിലെ 110 സിസി സ്‌കൂട്ടർ സെഗ്മെന്റിൽ ഹീറോ പ്ലെഷര്‍ പ്ലസ്, ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110, ടിവിഎസ് ജൂപ്പിറ്റര്‍ 110, ഹോണ്ട ആക്ടിവ, ഹീറോ സൂം എന്നീ മോഡലുകളുമായാണ് ഡിയോ മത്സരിക്കുന്നത്. പുതിയ ഡിയോയുടെ ടീസറുകൾ പുറത്തുവിട്ടപ്പോൾ ഹോണ്ട നിരയിലേക്ക് പുതിയൊരു സ്‌കൂട്ടറിനെ പ്രതീക്ഷിച്ചിരുന്നവർക്കെല്ലാം നിരാശയാണ് ഫലം.


Click it and Unblock the Notifications








