കുറവുകൾ നികത്താനുള്ളതാണ്.... പുത്തൻ മാറ്റങ്ങളുമായി കെടിഎമ്മിന്റെ ചുണക്കുട്ടൻ
ഇന്ത്യയിലെ യുവാക്കളുടെ ഹരവും മാതാപിതാക്കളുടെ പേടി സ്വപ്‌നവുമാണ് കെടിഎം ഡ്യൂക്ക് ബൈക്കുകൾ. കേരളത്തിലുൾപ്പടെ കാലൻ എന്ന ടാഗുള്ള ഈ സ്പോർട്ടി മോട്ടോർസൈക്കിളുകൾ ശരിക്കും നമമ്ുടെ നിരത്തുകൾക്ക് അനുയോജ്യമല്ലെന്നാണ് പലരും അടിച്ചുവിടുന്ന കഥകൾ. എന്നാൽ ബൈക്കുകളല്ല, നാം തന്നെയാണ് നിരത്തുകളുടെ ശാപമെന്നു വേണം പറയാൻ.
വാഹനത്തെ മനസിലാക്കി ഓടിക്കാൻ പലർക്കും അറിയില്ലെന്നതാണ് ഇതിൽ ഏറ്റവും ആദ്യം മനസിലാക്കേണ്ട കാര്യം. എന്തായാലും ഇന്ത്യയിലെ ഇരുചക്ര വാഹന വിഭാഗത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടത്താൻ കഴിഞ്ഞവരാണ് കെടിഎം. കൃത്യമായ ഇടവേളകളിൽ മോട്ടോർസൈക്കിൾ നിര പുതുക്കാൻ കമ്പനി കാണിക്കുന്ന മനസും എടുത്തു പറയേണ്ട ഒന്നാണ്. ദേ ഇപ്പോൾ കെടിഎം ഇന്ത്യ പുതുക്കിയ 2023 മോഡൽ ഡ്യൂക്ക് 200 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഇതിന്റെ ഭാഗമായിതാ പുത്തൻ സ്പോർട്ടി മോട്ടോർസൈക്കിളിന്റെ ആദ്യ ടീസർ ബ്രാൻഡ് പുറത്തിറക്കിയിരിക്കുകയാണ്. ഡ്യൂക്ക് 200 പതിപ്പിന്റെ 2023 ആവർത്തനം ഇതിനകം ചില ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്. മുൻഗാമിയിൽ നിന്നും വൻ അഴിച്ചുപണിയുമായാണ് ഇത്തവണ കെടിഎമ്മിന്റെ ജനപ്രിയൻ രൂപമെടുക്കുന്നത്. 390 ഡ്യൂക്കിൽ നിന്നും കടമെടുത്ത എൽഇഡി ഹെഡ്‌ലൈറ്റുകളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഇത്രയും പണം ചെലവഴിച്ച് വാങ്ങുന്ന പ്രീമിയം മോട്ടോർസൈക്കിളിൽ ഈയൊരു ഫീച്ചറില്ലെന്ന പരാതി നേരത്തെ തന്നെ പലരും ഉന്നയിച്ച വിഷയമാണ്. അൽപം വൈകിയാണെങ്കിലും കെടിഎം ഈ പോരാമ പരിഹരിച്ചിരിക്കുകയാണെന്ന വിവരം സന്തോഷത്തോടെയാണ് ആരാധകർ നോക്കിക്കാണുക. ഇതിനു പുറമെ ഡ്യൂക്ക് 200-ൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെ ഉണ്ടാവാൻ സാധ്യതയില്ല. നിലവിലുള്ള 200 ഡ്യൂക്ക് വിൽപ്പനയിൽ തുടരുമെന്നും പുതിയ 2023 മോഡലിനെ ഒരു പുതിയ ടോപ്പ് വേരിയന്റായി അവതരിപ്പിക്കാനുമാണ് ഓസ്ട്രിയൻ ബ്രാൻഡിന്റെ തീരുമാനം.

390 അഡ്വഞ്ചറിലും സമാനമായ തന്ത്രമാണ് കെടിഎം പിന്തുടരുന്നത്. മോട്ടോർസൈക്കിൾ ഇപ്പോൾ നാല് വ്യത്യസ്ത വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് വാങ്ങാനാവും. നിലവിലെ ഡ്യൂക്ക് 200 പതിപ്പിന് 1.93 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം എൽഇഡി ഹെഡ്‌ലൈറ്റുമായി വരുന്ന മോഡലിന് ഏകദേശം 5,000 രൂപയെങ്കിലും കൂടുതലായിരിക്കും. നിലവിൽ 125 ഡ്യൂക്കിനും 250 ഡ്യൂക്കിനും ഇടയിലാണ് 200 ഡ്യൂക്കിന്റെ സ്ഥാനം.
നിലവിൽ വിൽപ്പനയിലുള്ള ഏറ്റവും പവർഫുൾ ഡ്യൂക്ക് ഇപ്പോഴും 390 പതിപ്പ് തന്നെയാണ്. പരിമിതമായ യൂണിറ്റുകളിൽ ഇന്ത്യയിലെത്തിച്ച 790 ഡ്യൂക്ക് കെടിഎം ഇനി പുറത്തിറക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇനി പുതിയ ഡ്യൂക്ക് 200 മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളിലേക്ക് വന്നാൽ 199.5 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനിലാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം.

10,000 rpm-ൽ 24.68 bhp പവറും 8,000 rpm-ൽ പരമാവധി 19.3 Nm torque ഉം നൽകാൻ കെടിഎമ്മിന്റെ ഈ എഞ്ചിന് കഴിയും. ആറു സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ഡ്യൂക്ക് 200 സ്പോർട്‌സ് ബൈക്ക് ഒരു എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വരുന്നത്. ഇതും കെടിഎം മോട്ടോർസൈക്കിളിന്റെ വലിയൊരു പോരായ്‌മയായി പലരും ചൂണ്ടിക്കാട്ടിയിട്ടുള്ള വിഷയമാണ്.
എൽസിഡി ഡിസ്പ്ലേയാണെങ്കിലും ഒരുപാട് സുപ്രധാന വിവരങ്ങൾ ഈ യൂണിറ്റിലൂടെ റൈഡറിന് ലഭിക്കുന്നുണ്ടേ. ഡ്യുവൽ ചാനൽ എബിഎസാണ് കെടിഎം ഡ്യൂക്ക് 200-ന്റെ മറ്റൊരു പ്രധാന സവിശേഷത. ഇന്ത്യയിൽ ബജാജ് പൾസർ NS200, ടിവിഎസ് അപ്പാച്ചെ RTR 200 4V, ഹസ്ഖ്‌വർൺ വിറ്റ്പിലൻ 250, സുസുക്കി ജിക്‌സർ 250 എന്നിവയ്‌ക്കെതിരെയാണ് ഡ്യൂക്കിന്റെ പ്രധാന മത്സരം. നിലവിൽ ഇന്ത്യയിലെ ഒരു പ്രധാന മോട്ടോർസൈക്കിൾ ബ്രാൻഡാണ് ഈ ഓസ്ട്രിയൻ സ്പോർട്‌സ് മോട്ടോർസൈക്കിൾ നിർമാതാക്കൾ.
നിലവിൽ ഇലക്ട്രിക് ടൂവീലർ രംഗത്തേക്ക് പ്രവേശിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. അതിന്റെ ഭാഗമായി ഇമോഷന്‍ കണ്‍സെപ്റ്റിനോട് സാമ്യമുള്ള ഒരു സ്പോര്‍ട്ടി, മസ്‌കുലാര്‍ ഇലക്ട്രിക് സ്‌കൂട്ടറിൽ പ്രവർത്തിക്കുകയാണ് കെടിഎം. ഇതിന്റെ സ്പൈ ചിത്രങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യന്‍ വാഹന ഭീമന്‍മാരായ ബജാജ് ഓട്ടോയുമായി ചേര്‍ന്ന് ഓസ്ട്രിയന്‍ വമ്പന്‍മാരായ കെടിഎം ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ തുടങ്ങിയ വാർത്തകൾക്ക് അടിവരയിടുന്നതാണ് ഈ പുതിയ ചിത്രങ്ങൾ.


Click it and Unblock the Notifications








