മോഹിപ്പിക്കുന്ന വിലയും 180 കി.മീ റേഞ്ചും; ഹാർലി സ്റ്റൈലിൽ ഒരു ഇലക്‌ട്രിക് ബൈക്ക് വാങ്ങിയാലോ?
ഇലക്‌ട്രിക് (Electric) വിപണിയിൽ മത്സരം കനക്കുമ്പോൾ മോട്ടോർസൈക്കിൾ വിപണിയിലേക്ക് ധാരാളം മോഡലുകൾ കടന്നുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. അന്നും ഇന്നും ട്രെൻഡ് സ്‌കൂട്ടറുകളാണെങ്കിലും എന്തെങ്കിലും പുതുമയുള്ളത് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കായാണ് ഇ-ബൈക്കുകൾ (e-Bike) രൂപകൽപ്പന ചെയ്യുന്നത്. റിവോൾട്ട് ഇവിയാണ് (Revolt EV) ഈ സെഗ്മെന്റിന് തുടക്കമിട്ടത്.
പിന്നീട് കൊമാകി ക്രൂയിസർ, ടോർക്ക് ക്രാറ്റോസ്, മാറ്റർ ഏറ, അൾട്രാവയലറ്റ് F77, ഹോപ് OXO അങ്ങനെ നിരവധി ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണി ഭരിക്കാനെത്തി. ഇവയ്ക്കെല്ലാം വേണ്ടവിധത്തിൽ വിൽപ്പനയും സ്വീകാര്യതയും കിട്ടുന്നുണ്ടെന്നതാണ് രസകരംമായ കാര്യം. അങ്ങനെ ഈ വിഭാഗത്തിലേക്ക് പുത്തനൊരു ഇലക്ട്രിക് ബൈക്ക് കൂടി കടന്നുവന്നിരിക്കുകയാണ് ഇപ്പോൾ. ABZO മോട്ടോർസ് എന്ന പുതിയൊരു ബ്രാൻഡാണ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായ VS01 പുറത്തിറക്കിയിരിക്കുന്നത്.

കാഴ്ച്ചയിൽ വളരെ കൗതുകം തോന്നുന്ന ഡിസൈൻ തന്നെയാണ് ABZO VS01 ഇലക്‌ട്രിക് ബൈക്കിന്റെ പ്രധാന ആകർഷണം. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 1.80 ലക്ഷം രൂപ മുതൽ 2.22 ലക്ഷം രൂപ വരെയാണ് ഈ മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 72V 70 Ah ലിഥിയം അയൺ ബാറ്ററി പായ്ക്ക് നൽകുന്ന പുതിയ ഇ-മോട്ടോർസൈക്കിൾ ഒറ്റ ചാർജിൽ ഏകദേശം 180 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത് എന്നതും ഹൈലൈറ്റാണ്.
അതായത് അന്തർജില്ലാ യാത്രകൾക്കെല്ലാം ഇവൻ പൊളിയാണെന്ന് സാരം. ഇലക്ട്രിക് സ്‌കൂട്ടറുകളാൽ ആധിപത്യം പുലർത്തുന്ന വിഭാഗത്തിൽ ഈയൊരു ഒറ്റ കാരണം കൊണ്ട് ശ്രദ്ധനേടാനും ABZO VS01 ഇവിക്കാവും. ഈയിടെയായി ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ എണ്ണം കുതിച്ചുയരുന്നതിന് സാക്ഷ്യം വഹിക്കുകാണ് ഇന്ത്യയിലെ വൈദ്യുത വാഹന രംഗം. റെട്രോ തീം ക്രൂയിസർ ഡിസൈനാണ് VS01 ഇലക്ട്രിക്കിന്റെ മറ്റൊരു പ്രത്യേകത.

ഇംപീരിയൽ റെഡ്, മൗണ്ടൻ വൈറ്റ്, ജോർജിയൻ ബേ, ബ്ലാക്ക് എന്നിങ്ങനെ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ABZO മോട്ടോർസിന്റെ പുത്തൻ ഇ-ബൈക്ക് സ്വന്തമാക്കാനാവും. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽലാമ്പുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഡിസൈൻ ഹൈലൈറ്റും ഫീച്ചറുകളുമായാണ് മോട്ടോർസൈക്കിൾ വിപണി കീഴടക്കാനായി എത്തിയിരിക്കുന്നത്.
ട്യൂബ്‌ലെസ് ടയറുകളാൽ പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകളും ABZO VS01 ഇലക്‌ട്രിക് ബൈക്കിന് മോടിയേകുന്നുണ്ട്. ഇനി വലിപ്പത്തിലേക്ക് നോക്കിയാൽ വാഹനത്തിന് 1,473 മില്ലീമീറ്റർ നീളമുള്ള വീൽബേസും 158 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 700 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമാണുള്ളത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ മോട്ടോർസൈക്കിളിലെ സസ്‌പെൻഷനായി മുന്നിൽ ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് ഒരുക്കിയിട്ടുള്ളത്.

കോമ്പി-ബ്രേക്കിംഗ് സിസ്റ്റവുമായി (CBS) ജോടിയാക്കിയ ഫ്രണ്ട്, റിയർ വീലുകളിലെ ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. റൈഡറുടെ സൗകര്യാർഥം ഇതിന് റിവേഴ്സ് മോഡും ലഭിക്കുന്നുണ്ട് എന്നത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. ഘട്ടംഘട്ടമായി മോട്ടോർസൈക്കിൾ ഇന്ത്യയിലുടനീളം അവതരിപ്പിക്കാനാണ് കമ്പനിയുടെ പ്ലാനെന്ന് VS01 ഇലക്ട്രിക് ബൈക്കിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിക്കവേ ABZO മോട്ടോർസിന്റെ സഹസ്ഥാപകനായ കാഞ്ചി പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട്.
ബ്രാൻഡ് നിരയിലെ ഒരേയൊരു ഉൽപ്പന്നമായിരിക്കില്ല ഇതെന്നും കമ്പനിയുടെ പക്കൽ കൂടുതൽ മോഡലുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ബൈക്ക് വിഭാഗമായ സ്റ്റാൻഡേർഡ് ബൈക്ക് ഉൾപ്പെടെയുള്ള കൂടുതൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ ഇവി വിപണിയിലെ സാന്നിധ്യം വിശാലമാക്കാനും ഉൽപ്പന്ന നിരയെ വൈവിധ്യവത്കരിക്കാനുമാണ് ബ്രാൻഡ് ലക്ഷ്യമിടുന്നതെന്നും പട്ടേൽ പറഞ്ഞു. 8.44 bhp പവറിൽ പരമാവധി 190 Nm torque വരെ ഉത്പാദിപ്പിക്കാൻ ABZO VS01 ഇവിയുടെ 72V 70 Ah ബാറ്ററി പായ്ക്കിനാവും.

ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളും ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഉണ്ട്. ഈ മൂന്ന് റൈഡിംഗ് മോഡുകളിലും യഥാക്രമം 45 കി.മീ, 65 കി.മീ, 85 കി.മീ എന്നിങ്ങനെയാണ് പരമാവധി വേഗത. പൂർണമായും ചാർജ്ജ് ചെയ്ത ബൈക്കിന് പരമാവധി 180 കിലോമീറ്റർ വരെ റേഞ്ച് കിട്ടുമെന്നും കമ്പനി അവകാശപ്പെടുന്നു.
റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യയോടെയാണ് ഇത് കൈവരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. ABZO VS01 ബൈക്ക് ചാർജ് ചെയ്യാനായി ഒരു സാധാരണ ചാർജർ ഉപയോഗിച്ചാൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ആറ് മണിക്കൂറും 35 മിനിറ്റും എടുക്കും. അതേസമയം മൂന്ന് മണിക്കൂറും 20 മിനിറ്റും കൊണ്ട് മോട്ടോർസൈക്കിൾ ടോപ്പ് അപ്പ് ചെയ്യാൻ അനുവദിക്കുന്ന ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്.


Click it and Unblock the Notifications








