90 കിഡ്‌സിന്റെ ആ സ്വപ്‌നം; 2 ലക്ഷം രൂപയ്ക്ക് വാങ്ങാവുന്ന ഫെയർഡ് സ്പോർട്‌സ് ബൈക്കുകൾ ഇതാ...
തൊണ്ണൂറുകളിൽ ജനിച്ചവരുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നിരിക്കാം ഒരു ഫെയർഡ് മോട്ടോർസൈക്കിളുകളിൽ ഒന്ന് വാങ്ങണം എന്നുള്ളത്. ധൂമിലൂടെയെല്ലാം നമ്മുടെ മനസിലേക്ക് ചേക്കേറിയ ഈ മോഡലുകൾ വിപണിയിൽ ഇപ്പോഴും ഹരമാണ്. നേക്കഡ്, സ്ട്രീറ്റ് ബൈക്കുകളുടെ കാലമാണ് ഇതെങ്കിലും ഇന്നും വൻ ഡിമാന്റാണ് ഫെയർഡ് പതിപ്പുകൾ നേടുന്നത്.
എന്നാൽ അക്കാലത്ത് ഫെയർഡ് ബൈക്കുകളൊന്നും കാര്യമായി വിപണിയിൽ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ ധാരാളം ഓപ്ഷനുകളാണ് ഒരാൾക്ക് തെരഞ്ഞെടുക്കാനുള്ളത്. പണ്ട് ഹീറോ കരിസ്‌മ, അല്ലെങ്കിൽ സെമി ഫെർഡ് പൾസർ 220 അതുമല്ലെങ്കിൽ ഒരു യമഹ R15 എന്നവ മാത്രമാണ് 90 കിഡ്‌സിന്റെ മുന്നിലുണ്ടായിരുന്ന ഓപ്ഷനുകൾ. ഇന്നും ഒരു ഫെയർഡ് ബൈക്ക് വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് 2 ലക്ഷം രൂപ വിലയിൽ താഴെ വാങ്ങാനാവുന്ന കിടിലൻ ചില മോഡലുകളെ പരിചയപ്പെടുത്തി തരാം.

ഹീറോ എക്‌സ്ട്രീം 200S: കരിസ്മയുടെ ആത്മീയ പിൻഗാമിയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാനാവുന്ന ഹീറോയുടെ സ്പോർട്ടിയർ മോഡലാണ് എക്‌സ്ട്രീം 200S. പണ്ടത്തെ ഇതിഹാസ ബൈക്കിന്റെ വാലിൽ പോലും കെട്ടാനാവില്ലെങ്കിലും ഡിസൈനിന്റെ കാര്യത്തിൽ ആളൊരൽപം മിടുക്കനാണ്. 200 സിസി മോട്ടോർസൈക്കിളായതിനാൽ തന്നെ മോശമല്ലാത്ത പെർഫോമൻസ് കണക്കുകളും ഇവന് നൽകാനാവും. ഇന്ത്യയിൽ വാങ്ങാനാവുന്ന ഏറ്റവും വില കുറവുള്ള ഫെയർഡ് മോഡൽ കൂടിയാണിത്. 1.36 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില.
സുസുക്കി ജിക്‌സർ SF: ശരിക്കും രാജ്യത്തെ ഫെയർഡ് മോട്ടോർസൈക്കിൾ സെഗ്മെന്റിലെ അണ്ടർറേറ്റഡ് മോഡലുകളിൽ ഒന്നാണിത്. ജാപ്പനീസ് വാഹനങ്ങളിൽ നിന്നും ലഭിക്കുന്ന കിടിലൻ റിഫൈൻമെന്റും പെർഫോമൻസും കോർത്തിണക്കിയാണ് സുസുക്കി ഈ ഫെയർഡ് ബൈക്ക് പണികഴിപ്പിച്ചിരിക്കുന്നത്. തുടക്കക്കാർക്കും പരിചയസമ്പന്നരായ റൈഡർമാർക്കും ഒരുപോലെ ആത്മവിശ്വാസം പ്രദാനം ചെയ്യുന്ന മോഡലിന് 1.38 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

ബജാജ് പൾസർ RS200: പെർഫോമൻസ് മോഡലുകൾക്ക് പേരുകേട്ട ബജാജ് മോട്ടോർസൈക്കിൾ നിരയിലെ താരമാണ് പൾസർ RS200. 2015 മുതൽ വിപണിയിലുള്ള ഈ ബൈക്ക് യുവതലമുറയിലെ ആളുകളുടെ ജനപ്രിയനാണ്. ഏറ്റവും വേഗതയേറിയ പൾസർ എന്ന വിശേഷണമാണ് കമ്പനി RS200-ന് നൽകിയിരിക്കുന്നതും. കിടിലൻ പെർഫോമൻസിനൊപ്പം മികച്ച ഹാൻഡിലിംഗും നൽകാൻ ഈ ഫെയർഡ് മോഡലിനാവും. എന്നാൽ ആധുനിക ഫീച്ചറുകളുടെ അഭാവം ഒരു വലിയ പോരായ്മ തന്നെയാണ്. 1.71 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്.
യമഹ R15 V4: ഈ മോഡലിനെ അറിയാത്തവരായി ആരും തന്നെ കാണില്ല. ഇന്ത്യൻ വിപണിയിലെ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് ശ്രേണിയിൽ ഇത്രയും തരംഗമായ മറ്റൊരു മോട്ടോർസൈക്കിളും ഉണ്ടാവുമെന്നും തോന്നുന്നില്ല. അതിശയകരമായ ഡിസൈനും പെർഫോമൻസും കൂടി കലരുന്ന ഈ യമഹ ബൈക്ക് നിങ്ങൾക്ക് 2 ലക്ഷം രൂപയിൽ താഴെ വാങ്ങാൻ കഴിയുന്ന മികച്ച ഫെയർഡ് ബൈക്കുകളിൽ ഒന്നാണ്.

ഇതിന്റെ ഏറ്റവും പുതിയ M വേരിയന്റിൽ ബ്ലൂടൂത്ത് ഉള്ള TFT ഡിസ്‌പ്ലേ, ട്രാക്ഷൻ കൺട്രോൾ, ക്വിക്ക്‌ഷിഫ്റ്റർ തുടങ്ങിയ അധിക ഫീച്ചറുകളും ജാപ്പനീസ് വാഹന നിർമാതാക്കളായ യമഹ കൂട്ടിച്ചേർത്തിട്ടുണ്ട്. യമഹയുടെ നിരയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡലും R15 തന്നെയാണ്. ശേഷി കുറഞ്ഞ 155 സിസി എഞ്ചിനാണ് ബൈക്കിലുള്ളതെങ്കിലും ഏതാണ് 18.4 bhp പവറിൽ 14.2 Nm torque വരെ ഇതിന് നൽകാനാവും. 1.80 ലക്ഷം രൂപയാണിതിന്റെ വില വരുന്നത്.
കെടിഎം RC125: ഓസ്ട്രിയൻ സ്പോർട്സ് ബൈക്ക് നിർമാതാക്കളായ കെടിഎം സാധാരണക്കാരിലേക്ക് ഇറങ്ങിചെല്ലാൻ തീരുമാനിച്ചതിന്റെ ഫലമായി രൂപമെടുത്ത മോഡലാണ് RC125. വലിയ RC200, RC390 എന്നിവയുടെ അതേ രൂപം വഹിക്കുന്നതാണ് ഈ ബേബി RC. അതേ പ്രീമിയം ഹാർഡ്‌വെയർ സജ്ജീകരണങ്ങളും ഫെയഡ് പതിപ്പിനെ വേറിട്ടുനിർത്തുന്നുണ്ട്. 1.88 ലക്ഷം രൂപയാണ് ഇതിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








