കുറഞ്ഞവിലക്ക് ഒരു സൂപ്പർബൈക്ക്, കെടിഎമ്മിനും ബജാജിനും ഇറ്റാലിയൻ കുരുക്ക്; അറിയേണ്ടതെല്ലാം
കെടിഎമ്മും കവസാക്കിയും ഡ്യുക്കാട്ടിയുമെല്ലാം അരങ്ങുവാഴുന്ന സ്പോർട്‌സ് ബൈക്ക് സെഗ്മെന്റ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. പുതിയ മോഡലുകൾ ഈ വിഭാഗത്തിലേക്ക് എത്തുന്നതാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം തന്നെ. കൃത്യമായ വിലയിൽ ന്യായമായ സാധനം നൽകിയാൽ വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുന്നതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ കാഴ്ച്ച. അടുത്തിടെ ഹാർലി ഡേവിഡ്‌സണും ട്രയംഫും അറിഞ്ഞ വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ച ഘടകവും ഇതുതന്നെയാണ്.
ഇന്ത്യയിൽ കെടിഎമ്മിന്റെ കുത്തകയായ സെഗ്മെന്റ് പിടിക്കാൻ ഒരുങ്ങുകയാണ് അപ്രീലിയ എന്ന ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ. അതിന്റെ ഭാഗമായി അടുത്തിടെ ആഗോളതലത്തിൽ അവതരിപ്പിച്ച RS 457 സ്‌പോർട്‌സ് ബൈക്കിനെ ഇപ്പോഴിതാ ഇന്ത്യയിലും ഔദ്യോഗികമായി പരിചയപ്പെടുത്തിയിരിക്കുകയാണ് കമ്പനി. മഹാരാഷ്ട്രയിലെ ബാരാമതിയിൽ സ്ഥിതി ചെയ്യുന്ന പിയാജിയോ ഇന്ത്യയുടെ നിർമാണ പ്ലാന്റിലാണ് മോട്ടോർസൈക്കിൾ പൂർണമായും നിർമിക്കുന്നത്. അതിനാൽ താങ്ങാനാവുന്ന വിലയിൽ മോഡൽ ലഭ്യമാവുമെന്നാണ് വിവരം.

ഇന്ത്യയിൽ നടക്കുന്ന ഭാരത് മോട്ടോജിപിയോട് അനുബന്ധിച്ചാണ് അപ്രീലിയ RS 457 മോട്ടോർസൈക്കിളിന്റെ അവതരണം നടന്നിരിക്കുന്നത്. വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും സ്പോർട് ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട് ഇപ്പോൾ. റേസിംഗ് ഹെറിറ്റേജ്, സൂപ്പർ സ്‌പോർട്‌സ് സ്റ്റൈലിംഗ്, ട്വിൻ സിലിണ്ടർ എഞ്ചിൻ എന്നിവയോടെ എത്തുന്നതാണ് ഈ എൻട്രി ലെവൽ സൂപ്പർബൈക്കിന്റെ ഹൈലൈറ്റുകൾ. നിങ്ങൾക്കിത് വാങ്ങാൻ താത്പര്യമുണ്ടെങ്കിൽ ഈ പുതിയ പടക്കുതിരയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തെല്ലാമെന്ന് ഒന്ന് പറഞ്ഞുതരട്ടെ.
ബുക്കിംഗും വിലയും: ഇന്ത്യയിൽ നടക്കുന്ന മോട്ടോജിപി റേസിംഗിനോട് അനുബന്ധിച്ച് അപ്രീലിയ RS 457 സ്പോർട്‌സ് ബൈക്കിന്റെ പ്രദർശനം നടന്നുവെങ്കിലും വില പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും അധികം വൈകാതെ മോട്ടോർസൈക്കിളിനായുള്ള അവതരണം നടക്കുമെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം പുതിയ സൂപ്പർ സ്പോർട് ബൈക്കിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

സ്റ്റൈൽ: അപ്രീലിയയുടെ RS 660, RSV4 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ശൈലിയാണ് പുതിയ RS 457 മോഡലും പിന്തുടർന്നിരിക്കുന്നത്. വൈസറിനൊപ്പം സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം ബൈക്കിന്റെ സ്പോർട്ടിയർ രൂപത്തിൽ എറിച്ചുനിൽക്കുന്നുണ്ട്. ഫെയറിംഗിൽ എയ്റോഡൈനാമിക്‌സ് മെച്ചപ്പെടുത്താൻ സാധ്യതയുള്ള വെന്റുകളും നൽകിയിട്ടുണ്ട്. ഫ്യുവൽ ടാങ്ക് മസ്ക്കുലറായാണ് കാണപ്പെടുന്നത്. കൂടാതെ സ്പോർട്‌സ് ബൈക്ക് ആയതിനാൽ തന്നെ ഒരു ക്ലിപ്പ്-ഓൺ ഹാൻഡിൽബാറാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.
ഫീച്ചറുകൾ: 5 ഇഞ്ച് വലിപ്പമുള്ള TFT സ്ക്രീനുമായാണ് അപ്രീലിയ RS 457 മോട്ടോർസൈക്കിൾ വരുന്നത്. ഈ സ്‌ക്രീനിലൂടെ റൈഡർക്ക് ട്രാക്ഷൻ കൺട്രോൾ, റൈഡിംഗ് മോഡുകൾ, റൈഡ്-ബൈ-വയർ എന്നീ മൂന്ന് തലങ്ങളിലൂടെ ക്രമീകരിക്കാനാകും. ക്ലച്ച്‌ലെസ് അപ്പ് ഷിഫ്റ്റുകൾക്കായി ബ്രാൻഡ് ഓപ്‌ഷണൽ ക്വിക്ക്‌ഷിഫ്റ്ററും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ, മുടക്കുന്ന വിലയെ ന്യായീകരിക്കാനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഓഫറിലുണ്ട്.

എഞ്ചിൻ: 47 bhp പവർ ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്‌തിരിക്കുന്ന 457 സിസി ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ, DOHC, ഫോർ വാൽവ് എഞ്ചിനാണ് അപ്രീലിയ RS 457 എൻട്രി ലെവൽ സൂപ്പർബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. എഞ്ചിനും എക്‌സ്‌ഹോസ്റ്റ് നോട്ടും മെച്ചപ്പെടുത്താൻ സഹായിക്കുന്ന 270-ഡിഗ്രി ക്രാങ്ക് ഓർഡറാണ് ഇറ്റാലിയൻ ബ്രാൻഡ് മോഡലിൽ ഉപയോഗിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചിനൊപ്പം ക്വിക്ക്ഷിഫ്റ്റുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
മെക്കാനിക്കലുകൾ: ഹാർഡ്‌വെയർ വിഭാഗത്തിന്റെ കാര്യത്തിൽ അപ്രീലിയ RS 457 സസ്‌പെൻഷനായി മുൻവശത്ത് പ്രീ-ലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള 41 mm അപ്സൈഡ് ഡൌൺ (USD) ഫോർക്കുകളും പിന്നിൽ സ്റ്റീൽ സ്വിംഗാർമിനൊപ്പം പ്രീ-ലോഡായി ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി അപ്രീലിയ മോട്ടോർസൈക്കിളിന്റെ മുന്നിൽ ബിബ്രെ റേഡിയൽ മൗണ്ടഡ് ഫോർ പിസ്റ്റൺ കാലിപ്പറുള്ള 320 mm ഫ്രണ്ട് ഡിസ്ക്കും പിന്നിൽ ബിബ്രെ കാലിപ്പറുള്ള 220 mm സ്റ്റീൽ ഡിസ്‌ക്കുമാണ് ഒരുക്കിയിരിക്കുന്നത്.

അധിക സുരക്ഷക്കും പ്രായോഗികതയ്ക്കുമായി ഡ്യുവൽ-ചാനൽ എബിഎസ്, സ്വിച്ചബിൾ റിയർ എബിഎസും സ്റ്റാൻഡേർഡായി തന്നെ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 17 ഇഞ്ച് അലോയ് വീലുകളാണ് മോട്ടോർസൈക്കിളിനുള്ളത്. മുൻവശത്ത് 110/70 സെക്ഷൻ ടയറുകളും പിന്നിൽ 150/60 സെക്ഷൻ ടയറുമാണ് അപ്രീലിയ തങ്ങളുടെ ഏറ്റവും പുതിയ മെയ്‌ഡ് ഇൻ ഇന്ത്യ RS 457 സ്പോർട്‌സ് ബൈക്കിൽ ഉപയോഗിക്കുന്നത്.


Click it and Unblock the Notifications








