ഓലയ്ക്ക് ലോക്കിടാൻ സമയമായി, റോക്കറ്റ് സ്‌കൂട്ടറിന്റെ വരവിന് തീയതി കുറിച്ച് ഏഥർ എനർജി
നമ്മുടെ യൂത്ത് പോലും ഇപ്പോൾ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. പെർഫോമൻസ് മോഡലുകളാണ് ഇത്തരക്കാർക്ക് പ്രിയമെങ്കിലും അതിനുപോന്ന മോഡലുകളൊന്നും ഇവി രംഗത്തില്ലെന്ന് പരാതി പറയുന്നവരാണ് അധികവും. എങ്കിലും പോർഫോമൻസും സ്പോർട്ടിനെസും കൂടിക്കലർന്ന വൈദ്യുത വാഹനം എന്നുകേൾക്കുമ്പോൾ മിക്കവരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരായിരിക്കും ഏഥർ എനർജിയുടേത്.
ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി യുവഹൃദയങ്ങളുടെ പ്രിയപ്പെട്ട ഇവി ബ്രാൻഡായി മാറിയിട്ടുണ്ട്. പോരാത്തത്തിന് ഒരു പെർഫോൻസ് ഇലക്‌ട്രിക് സ്‌കൂട്ടർ കൂടി നിരയിലേക്ക് എത്തിച്ച് യൂത്തിനെ കൈയിലെടുക്കാൻ പോവുകയാണ് കമ്പനിയിപ്പോൾ. ഇതിനായി ബ്രാൻഡ് കണ്ടുവെച്ചിരിക്കുന്നതാവട്ടെ 450 അപെകസ് എന്ന പുത്തൻ സ്‌കൂട്ടറിനെയാണ്. പുതിയ ഫ്ലാഗ്ഷിപ്പ് ഇവിയുടെ ടീസറുകള്‍ പുറത്തുവിട്ട് ഏഥർ കഴിഞ്ഞ ദിവസം ഹൈപ്പുയര്‍ത്തുകയും ചെയ്‌തിരുന്നു.

ദേ ഇപ്പോൾ പുതിയ 450X അപെക്‌സ് ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിക്കുന്ന തീയതിയും പുറത്തുവിട്ട് ആകാംക്ഷയുയർത്തുകയാണ് ഏഥർ എനർജി. ജനുവരി ആറിന് പെർഫോമൻസ് ഇവി മോഡലിനെ രാജ്യത്തിനായി സമർപ്പിക്കും. ബെംഗളൂരു ബ്രാൻഡിന്റെ മുൻനിര മോഡലായാവും വരാനിരിക്കുന്ന സ്‌കൂട്ടർ ഇടംപിടിക്കുക. വാഹനം വാങ്ങാൻ താത്പര്യമുള്ളവർക്കായി ഇതിനോടകം തന്നെ കമ്പനി പ്രീ-ബുക്കിംഗും ആരംഭിച്ചിരുന്നു. 2,500 രൂപ ടോക്കൺ തുകയ്‌ക്ക് നൽകി ഇവി ഇപ്പോൾ റിസർവ് ചെയ്‌തിടാം.
ഇതിനായി ഏഥർ എനർജിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഉപഭോക്താക്കൾക്ക് പുതിയ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്യാം. അവതരണം ജനുവരിയിൽ ഉണ്ടാവുമെങ്കിലും 450X അപെക്‌സിന്റെ ഡെലിവറികൾ 2024 മാർച്ച് മാസത്തോടെയാവും ആരംഭിക്കുക. വരാനിരിക്കുന്ന ഇലക്ട്രിക് പെർഫോമൻസ് പതിപ്പ് 450X മോഡലിൽ നിലവിൽ ലഭ്യമായ വാർപ്പ് മോഡിന് പകരമായി വാർപ്പ് പ്ലസ് എന്ന പുതിയ റൈഡിംഗ് മോഡുമായി വരും എന്നതാണ് പ്രത്യേകത.

ഒരുപക്ഷേ വാര്‍പ്പ് മോഡിന്റെ പകരമായിരിക്കും ഏഥര്‍ 450X അപെക്‌സില്‍ വാര്‍പ്പ് പ്ലസ് റൈഡിംഗ് മോഡ് എത്തുകയെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്. ഏഥറിന്റെ നിരയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും 450X അപെക്‌സ്. നിലവിലെ 450X 3.3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. ഇതിലും മിന്നുന്ന പ്രകടനമായിരിക്കും പുത്തൻ ഇവിക്ക് മുന്നോട്ടുവെക്കാൻ കഴിയുക.
450X അപെക്‌സ് മൾട്ടി-ലെവൽ ബ്രേക്ക് റീജനറേഷനുമായി വരുമെന്ന് പ്രതീക്ഷിക്കുന്നതായും മുൻ ടീസറുകൾ വെളിപ്പെടുത്തുന്നുണ്ട്. അതിനാൽ റൈഡർക്ക് ബ്രേക്ക് അധികം ഉപയോഗിക്കേണ്ടി വരില്ല. പകരം റൈഡർ ത്രോട്ടിൽ വിടുമ്പോഴേക്കും സ്കൂട്ടർ ബ്രേക്ക് റീജനറേറ്റ് ചെയ്യാൻ തുടങ്ങും. അതായത് ബ്രേക്ക് റീജനറേഷന്റെ അളവ് വര്‍ധിപ്പിക്കുന്നതിന് റൈഡര്‍ക്ക് ത്രോട്ടില്‍ മറുവശത്തേക്ക് ട്വിസ്റ്റ് ചെയ്യാന്‍ കഴിയും.

ഇതുവഴി ഇലക്ട്രിക് സ്‌കൂട്ടറിന്റെ റേഞ്ച് വര്‍ധിക്കുകയും ചെയ്യും. 450X അപെക്‌സിന്റെ ബാറ്ററി പായ്ക്കിലും ഇലക്ട്രിക് മോട്ടോറിലും ഏഥർ എനർജി മാറ്റങ്ങൾ വരുത്തുമോ ഇല്ലയോ എന്നത് വ്യക്തമല്ല. ലുക്ക് വർധിപ്പിക്കാനായി ചിലപ്പോൾ ട്രാൻസ്പരൻ്റ് പാനലുകളും മോഡിലേക്ക് അവതരിപ്പിച്ചേക്കും. അല്ലെങ്കിൽ വ്യത്യസ്ത വർണ്ണ സ്കീമുകളുടെ രൂപത്തിൽ ചില കോസ്മെറ്റിക് മാറ്റങ്ങൾ ഇവിക്ക് ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ ഇയർ എണഡ് ഓഫറിന്റെ ഭാഗമായി 2023 ഡിസംബർ 31 വരെ 450X, 450S മോഡലുകളിൽ 24,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് 6,500 രൂപ ക്യാഷ് ബെനഫിറ്റുകൾ ഉൾപ്പെടെ 24,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഡിസംബറിലേക്കായി ഒരുക്കിയിരിക്കുന്നത്. ഇതിൽ 5,000 രൂപയോടൊപ്പം കോർപ്പറേറ്റ് ആനുകൂല്യമായി 1,500 രൂപയും അധികമായും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഇവി പുറത്തിറക്കി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു സുപ്രധാന പ്രൊഡക്ഷൻ നേട്ടം താണ്ടിയിരിക്കുകയാണ് ഏഥര്‍ എനര്‍ജി. തങ്ങളുടെ ഹൊസൂര്‍ പ്ലാന്റില്‍ നിന്ന് 2 ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയാണ് ഏഥര്‍ ചരിത്രം രചിച്ചിരിക്കുന്നത്. 2018-ല്‍ മുന്‍നിര മോഡലായ 450-യിലൂടെ ആയിരുന്നു കമ്പനിയുടെ തുടക്കം. 2020-ലാണ് കമ്പനി ഏഥര്‍ 450X എന്ന പേരില്‍ തങ്ങളുടെ രണ്ടമത്തെ മോഡല്‍ പുറത്തിറക്കിയത്. ഇതിന്റെ മൂന്നാം തലമുറ പതിപ്പാണ് നിലവില്‍ വില്‍പ്പനക്കെത്തുന്നത്.


Click it and Unblock the Notifications








