70,000 കി.മീ. താണ്ടിയ ഏഥർ സ്‌കൂട്ടർ, കണ്ടീഷൻ കണ്ടാൽ ആരായാലും അമ്പരന്ന് പോവും, യെവൻ പുലിയാണേ
പച്ച നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ നമ്മുടെ നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്. ഇന്ധന വില കൂടിയതോടെ ആളുകളെല്ലാം ബദൽ മാർഗങ്ങൾ തേടിയാണ് ഇവികളിലേക്ക് ചേക്കേറി തുടങ്ങിയത്. ഇതിന് സഹായകരമായത് വൈദ്യുത ഇരുചക്ര വാഹന വിഭാഗമാണെന്ന് നിസംശയം പറയാം. പക്ഷേ എത്രകാലം ഉപയോഗിക്കാനാവുമെന്ന സംശയവും ആശങ്കകളും എല്ലാവരിലും ഉണ്ടെന്നത് വാസ്‌തവമാണ്. പെട്രോൾ ടൂവീലുകളെ അപേക്ഷിച്ച് എത്രത്തോളം ഇവ ഈടുനിൽക്കുമെന്ന കാര്യത്തിൽ ആർക്കും ഉറപ്പു പറയാനാവില്ല.
എങ്കിലും ഇന്ന് ഇവികൾ വാങ്ങുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവും സംഭവിച്ചിട്ടുണ്ട്. പുത്തനൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിയേക്കാമെന്ന് പ്ലാനിട്ടുകഴിഞ്ഞാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് ഏഥർ എനർജിയുടേത്. കിടിലൻ ഡിസൈനും പെർഫോമൻസുമായി ആളുകളുടെ മനസിൽ ഇടംപിടിച്ച ഇവി ബ്രാൻഡാണിത്. 2019-ൽ തന്നെ വൈദ്യുത വാഹന രംഗത്തേക്ക് ഇറങ്ങിയ കമ്പനിയുടെ വളർച്ചയും അതിവേഗമായിരുന്നു.

മുകളിൽ പറഞ്ഞൊരു കാര്യമില്ലേ ഇലക്ട്രിക് വണ്ടികൾ എത്രത്തോളം ഈടുനിൽക്കുമെന്ന കാര്യത്തിലുള്ള പലരുടേയും സംശയത്തെപ്പറ്റി. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന പലരുടെയും ഒരു ആശങ്ക ബാറ്ററി ലൈഫാണ്. ഏതൊരു വൈദ്യുത ഉപകരണത്തിനും സമാനമായി ബാറ്ററിയുടെ ആയുസ് വഷളാകുന്ന ചില ഘട്ടങ്ങളിൽ അത് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഇതൊരു ചെലവേറിയ കാര്യമാണെന്നതിൽ സംശയമൊന്നുമില്ല.
ഈടുനിൽക്കുന്ന കാര്യത്തിലും എത്രകാലം വരെ അല്ലെങ്കിൽ എത്രത്തോളം കിലോമീറ്ററുകൾ താണ്ടാൻ ഇവികൾക്കാവുമെന്ന ആശങ്കകൾക്ക് മറുപടി നൽകുകയാണ് ഒരു പഴയ ഏഥർ 450 ഇലക്ട്രിക് സ്‌കൂട്ടർ. 70,000 കിലോമീറ്റർ പിന്നിട്ട മൂന്ന് വർഷം പഴക്കമുള്ള ഇവി സ്‌കൂട്ടറുമായുള്ള അനുഭവം പങ്കിടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ സംസാര വിഷയം. ഇത്രയും ഓടിയ മോഡലിന്റെ റേഞ്ച് കണക്കുകളും പെർഫോമൻസ് ടെസ്റ്റുമാണ് വീഡിയോയുടെ കണ്ടന്റ്.

ടെച്ചിഗ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തുടർന്ന് മൂന്ന് വർഷം പഴക്കമുള്ള ഏഥർ 450-യുമായുള്ള അനുഭവവും റൈഡർ ട്വിറ്ററിൽ പങ്കുവച്ചു. ആതർ എനർജിയുടെ സഹസ്ഥാപകനും സിഇഒയുമായ തരുൺ മേത്ത ഈ സ്‌കൂട്ടറിനെക്കുറിച്ചുള്ള പോസ്റ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തതോടെയാണ് സംഭവം ക്ലിക്കായത്. കഴിഞ്ഞ മൂന്ന് വർഷമായി ഉടമ ഇലക്ട്രിക് സ്‌കൂട്ടർ വ്യാപകമായി ഉപയോഗിച്ചുവരികയാണ്.
റഫ് യൂസായതിനാൽ തന്നെ ചില ബോഡി പാനലുകൾക്ക് കോട്ടം സംഭവിച്ചിട്ടുണ്ടെന്ന് വീഡിയോയിലൂടെ വ്യക്തമാണ്. സ്‌കൂട്ടർ ഫീൽഡ് വർക്കിനും കമ്പനി ആവശ്യത്തിനും ഉപയോഗിച്ചിരുന്നതായാണ് ഉടമ വീഡിയോയിൽ പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 70,000 കിലോമീറ്റർ പിന്നിട്ട ഇവിയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം കൂടിയാണിത്. മൂന്ന് വർഷത്തിന് ശേഷം സ്കൂട്ടറിന്റെ റേഞ്ചിലും പെർഫോമൻസിലും എന്തെല്ലാം മാറ്റങ്ങൾ വരുമെന്ന് അറിയാൻ ആഗ്രഹമുള്ളവർക്ക് ഇതൊരു തെളിവാണ്.

ഇക്കാലമത്രയും റഫ് യൂസ് ചെയ്‌തിട്ടുള്ള ബാറ്ററി പെർഫോമൻസും കിട്ടുന്ന റേഞ്ചും അറിയാനായി ഉടമ ഏഥർ സ്‌കൂട്ടർ പൂർണമായും ചാർജ് ചെയ്യുന്നുണ്ട്. 100 ശതമാനം ബാറ്ററിയിൽ, ഇക്കോ മോഡിൽ സ്കൂട്ടർ 75 കിലോമീറ്റർ റേഞ്ച് തരുമെന്നാണ് കാണിക്കുന്നത്. റൈഡ് മോഡിലേക്ക് മാറിയപ്പോൾ റേഞ്ച് 65 കിലോമീറ്ററായി കുറഞ്ഞു, സ്‌പോർട്ട് മോഡിൽ ഇത് 55 കിലോമീറ്ററായി.
റൈഡർ ട്രിപ്പ് മീറ്റർ റീസെറ്റ് ചെയ്‌ത് യാത്ര ആരംഭിച്ചു, പ്രധാനമായും ഇക്കോ മോഡിൽ തന്നെ റൈഡ് തുടരാനാണ് ശ്രമം.മോഡുകൾക്കിടയിൽ മാറാതെ നഗരത്തിനുള്ളിൽ കൂടുതലും റൈഡ് നടത്തുകയും ചെയ്തു. ഏകദേശം 14 കിലോമീറ്ററിന് ശേഷം ഉടമ ആദ്യ ലക്ഷ്യസ്ഥാനത്ത് എത്തി. ബെംഗളൂരുവിലെ തിരക്കേറിയ റോഡുകളിലൂടെ നിരവധി ഫ്ലൈ ഓവറുകൾക്ക് മുകളിലൂടെ യാത്ര തുടർന്നു.

ഈ സാഹചര്യങ്ങളിലും ഏഥർ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതായി കാണാം. 33.5 കിലോമീറ്റർ പിന്നിട്ട സ്‌കൂട്ടറിൽ യു-ടേൺ ചെയ്യുമ്പോൾ 65 ശതമാനം ബാറ്ററി ചാർജാണ് ശേഷിക്കുന്നത്. ലൂസ് ബോഡി പാനലുകൾ കാരണം ചില ശബ്ദങ്ങളും വീഡിയോയിലൂടെ കേൾക്കാനാവുന്നുണ്ട്. എന്നിട്ടും സ്കൂട്ടർ പ്രായത്തിന്റെ മറ്റ് ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നതും അതിശയിപ്പിക്കുന്ന കാര്യമാണ്.
സിറ്റി ട്രാഫിക്കിനെ അഭിമുഖീകരിച്ച് ഇക്കോ മോഡിൽ തുടർച്ചയായി റൈഡിംഗ് ചെയ്‌തത്. 19 ശതമാനം ബാറ്ററി ശേഷിക്കുമ്പോഴാണ് 75 കിലോമീറ്റർ പിന്നിടാൻ കഴിഞ്ഞത്. അതിനർഥം ക്ലസ്റ്ററിൽ ആദ്യം കാണിച്ച റേഞ്ചിനേക്കാൾ കൂടുതൽ കൈവരിക്കാൻ ഉടമക്ക് സാധിക്കുമെന്ന് സാരം. ഡിസ്പ്ലേ പറയുന്നത് അനുസരിച്ച് ശേഷിക്കുന്ന 19 ശതമാനം ബാറ്ററിയിൽ 12 കിലോമീറ്റർ റേഞ്ച് നൽകാൻ ഏഥർ സ്‌കൂട്ടറിന് ബാറ്ററി തീരുന്നതുവരെ സ്കൂട്ടർ ഓടിക്കുക എന്നതായിരുന്നു ഉടമയുടെ ലക്ഷ്യം.
ഏഥർ 450 തുടർച്ചയായി പ്രദർശിപ്പിച്ചതിനേക്കാൾ കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് പൂർണമായി ചാർജ് ചെയ്ത ബാറ്ററി സ്കൂട്ടറിൽ 88.4 കിലോമീറ്റർ ദൂരം പിന്നിടാനായി. ബാറ്ററി ശതമാനം പൂജ്യത്തിലെത്തിയതിന് ശേഷവും സ്കൂട്ടറിൽ 1 കിലോമീറ്ററിലധികം പോവാനുമെന്നും റൈഡർ ചൂണ്ടിക്കാട്ടി. ഇതോടെ ഇവികളുമായി ബന്ധപ്പെട്ട പലരുടേയും സംശയത്തിന് ഉത്തരമായിട്ടുണ്ടാവും അല്ലേ. ദീർഘകാലാടിസ്ഥാനത്തിൽ കാര്യമായ പെർഫോമൻസ് കുറവോ ബാറ്ററിയുമായി ബന്ധപ്പെട്ട ആശങ്കകളോയില്ലാതെ ഇലക്ട്രിക് സ്‌കൂട്ടറുകൾ കൊണ്ടുനടക്കാം.


Click it and Unblock the Notifications








