ഓലയുടെ കാറ്റൂരാൻ ഏഥറിന്റെ ബജറ്റ് സ്‌കൂട്ടർ; 450S ഇവിക്കായുള്ള ബുക്കിംഗ് തുടങ്ങി
ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്ത് പരസ്‌പരം മത്സരിക്കുന്ന രണ്ട് മുൻനിര ബ്രാൻഡുകളാണ് ഏഥറും ഓലയും. ഇതിൽ രണ്ട് കമ്പനികളും ഇപ്പോൾ തങ്ങളുടെ നിരയിലേക്ക് കൂടുതൽ താങ്ങാനാവുന്ന രണ്ട് മോഡലുകളെ പരിചയപ്പെടുത്തുകയാണ്. ഓല S1 എയർ എന്ന വില കുറഞ്ഞ മോഡലിന്റെ പർച്ചേസ് വിൻഡോ ആരംഭിച്ചപ്പോൾ തങ്ങളും ഒട്ടുപിന്നിലല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബെംഗളൂരു ആസ്ഥാനമായുള്ള ഏഥറും അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.
തങ്ങളുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ 450S ഇവിയുടെ പ്രീ-ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതായി ഏഥർ എനർജി അറിയിച്ചു. പുത്തൻ മോഡൽ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2,500 രൂപ മുൻകൂറായി അടച്ച് വരാനിരിക്കുന്ന ബജറ്റ് ഫ്രണ്ട്‌ലി മോഡൽ സ്വന്തമാക്കാനാവും. ഈ തുക പിന്നീട് പൂർണമായും റീഫണ്ട് ചെയ്യാവുന്നതാണെന്നും ഏഥർ പറയുന്നു. വിലയുടെ കാര്യത്തിൽ ബ്രാൻഡിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറായി പുതിയ 450S അറിയപ്പെടും.

നേരത്തെ പരിചയപ്പെടുത്തിയ 450S എന്ന മോഡലിന്റെ ഔദ്യോഗിക അവതരണം 2023 ഓഗസ്റ്റ് മൂന്നിനാണ് നടത്താനായി ഏഥർ തയാറെടുത്തിരിക്കുന്നത്. 450X മോഡലിന്റെ വില കുറവുള്ള ഒരു എൻട്രി ലെവൽ വേരിയന്റായാണ് 450S പുറത്തിറക്കുന്നത്. എങ്കിലും താരതമ്യേമന വില കുറവുള്ള ഇലക്ട്രിക് സ്‌കൂട്ടർ എന്നൊന്നും ഇതിനെ വിളിക്കാനാവില്ല. 1.30 ലക്ഷം രൂപയായിരിക്കും വരാനിരിക്കുന്ന ഏഥർ 450S വേരിന്റിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
ഇതൊരു ആമുഖ വിലയായിരിക്കുമെന്നും പിന്നീട് ഇതിൽ മാറ്റമുണ്ടാവുമെന്നും ലോഞ്ചിന് മുമ്പേ ഏഥർ അറിയിച്ചിട്ടുണ്ട്. FAME-II സബ്‌സിഡി അടുത്തിടെ വെട്ടിക്കുറച്ചതോടെ 450X ഇ-സ്‌കൂട്ടർ ലൈനപ്പ് കൂടുതൽ ചെലവേറിയതായി അടുത്തിടെ മാറുകയും ചെയ്‌തിരുന്നു. ഇതാണ് വിലയിൽ ഇത്രയും വലിയ മാറ്റം വരാനുണ്ടായ കാരണം. 450X പ്രീമിയം മോഡലിൽ കാണുന്ന 3.7kWh ബാറ്ററി പായ്ക്കിനേക്കാൾ ചെറിയ ബാറ്ററിയുമായാവും എൻട്രി ലെവൽ ഏഥറിന്റെ വരവ്.

എന്നാൽ സമാനമായ മോട്ടോർ സജ്ജീകരണമായിരിക്കും പുതിയ 450S ഇലക്ട്രിക് സ്‌കൂട്ടറിനുണ്ടാവുകയെന്നാണ് അനുമാനം. മോട്ടോർ 6.4 kW അല്ലെങ്കിൽ 8.58 bhp പരമാവധി പവറിൽ 26 Nm torque വരെ ഉത്പാദിപ്പിക്കാനായാവും ക്രമീകരിച്ചിരിക്കുന്നത്. ടോപ്പ് സ്പീഡ് കമ്പനിയുടെ പ്രീമിയം ഇവിക്ക് സമാനമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. 450X-ലെ ബാറ്ററി പായ്ക്ക് 3.7 kWh ശേഷിയുള്ളതിനാൽ IDC അവകാശപ്പെടുന്ന റേഞ്ച് 146 കിലോമീറ്ററാണ്.
എന്നാൽ പുതുതായി വരാനിരിക്കുന്ന മോഡലിന് 3 kWh ബാറ്ററി പായ്ക്കും 115 കിലോമീറ്റർ റേഞ്ചുമായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് അനുമാനം. ചില പ്രധാന ഫീച്ചറുകൾ ഒഴിവാക്കിയാവും വരാനിരിക്കുന്ന വില കുറവുള്ള മോഡലിനെ പുറത്തിറക്കുക. ഏഥറിന്റെ പ്രീമിയം മോഡലായ 450X ഇവിയിൽ കാണുന്ന ടച്ച്‌സ്‌ക്രീൻ TFT യൂണിറ്റിന് പകരം സ്‌കൂട്ടറിൽ എൽസിഡി സ്‌ക്രീനാണ് കമ്പനി 450S സ്കൂട്ടറിന് നൽകിയിരിക്കുന്നത്.

450S മോഡലിലെ യൂണിറ്റ് വളരെ ലളിതമാണെങ്കിലും കളർ എൽസിഡി യൂണിറ്റായിരിക്കുമിത്. ആയതിനാൽ ഗൂഗിൾ മാപ്‌സ് നാവിഗേഷൻ, ഡോക്യുമെന്റ് സ്‌റ്റോറേജ് തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉണ്ടാവില്ലെന്നാണ് അനുമാനം. സ്കൂട്ടറിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉണ്ടാകുമോ ഇല്ലയോ എന്നതും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചാർജിംഗിന്റെ കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലു ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ഉണ്ടാവാനുള്ള സാധ്യതയും വിരളമാണ്.
0 മുതൽ 80 ശതമാനം വരെ ചാർജാവാൻ 12 മണിക്കൂറും 15 മിനിറ്റും ഫുൾ ചാർജിനായി 15 മണിക്കൂറും 20 മിനിറ്റും എടുക്കുന്ന കുറഞ്ഞ ശേഷിയുള്ള ചാർജർ ഉപയോഗിച്ച് അടിസ്ഥാന മോഡൽ വിപണനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ ലോഞ്ച് സമയത്ത് അറിയാൻ കഴിയും. ഇന്ത്യയിലുള്ള 125 സിസി പെട്രോൾ സ്കൂട്ടറുകളിൽ നിന്ന് ഉപഭോക്താക്കളെ ആകർഷിക്കാനും അവർക്കുമേൽ അപ്രമാധിത്തം സ്ഥാപിക്കാനും ഏഥറിന് 450S ഇവിക്ക് സാധിക്കും.

വിപണിയിൽ ലഭ്യമായ പരമ്പരാഗത 125 സിസി പെട്രോൾ സ്‌കൂട്ടറുകളെ അപേക്ഷിച്ച് സമാനമായ പെർഫോമൻസും മികച്ച റൈഡിംഗ് അനുഭവവുമാണ് ഏഥർ 450S നൽകുന്നത് എന്നാണ് കമ്പനിയുടെ അവകാശവാദം. ഓല S1 എയർ കൂടി കുറഞ്ഞ വിലയിൽ എത്തിയതോടെ ഏഥറിന് എത്രത്തോളം ശോഭിക്കാനാവുമെന്ന് കണ്ടറിയണം. പ്രീമിയം സ്കൂട്ടർ ഫീലുള്ളതിനാൽ ആളുകൾക്ക് ബ്രാൻഡിനോട് പ്രത്യേക താത്പര്യമാണുള്ളത് എന്നത് കണക്കിലെടുക്കുമ്പോൾ ഇത് വിജയം കണ്ടേക്കാം.


Click it and Unblock the Notifications








