ഓലയുടെ കുഴിതോണ്ടി ഏഥർ, 115 കി.മീ. റേഞ്ചും മോഹവിലയുമായി പുതിയ 450S വേരിയന്റ് എത്തി
ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപ്ലവത്തിന് ചുക്കാൻപിടിച്ചവരാണ് ഏഥർ എനർജി (Ather Energy). വിപണിയിൽ സ്റ്റാർട്ടപ്പ് കമ്പനികളുടെ നീണ്ടനിരയുണ്ടെങ്കിലും ഈ വിഭാഗത്തിൽ വിശ്വാസ്യത സൃഷ്ടിച്ച മോഡലാണ് ഏഥർ. കിടിലൻ സ്പോർട്ടി ഡിസൈനും പെർഫോമൻസും കൊണ്ടാണ് ഇവി (EV) ആളുകളെ കൈയിലെടുത്തത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പന നടത്തുന്ന കമ്പനികളില്‍ മുൻനിരയിൽ ഏഥർ എത്തിയതും ഇങ്ങനെയാണ്. പ്രീമിയം സെഗ്മെന്റിലാണ് ഇടംപിടിക്കുന്നതെങ്കിലും ഒരു ഇ-സ്‌കൂട്ടർ വാങ്ങാമെന്ന് പദ്ധതിയിട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേരുകളിൽ ഒന്നായി ബ്രാൻഡിന് വളരാനായിട്ടുണ്ട്. ഇപ്പോഴിതാ പ്രധാന എതിരാളികളായ ഓലയെ പൂട്ടാൻ പുതിയൊരു വൈദ്യുത സ്‌കൂട്ടറുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

450X മോഡലിന്റെ വില കുറവുള്ള ഒരു എൻട്രി ലെവൽ വേരിയന്റിനെയാണ് ഏഥർ പുറത്തിറക്കിയിരിക്കുന്നത്. 450S എന്നുപേരിട്ടിരിക്കുന്ന മോഡലിന് 1.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഓല ഇലക്ട്രിക്കിന്റെ S1, S1 എയർ എന്നീ പതിപ്പുകൾക്ക് നേരിട്ടുള്ള പണിയായാണ് പുത്തൻ എൻട്രി ലെവൽ വേരിയന്റിനെ ഏഥറിനെ എത്തിച്ചിരിക്കുന്നത്.
വിപണിയിൽ ലഭ്യമായ പരമ്പരാഗത 125 സിസി പെട്രോൾ സ്‌കൂട്ടറുകളെ അപേക്ഷിച്ച് സമാനമായ പെർഫോമൻസും മികച്ച റൈഡിംഗ് അനുഭവവുമാണ് ഏഥർ 450S നൽകുന്നത് എന്നാണ് കമ്പനിയുടെ അവകാശവാദം. പുതിയ എൻട്രി ലെവൽ ഇലക്ട്രിക് സ്‌കൂട്ടർ 2023 ജൂലൈ മുതൽ ഇന്ത്യയിലുടനീളമുള്ള ഏഥർ എക്‌സ്പീരിയൻസ് സെന്ററുകളിൽ ഉപഭോക്താക്കൾക്ക് ബുക്കിംഗിനായി ലഭ്യമാകുമെന്ന് ബ്രാൻഡ് അറിയിച്ചു. ഈ സ്‌കൂട്ടറിന്റെ വില പുതുക്കിയ FAME II പദ്ധതിക്ക് അനുസൃതമാണെന്നും പറയുന്നു.

എന്നാൽ ഉപഭോക്താക്കൾക്ക് അവരുടെ സംസ്ഥാന ഇവി പോളിസികളിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3 kWh ബാറ്ററി പായ്ക്കാണ് പുതിയ ഏഥർ 450S പതിപ്പിന് തുടിപ്പേകുന്നത്. ഇത് സ്കൂട്ടറിന് പരമാവധി 90 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനും പൂർണ ചാർജിൽ ഏതാണ്ട് 115 കിലോമീറ്റർ റേഞ്ച് നൽകാനും കഴിയുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്.
450X, ഏഥർ 450X പ്രോ പായ്ക്ക് എന്നിങ്ങനെ മൂന്നു മോഡലുകളിലാണ് ഏഥർ എനർജിയുടെ സ്‌കൂട്ടർ നിരയിൽ ഇപ്പോൾ ലഭ്യമാവുന്നത്. കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചര്‍ ലിസ്റ്റില്‍ വെട്ടിനിരത്തല്‍ നടപ്പിലാക്കിയിട്ടുണ്ടെന്നാണ് വിവരം. ഏഥര്‍ 450S വേരിയന്റില്‍ നിലവിലുള്ള 450X പ്രോ പായ്ക്കില്‍ കാണപ്പെടുന്ന പല ഹൈടെക് ഫീച്ചറുകളും ഇല്ലാതാവും ഉപഭോക്താക്കളിലേക്ക് എത്തുക. ഇതിന്റെ ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഏപ്രിലിൽ സ്‌കൂട്ടർ ലൈനപ്പ് പരിഷ്ക്കരിച്ച ഏഥർ കൂടുതൽ ശക്തമായ ചാർജർ സ്റ്റാൻഡേർഡായി നൽകിക്കൊണ്ട് 450X ഇ-സ്‌കൂട്ടറിന്റെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയുണ്ടായി. 0 മുതൽ 80 ശതമാനം വരെ ചാർജാവാൻ 12 മണിക്കൂറും 15 മിനിറ്റും ഫുൾ ചാർജിനായി 15 മണിക്കൂറും 20 മിനിറ്റും എടുക്കുന്ന കുറഞ്ഞ ശേഷിയുള്ള ചാർജർ ഉപയോഗിച്ച് അടിസ്ഥാന മോഡൽ വിപണനം ചെയ്യുമെന്ന് ഏപ്രിലിൽ ഏഥർ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോൾ, 700-വാട്ട് ചാർജർ സ്റ്റാൻഡേർഡ് ആയി വരും. ഇത് 0-80 ശതമാനം ചാർജ് ചെയ്യാനായി നാല് മണിക്കൂർ 30 മിനിറ്റ് വേണ്ടി വരും. അതേസമയം 100 ശതമാനം ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂറും 40 മിനിറ്റും ആയിരിക്കും വേണ്ടിവരിക. ഇവി വാങ്ങുന്നവർക്കുള്ള സബ്‌സിഡി വെട്ടിക്കുറച്ചുകൊണ്ട് FAME II സബ്‌സിഡി സ്കീം കേന്ദ്ര സർക്കാർ അടുത്തിടെ പരിഷ്‌ക്കരിച്ചു.

നേരത്തെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ഒരു kWh-ന് 15,000 രൂപ വരെ സബ്‌സിഡി ലഭിക്കുമായിരുന്നു. ഇപ്പോൾ ഇത് 10,000 രൂപയായാണ് പുനക്രമീകരിച്ചിരിക്കുന്നത്. സബ്‌സിഡിയുടെ പരമാവധി പരിധി 40 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏഥറിന്റെ 450X ഇലക്ട്രിക് സ്‌കൂട്ടറിന് കർണാടകയിൽ 1.45 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
450X പ്രോ പാക്കിന്റെ വില രൂപ 1.65 ലക്ഷം രൂപയുമാണ് ഈ പരിഷ്ക്കാരത്തിന് ശേഷം വരുന്നത്. എന്തായാലും കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം എത്തരത്തിൽ ബാധിക്കുമെന്നത് വരും മാസങ്ങളിൽ അറിയാം. പെട്രോളിന് വില കൂടിയതാണ് ഇന്ന് ഇന്ത്യയിൽ ഇവി വിൽപ്പന വൻതോതിൽ ഉയരാൻ കാരണമായത്.


Click it and Unblock the Notifications








