ഏഥർ സ്‌കൂട്ടറിൽ ഇനി ഈ കിടിലൻ ഫീച്ചറുകളും, നോക്കിയിരുന്ന് ഓലയും ഹീറോയും
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയുടെ ജീവനാഡിയാണ് ടൂവീലറുകൾ. വൈദ്യുത വാഹനങ്ങളെ രാജ്യത്ത് ജനപ്രിയരാക്കുന്നതിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ തുടങ്ങിവെച്ച ഈ സെഗ്മെന്റിലേക്ക് ഇന്ന് രാജ്യത്തെ പ്രമുഖരെല്ലാം ചുവടുവെച്ചു കഴിഞ്ഞു. നിര്‍മാതാക്കള്‍ തമ്മിലുള്ള കിടമത്സരം ശക്തിയാർജിക്കുമ്പോൾ പലതരം നീക്കങ്ങളുമായാണ് ഓരോ കമ്പനികളും ശ്രദ്ധനേടുന്നത്.
ഇതിൽ ഏറ്റവും കൂടുതൽ മത്സരം ഏഥർ എനർജിയും ഓല ഇലക്‌ട്രിക്കും തമ്മിലാണ്. ഇരുകമ്പനികളും പരസ്‌പരം പോരടിക്കുന്ന വേളയിൽ ഉപഭോക്താക്കളിലേക്ക് കൂടുതൽ കാര്യങ്ങൾ എത്തിച്ചാണ് ഇരുവരും ശ്രദ്ധനേടുന്നത്. തങ്ങളുടെ 450X വൈദ്യുത സ്‌കൂട്ടറുകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഏഥർ ആപ്പിൽ പുതിയ ഫീച്ചർ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ഈ ഫീച്ചറുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും.

അപ്‌ഡേറ്റുകൾ തുടക്കത്തിൽ ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാവുകയും പിന്നീട് എല്ലാ ഉടമകൾക്കും ലഭ്യമാക്കുമെന്നുമാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി പറഞ്ഞു. ഉപഭോക്താവിന്റെ സ്മാർട്ട്‌ഫോണിലെ 450X-നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുതിയ പരിഷ്ക്കാരങ്ങൾ വാഗ്‌ദാനം ചെയ്യുന്നത്. ഏഥർ ആപ്പിൽ എന്തെല്ലാം സവിശേഷതകളാണ് പുതുതായി എത്തുന്നതെന്ന് നോക്കിയാലോ?
ഏറ്റവും പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് അവരുടെ 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ സർവീസ് ഹിസ്റ്ററി ആപ്പിൽ ട്രാക്ക് ചെയ്യാനാവും. കുറച്ച് ക്ലിക്കുകളിലൂടെ സർവീസ് നില കാണിക്കാനും ആപ്പിന് കഴിയും. നിങ്ങൾക്ക് ആപ്പിൽ തന്നെ സർവീസ് ചെലവുകളും ഇൻവോയ്‌സുകളും പരിശോധിക്കാനാവുമെന്നതും ശ്രദ്ധേയമാണ്. കൂടാതെ ഏഥർ ആപ്പ് മികച്ച റൈഡ് സ്റ്റാറ്റിറ്റിക്‌സും നൽകുന്നുണ്ട്.

ആപ്പ് ഉടമയുടെ ലാസ്റ്റ് വീക്ക് റൈഡിംഗിന് മുൻഗണന നൽകുകയും യാത്ര ചെയ്ത ദൂരം, ലാഭിച്ച ഇന്ധനം, ഉയർന്ന വേഗത എന്നിവയും അതിലേറെയും ഡാറ്റയും ഉടമയ്ക്ക് നൽകും. ഇത്തരം വിവരങ്ങൾ ഇപ്പോൾ ഹോം സ്ക്രീനിൽ നേരിട്ട് ലഭ്യമാണ്. അടിക്കടി ഉപയോഗിക്കുന്ന അഡ്രസുകൾ സംരക്ഷിക്കുന്നതിനുള്ള ഓപ്‌ഷൻ ഉപയോഗിച്ച് ആപ്പ് നാവിഗേഷൻ കൂടുതൽ ലളിതമാക്കിയിട്ടുമുണ്ട്. ഇത് യഥാക്രമം രാവിലെയും വൈകുന്നേരവും ഓഫീസിലേക്കോ അവിടുന്ന് തിരികെ വീട്ടിലേക്കുള്ളതുപോലുള്ള ലെക്കേഷനുകളാണ് സൂക്ഷിക്കുന്നത്.
അവസാനമായി ആപ്പിലെ പുതിയ ചാർജ് ടാബ് വഴി ഏഥർ ഉപഭോക്താക്കൾക്ക് നെയ്ബർഹുഡ് ചാർജിംഗ് നിയന്ത്രിക്കാനാകും. നിങ്ങളുടെ അടുത്തുള്ള ഏഥർ പബ്ലിക് ചാർജറുകളിലേക്കും ടാബ് ആക്‌സസ് നൽകുന്നുണ്ട്. അടുത്തിടെ, ഒരു ഓട്ടോ-റിപ്ലൈ ഫീച്ചർ അവതരിപ്പിക്കാനുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചിരുന്നു. അത് റൈഡർമാർക്ക് കോളുകൾ നിരസിക്കാനും ഫോൺ നിർത്തി പോക്കറ്റിൽ നിന്ന് എടുക്കേണ്ട ആവശ്യമില്ലാതെ ഒരു ഓട്ടോമേറ്റഡ് മറുപടി അയയ്‌ക്കാനും സാധ്യമാക്കുന്ന ഫീച്ചറാണിത്.

ഈ അപ്ഡേഷനിലൂടെ ഓല ഇലക്‌ട്രിക്കിന് മേൽ ആധിപത്യം സ്ഥാപിക്കുകയാണ് ഏഥർ എനർജിയുടെ പ്രധാന ലക്ഷ്യം. ഈ ഫീച്ചർ അപ്ഡേറ്റുകൾ ഒഴികെ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി ഒരുക്കിയിട്ടില്ല. അടുത്തിടെ 450 ഇവിയുടെ ഒരു പുതിയ ബേസ് വേരിയന്റും കമ്പനി വിപണിയിലെത്തിച്ചിരുന്നു. 98,183 രൂപയ്ക്കാണ് പുതിയ 450X വേരിയന്റിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഡൽഹി ഫെയിം II, സ്റ്റേറ്റ് സബ്‌സിഡി എന്നിവയ്‌ക്കൊപ്പമാണ് ഈ വിലയിൽ പുതിയ എൻട്രി ലെവൽ വേരിയന്റ് വാങ്ങാനാവുന്നത്.
പക്ഷേ സ്ലോ ചാർജറിനൊപ്പമാവും പുതിയ എൻട്രി ലെവൽ 450X ഇലക്ട്രിക് സ്‌കൂട്ടർ ഏഥർ എനർജി പുറത്തിറക്കിയിരിക്കുന്നതെന്ന് മാത്രം. അതേസമയം എല്ലാ സവിശേഷതകളും അടങ്ങിയ ഏഥർ 450X പ്രോ പായ്ക്കിന് 1.28 ലക്ഷം വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഇതുകൂടാതെ അടുത്തിടെ 450S എന്ന പേര് ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്. ഏകദേശം 75,000 രൂപ വിലയുള്ള എൻട്രി ലെവൽ ഇവികളിൽ ഒന്നായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ഈ നീക്കങ്ങൾ വരും ദിവസങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ വലിയ മത്സര വിപ്ലവങ്ങള്‍ക്ക് തുടക്കമാകുമെന്നു വേണം കരുതാന്‍.


Click it and Unblock the Notifications








