Ather 450X ഓലയെ പൂട്ടണം, പുതിയ എൻട്രി ലെവൽ സ്‌കൂട്ടർ അവതരിപ്പിച്ച് ഏഥർ
ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ (Electric Scooter) ഡിമാന്റ് വൻതോതിൽ ഉയർന്നുവരികയാണ്. കേരളത്തിൽ പെട്രോൾ വില 108 രൂപയോളമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ എന്തായാലും ഇവികൾ (EV) വലിയൊരു പ്രതീക്ഷയാണ്. ദൈനംദിന ചെലവ് കുറയ്ക്കാൻ നോക്കുകയാണെങ്കിൽ കണ്ണുംപൂട്ടി ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറാം.
ഇവികൾ അനുഗ്രഹമായി മാറുന്നത് ഇങ്ങനെ തന്നെ. പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ തീരുമാനിച്ചാൽ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് ഓലയും ഏഥറും (Ola, Ather). കിടിലൻ റേഞ്ചും പെർഫോമൻസും കോർത്തിണക്കിയെത്തുന്ന ഇവയാണ് ഇന്ത്യ നിരത്തുകൾ ഇപ്പോൾ ഭരിക്കുന്നത്. ഓരോ മാസവും പതിനായിരക്കണക്കിന് ഇ-സ്‌കൂട്ടറുകളാണ് ഇരുകമ്പനികളും വിറ്റഴിച്ചുവരുന്നത്. ഇപ്പോഴിതാ ഓലയെ പൂട്ടാനായി 450X മോഡലിന്റെ പുത്തൻ എൻട്രി ലെവൽ വേരിയന്റിനെ പുറത്തിറക്കിയിരിക്കുകയാണ് ഏഥർ (Ather).

അതും കുറഞ്ഞ വിലയിൽ എത്തുന്നുവെന്നതാണ് ഹൈലൈറ്റ്. ഏഥർ സ്‌കൂട്ടർ (Ather Scooter) കുറഞ്ഞ വിലയ്ക്ക് കിട്ടാൻ ആഗ്രഹിച്ചിരുന്നവരുടെ സ്വപ്നമാണ് ഇതോടെ സാക്ഷാത്ക്കിരിച്ചിരിക്കുന്നത്. 98,183 രൂപയ്ക്കാണ് പുതിയ 450X വേരിയന്റിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡൽഹി ഫെയിം II, സ്റ്റേറ്റ് സബ്‌സിഡി എന്നിവയ്‌ക്കൊപ്പമാണ് ഈ വിലയിൽ പുതിയ എൻട്രി ലെവൽ വേരിയന്റ് വാങ്ങാനാവുന്നത്. എന്നാൽ സ്ലോ ചാർജറിനൊപ്പമാവും പുതിയ എൻട്രി ലെവൽ 450X ഇലക്ട്രിക് സ്‌കൂട്ടർ ഏഥർ എനർജി (Ather Energy) വാങ്ങാനാവുക.
സംസ്ഥാന സബ്‌സിഡി (State Subsidy) ഏറ്റവും കൂടുതലുള്ള ഡൽഹിയിലാണ് പുതിയ എൻട്രി ലെവൽ വേരിയന്റ് ഈ വിലയ്ക്ക് കിട്ടുന്നതെന്നു മാത്രം. ഈ വിലയിൽ ചാർജറിന്റെ അഭാവം മാത്രമാണ് വരുന്നത്. അധിക വിട്ടുവീഴ്ച്ചകളൊന്നുമില്ലാതെയാണ് ഏഥർ സ്‌കൂട്ടറിനെ ഒരുക്കിയിരിക്കുന്നത്. എന്നാൽ എല്ലാ ഫീച്ചറുകളും സവിശേഷതകളും വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് പ്രോ പായ്ക്ക് (Pro Pack) സജ്ജീകരിച്ച വേരിയന്റ് തന്നെ വാങ്ങാം. ഇതിനായി 1,28,443 രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്.

ഏഥർ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മുൻ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വിലകൾ ഏകദേശം 10,000 രൂപ മുതൽ 15,000 രൂപ വരെ ലാഭിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു. എന്നാൽ ഈ അധിക തുകയ്ക്ക് ഫാസ്റ്റ് ചാർജർ പോലുള്ള സംവിധാനങ്ങൾ കൂടെകിട്ടുമെന്നതാണ് ഹൈലൈറ്റ്. രണ്ട് വേരിയന്റുകളിലും ഒരേ ഹാർഡ്‌വെയർ സംവിധാനങ്ങളാണ് മുന്നോട്ടുകൊണ്ടുപോവുന്നതെങ്കിലും ചില ഫീച്ചറുകൾ, ചാർജറിന്റെ തരം, വാറണ്ടി എന്നിവയിൽ വ്യത്യാസങ്ങളുണ്ട്.
450 പ്ലസ് വേരിയന്റ് നിർത്തലാക്കി ഏഥർ അവരുടെ പോർട്ട്‌ഫോളിയോയും ലളിതമാക്കിയിട്ടുണ്ട്. ഓലയെ തകർക്കാൻ ലക്ഷ്യംവെച്ച് പുറത്തിറക്കിയിരിക്കുന്ന പുതിയ എൻട്രി ലെവൽ വേരിയന്റിന്റെ വില ഗണ്യമായ കുറയ്ക്കുന്നതിന് നൂതന ഫീച്ചറുകളെല്ലാം ഏഥർ ഒഴിവാക്കുകയാണുണ്ടായത്. ഇതിലെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഗ്രേസ്‌കെയിൽ ഫോർമാറ്റിലാണ് വരുന്നത്. അതേസമയം ടോപ്പ് 450X പ്രോപായ്ക്ക് വേരിയന്റിൽ മൾട്ടി-കളർ ഡിസ്പ്ലേയാവും ഉപഭോക്താക്കൾക്ക് ലഭിക്കുക.

സ്‌മാർട്ട്‌ഫോൺ കണക്ട്, ഒടിഎ അപ്‌ഡേറ്റുകൾ, ഓൺബോർഡ് മാപ്‌സ്, നാവിഗേഷൻ, ഡോക്യുമെന്റ് സ്‌റ്റോറേജ്, റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, റിമോട്ട് ലൊക്കേഷൻ ട്രാക്കിംഗ്, റിമോട്ട് ചാർജ് മോണിറ്ററിംഗ്, ഏഥർ ആപ്പിൽ നിന്നുള്ള പുഷ് ലൊക്കേഷൻ, മൾട്ടി-സ്റ്റോപ്പ് ട്രിപ്പ് പ്ലാനർ തുടങ്ങിയ എല്ലാ കണക്റ്റിവിറ്റി സവിശേഷതകളും 450X ബേസ് വേരിയന്റിൽ നിന്നും ബ്രാൻഡ് ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഇനി പറയുന്ന സംവിധാനങ്ങളും വാഹനത്തിലില്ല.
ബ്ലൂടൂത്ത്, 4G LTE Cat-4 /WCDMA / EDGE, മ്യൂസിക്, കോളുകൾ, ഗൈഡ്-മീ-ഹോം ലൈറ്റ്, ഓട്ടോ ഇൻഡിക്കേറ്റർ ഓഫ്, സമയം അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് സ്‌ക്രീൻ ബ്രൈറ്റ്‌നെസ് തീമുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, പാർക്ക് അസിസ്റ്റ്, ഹിൽ അസിസ്റ്റ് ഫീച്ചറുകൾ പോലുള്ള ഫാൻസി ടെക്കുകളും ഇലക്‌ട്രിക് സ്‌കൂട്ടറിലില്ല. പ്രോപായ്ക്ക് വേരിയന്റിനൊപ്പം ലഭ്യമായ ഇക്കോ, റൈഡ്, സ്‌പോർട്‌സ്, വാർപ്പ് റൈഡ് മോഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ബേസ് വേരിയന്റിന് ഒരൊറ്റ ഡിഫോൾട്ട് റൈഡ് മോഡ് മാത്രമേ കിട്ടൂ.

എന്നാൽ പെർഫോമൻസിൽ ഒരു മാറ്റവുമുണ്ടാവില്ലെന്നതാണ് ഹൈലൈറ്റ്. മറ്റൊരു പ്രധാന വ്യത്യാസം മുമ്പ് പറഞ്ഞ ചാർജിംഗ് സമയമാണ്. രണ്ട് വേരിയന്റുകൾക്കും ഒരേ ബാറ്ററി പായ്ക്ക് ആണെങ്കിലും അടിസ്ഥാന വേരിയന്റിന് സ്ലോ ചാർജർ മാത്രമേ ലഭിക്കൂ. ഇതുവഴി സ്‌കൂട്ടർ പൂർണമായും ചാർജ് ചെയ്യുന്നതിനായി 15 മണിക്കൂറും 20 മിനിറ്റും എടുക്കും. അതേസമയം 450X പ്രോ പായ്ക്ക് വേരിയന്റിന് 5 മണിക്കൂർ 40 മിനിറ്റിനുള്ളിൽ പൂർണ ചാർജ് നേടാൻ കഴിയും.
ബേസ് 450X ഉപയോക്താക്കൾ അഭിമുഖീകരിക്കേണ്ട മറ്റൊരു പ്രശ്‌നം ഏഥറിന്റെ ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക് ഉപയോഗിക്കാനാവില്ല എന്നതാണ്. 3.7 kWh ബാറ്ററി പായ്ക്കാണ് ഈ പതിപ്പിലും തുടിക്കുന്നത്. ഇതിന് 6.4 kW പവറിൽ 26 Nm torque വരെ നൽകാനാവും. 90 കിലോമീറ്ററാണ് ഇവിയുടെ പരമാവധി വേഗത. രണ്ട് വേരിയന്റുകൾക്കും 146 കിലോമീറ്റർ റേഞ്ച് തുല്യമാണ്. ഗ്രേഡബിലിറ്റി 20 ഡിഗ്രിയാണെന്നും ഏഥർ പറയുന്നു.
വില കുറവാണെങ്കിലും മെക്കാനിക്കൽ സവിശേഷതകളിൽ യാതൊരു വിധ വിട്ടുവീഴ്ച്ചകളും കമ്പനി വരുത്തിയിട്ടില്ല. ലൈറ്റിംഗ് സെറ്റപ്പ്, വീലുകൾ, ബ്രേക്കിംഗ് സിസ്റ്റം, സസ്‌പെൻഷൻ തുടങ്ങിയ മറ്റ് ഹാർഡ്‌വെയറുകൾ രണ്ട് വേരിയന്റുകളിലും ഒരുപോലെയാണ്. വാറണ്ടിയുടെ കാര്യത്തിലേക്ക് നോക്കിയാൽ രണ്ട് വേരിയന്റുകളിലും വാഹനത്തിനും ചാർജറിനും 3 വർഷത്തെ അല്ലെങ്കിൽ 30,000 കി.മീ. വാറണ്ടിയാണ് ഏഥർ വാഗ്‌ദാനം ചെയ്യുന്നത്. ഏഥർ പ്രോ പായ്ക്കിൽ 5 വർഷത്തെ അല്ലെങ്കിൽ 60,000 കിലോമീറ്ററുമാണ് വാറണ്ടിയായി ലഭിക്കുക.


Click it and Unblock the Notifications








