ഓല ഹീറോ തന്നെ, പക്ഷേ ഏഥർ 450X പ്രോ പായ്ക്കിന്റെ തട്ട് താണുതന്നെയിരിക്കും
ഹൈ സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് (High Speed Electric Scooter) ഇന്ത്യയിൽ പുതുമുഖം സമ്മാനിച്ചവരാണ് ഏഥർ എനർജി (Ather Energy). ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ച് മെട്രോ നഗരത്തിൽ സ്‌കൂട്ടർ ആദ്യമായി ഇവി (EV) പുറത്തിറക്കിയ കമ്പനി ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വൈദ്യുത സ്‌കൂട്ടർ നിർമാതാക്കളിൽ ഒരാളായി വളർന്നു കഴിഞ്ഞു.
ഓലയ്ക്കും മറ്റ് ഇലക്ട്രിക് സ്റ്റാർട്ടപ്പ് ബ്രാൻഡുകൾക്കെല്ലാം വളരാനുള്ള വഴിവെട്ടിയവരാണ് ഏഥർ എന്നകാര്യം മറന്നുകൂടാ. പുതുതായൊരു വൈദ്യുത സ്‌കൂട്ടർ വാങ്ങണമെന്ന് പ്ലാനിട്ടാൽ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന രണ്ട് ബ്രാൻഡുകളാണ് ഏഥറും ഓലയും. ഇതിലേത് വാങ്ങുമെന്ന കൺഫ്യൂഷനായിരിക്കും പിന്നീടങ്ങോട്ട്. 450S നിർത്തലാക്കി ഏഥർ എനർജി അടുത്തിടെ തങ്ങളുടെ വാഹന നിര പരിഷ്ക്കരിച്ചിരുന്നു.

ഇതോടൊപ്പം കൂടുതൽ ആളുകളെ കൈയിലെടുക്കാനായി 450X ഇവിയുടെ പുതിയ വിലകുറഞ്ഞ പതിപ്പ് പുറത്തിറക്കുകയും ചെയ്തു. നിലവിൽ എൻട്രി ലെവൽ വേരിയന്റിനേക്കാൾ കൂടുതൽ ആളുകൾ വാങ്ങാൻ താത്പര്യം കാണിക്കുന്നത് ഫീച്ചർ റിച്ചായ '450X പ്രോ പായ്ക്ക്' എന്ന് വിളിക്കുന്ന മോഡലാണ്. അതിനു പിന്നിൽ ചില കാര്യങ്ങളുമുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടോപ്പ് എൻഡ് പതിപ്പായ പ്രോ പായ്ക്ക് എന്താണ് വാഗ്ദാനം ചെയ്യുന്നത് എന്നറിയാൻ പലർക്കും താത്പര്യമുണ്ടാവും അല്ലേ? അതെന്തെല്ലാമെന്ന് പറഞ്ഞുതരാം...
ഏഥർ 450X പ്രോ പായ്ക്ക് ശരിക്കും കിടിലൻ ഫീച്ചറുകളാൽ സമ്പന്നമാണ്. എംബഡഡ് സിം, ബ്ലൂടൂത്ത്, അഡാപ്റ്റീവ് സ്‌ക്രീൻ ബ്രൈറ്റ്‌നെസ്, തീമുകൾ, ഗൈഡ്-മീ-ഹോം ലൈറ്റുകൾ, ഓട്ടോ-കട്ട് ടേൺ ഇൻഡിക്കേറ്ററുകൾ, മ്യൂസിക്-കോൾ കൺട്രോളുകൾ എന്നിവ ലഭിക്കുന്ന മൾട്ടി-കളർ ഡാഷ്‌ബോർഡാണ് പ്രധാന ആകർഷണം. ഇതിൽ ഓൺബോർഡ് നാവിഗേഷനും മാപ്പും, ഡോക്യുമെന്റ് സ്റ്റോറേജ്, മൊബൈൽ ആപ്ലിക്കേഷൻ, OTA അപ്‌ഡേറ്റുകൾ എന്നിവയും ഏഥർ എനർജി കോർത്തിണക്കിയിട്ടുണ്ട്.

തീർന്നില്ല, റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ട്രാക്കിംഗ്, റിമോട്ട് ചാർജിംഗ് മോണിറ്ററിംഗ്, ട്രിപ്പ് പ്ലാനർ എന്നിവ പോലുള്ള ഫീച്ചറുകൾ ഉൾപ്പെടുന്ന ഏഥർ കണക്‌ട് സവിശേഷതകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ 450X പ്രോ പായ്ക്ക് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം ആക്സസറി ഓപ്ഷനായും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഇത്തരം പ്രായോഗികമായ ഫീച്ചറുകളാണ് കമ്പനി തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ വാഗ്‌ദാനം ചെയ്യുന്നത്.
അടുത്തതായി ഏഥർ 450X പ്രോ പായ്ക്ക് പതിപ്പിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി എടുത്ത് പറയേണ്ടത് ചാർജിംഗ് സമയത്തേപ്പറ്റിയാണ്. സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് വേരിയന്റ് 0-100 ശതമാനം വരെ ചാർജ് ചെയ്യാൻ 15 മണിക്കൂർ 20 മിനിറ്റാണ് വേണ്ടി വരിക. എന്നാൽ പ്രോ പായ്ക്കിൽ 5 മണിക്കൂർ 40 മിനിറ്റുകൊണ്ട് പൂർണമായി ചാർജ് ചെയ്യാനാവുമെന്നതാണ് ഹൈലൈറ്റ്.

ഏഥർ ഗ്രിഡ് എന്നറിയപ്പെടുന്ന കമ്പനിയുടെ ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്കിലേക്കുള്ള ആക്‌സസ് പ്രോ പായ്ക്ക് വേരിയന്റിന് ലഭിക്കുന്നു. ഇന്ത്യയിൽ അതിവേഗം വളരുന്ന ചാർജിംഗ് നെറ്റ്‌വർക്കുകളിൽ ഒന്നാണിത്. ബാറ്ററി ശതമാനം 0-50 ശതമാനത്തിന് ഇടയിലായിരിക്കുമ്പോൾ ഏഥർ ഗ്രിഡിന് 1.5 കി.മീ/മിനിറ്റായി ഉയർത്താൻ കഴിയും. തുടർന്ന് ബാറ്ററി ശതമാനം 50-80 ശതമാനത്തിന് ഇടയിലായിരിക്കുമ്പോൾ അത് 1 കി.മീ/മിനിറ്റ് ആയി കുറയുകയും ചെയ്യും.
ഏഥർ 450X പ്രോ പായ്ക്കിന്റെ മറ്റൊരു സവിശേഷതയെന്തെന്ന് ചോദിച്ചാൽ റൈഡിംഗ് മോഡുകളാണ്. ഈ വേരിയന്റിനൊപ്പം വാർപ്പ്, സ്‌പോർട്ട്, റൈഡ്, ഇക്കോ, സ്മാർട്ട് ഇക്കോ എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകൾ ഏഥർ എനർജി വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് സ്കൂട്ടറിന് മോഡ് അനുസരിച്ച് വ്യത്യസ്ത റേഞ്ച് കൈവരിക്കാനാവും. ഇക്കോയിൽ 105 കിലോമീറ്ററും റൈഡ് മോഡിൽ 85 കിലോമീറ്ററും സ്‌പോർട്ടിൽ റൈഡിംഗ് റേഞ്ച് 75 കിലോമീറ്ററും വാർപ്പിൽ ഇലക്ട്രിക് സ്‌കൂട്ടറിന് 65 കിലോമീറ്റർ റേഞ്ചുമാണ് ലഭിക്കുക.

പാർക്ക് അസിസ്റ്റാണ് ഇവിയുടെ മറ്റൊരു പ്രത്യേകത. സ്കൂട്ടർ റിവേഴ്‌സ് ചെയ്യാൻ റൈഡറെ സഹായിക്കുന്ന പാർക്ക് അസിസ്റ്റും പ്രോ പായ്ക്കിൽ അധികമായി ചേർക്കുന്നത് ഇവിയുടെ പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. സ്‌കൂട്ടർ പാർക്ക് ചെയ്‌തിരിക്കുമ്പോൾ ഇത് ഉപയോഗപ്രദമാകും. റൈഡർ ഇലക്‌ട്രിക് സ്‌കൂട്ടർ പാർക്കിംഗ് സ്ഥലത്ത് നിന്ന് പുറത്തെടുക്കാൻ അനുവദിക്കുന്ന സവിശേഷതയാണ്.
ഓട്ടോ ഹോൾഡ് ഫീച്ചറാണ് 450X പ്രോ പായ്ക്ക് ഇലക്ട്രിക് സ്കൂട്ടറിൽ ചേർത്തിട്ടുള്ള ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്ന്. ഇതുകൂടാതെ പ്രോ പായ്ക്ക് വേരിയന്റിന്റെ ബാറ്ററി വാറണ്ടി 3 വർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ മുതൽ 5 വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ വരെയായും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും. ഇത്തരം മേൻമകളാണ് ബേസ് വേരിയന്റിൽ നിന്നും ടോപ്പ് എൻഡ് പതിപ്പിനെ വ്യത്യസ്‌തമാക്കുന്നത്.


Click it and Unblock the Notifications








