ചാർജിംഗ് ഒരു പ്രശ്‌നമേയല്ല... ആയിരത്തിലധികം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഏഥർ
ഇന്ത്യയിലുടനീളം ആയിരത്തിലധികം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി പ്രഖ്യാപിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി. ഈ വർഷം അവസാനിക്കുന്നതിനു മുമ്പ് ആയിരം എന്നത് 2500 ആയി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി. നിലവിൽ ഈ ചാർജറുകളുടെ 60 ശതമാനവും ടയർ-II, ടയർ-III നഗരങ്ങളിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
ഏഥർ തങ്ങളുടെ ചാർജിംഗ് നെറ്റ്‌വർക്കിനെ ഏഥർ ഗ്രിഡ് എന്നാണ് വിളിക്കുന്നത്. നിലവിൽ പരിമിതമായ ചാർജിംഗ് സ്റ്റേഷനുകളും മറ്റ് ഇവി അടിസ്ഥാന സൗകര്യങ്ങളും രാജ്യത്ത് വളരെ കുറവായതിനാൽ ഇലക്ട്രിക് വാഹനത്തിലേക്ക് മാറാൻ ആളുകൾ വിമുഖത കാണിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതാണ് ഏഥറിന്റെ ഈ ചാർജിംഗ് സ്റ്റേഷനുകൾ. ബ്രാൻഡിന്റെ മാത്രമല്ല, മറ്റ് കമ്പനികളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളും ഇവിടെ ചാർജ് ചെയ്യാനാവുമെന്നതാണ് ആകർഷകമായ കാര്യം.

മറ്റ് മോഡലുകളുടെ ചാർജിംഗ് കണക്ടറിനായുള്ള ഐപിയും ഏഥർ എനർജി പുറത്തിറക്കിയിട്ടുണ്ട്. ഇത് പരസ്പരം പ്രവർത്തിപ്പിക്കാവുന്ന ഇരുചക്രവാഹന ഫാസ്റ്റ് ചാർജിംഗ് പ്ലാറ്റ്‌ഫോമിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. നിലവിൽ ഹീറോ മോട്ടോകോർപിന്റെ വിഡ ഇവി മാത്രമാണ് ഏഥറിന്റെ അതേ ചാർജിംഗ് കണക്റ്റർ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചാർജിംഗ് നെറ്റ്‌വർക്കായാണ് ഏഥർ ഗ്രിഡ് അറിയപ്പെടുന്നതു തന്നെ. ഇന്റർസിറ്റി റൈഡുകൾ പ്രാപ്തമാക്കുന്നതിനായി നഗരങ്ങളിൽ ഉടനീളം തന്ത്രപരമായി ഈ ഗ്രിഡുകൾ ഉപഭോക്താക്കളെ ഏറെ സഹായിക്കുന്നുണ്ട്.
ഉപഭോക്താക്കൾക്ക് ഇപ്പോൾ പൂനെയിൽ നിന്ന് മുംബൈ, സിലിഗുരി മുതൽ ഡാർജിലിംഗ്, അല്ലെങ്കിൽ കോയമ്പത്തൂർ മുതൽ ഊട്ടി വരെ റൈഡുകൾ പ്ലാൻ ചെയ്യാൻ കഴിയുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. ഏഥർ നിലവിൽ 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകളാണ് ആഭ്യന്തര വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഉടമകൾക്ക് അവരുടെ വാഹനങ്ങൾ മിനിറ്റിന് 1.5 കിമീ/ മിനിറ്റ് എന്ന വേഗതയിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സഹായിക്കുന്നു.

ചാർജിംഗ് നെറ്റ്‌വർക്കിനെ ഏഥർ ഗ്രിഡ് ആപ്പ് പിന്തുണയ്‌ക്കുന്നുമുണ്ട്. ഇത് എല്ലാ ഇവി ഉടമകളെയും അവരുടെ അടുത്തുള്ള ചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യത കണ്ടെത്താനും പരിശോധിക്കാനും അനുവദിക്കുന്നു. 2023 മാർച്ച് വരെ ഈ സൗകര്യം സൗജന്യമായാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുനെ, ജയ്പൂര്‍, കൊച്ചി, അഹമ്മദാബാദ്, മുംബൈ, മൈസൂര്‍, ഹുബ്ലി എന്നിവയുള്‍പ്പെടെ 46 നഗരങ്ങളില്‍ ഏഥര്‍ എനര്‍ജി നിലവില്‍ അവരുടെ 450 പ്ലസ്, 450X ഇ-സ്‌കൂട്ടറുകള്‍ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
നിലവിൽ ആളുകൾ ഏറ്റവും കൂടുതൽ വിശ്വസിച്ച് വാങ്ങുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളും ഏഥറിന്റേതാണ്. വില അൽപം പ്രീമിയം വിഭാഗത്തിലാണെങ്കിലും അടുകത്തിടെയായി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കൂടുതൽ ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 450 പ്ലസ്, 450X എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ കോർപ്പറേറ്റ് ഔട്ട്റീച്ച് പ്രോഗ്രാമാണ് 2023 ഫെബ്രുവരി മാസത്തേക്കായി കൊണ്ടുവന്നിരിക്കുന്നത്. 16,259 രൂപ വരെയുള്ള ഓഫറാണിതെന്ന് ലളിതമായി പറയാം.

ഇതിനായി 2,500-ലധികം ഓർഗനൈസേഷനുകളുമായി ചേർന്ന് ഡിസ്കൗണ്ടുകൾ, ടാക്‌സ് സേവിംഗ്‌സ്, എക്സ്ചേഞ്ച് ബോണസ് എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. കോർപ്പറേറ്റ് ജീവനക്കാർക്ക് 4,000 രൂപ മൂല്യമുള്ള കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, 4,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, എടുക്കുന്ന ലോണുകളുടെ ടാക്‌സ് സേവിംഗ്‌സ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. 450X ഇലക്ട്രിക് സ്കൂട്ടറിന് 8,259 രൂപയുടെ കോംപ്ലിമെന്ററി രണ്ട് വർഷത്തെ വിപുലീകൃത വാറണ്ടിയും ഏഥർ കൊണ്ടുവന്നിട്ടുണ്ട്.
ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന കോർപ്പറേറ്റ് പ്രോഗ്രാം ഓഫറുകൾ 2023 ഫെബ്രുവരി 28 വരെ ഉപയോഗപ്പെടുത്താനാവും. 80 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 100 എക്സ്പീരിയൻസ് സെന്ററുകളിലൂടെയാണ് കമ്പനി നിലവിൽ ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കുന്നത്. ജനുവരിയിൽ ആദ്യം 450 പ്ലസ്, 450X ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റും പ്രഖ്യാപിച്ചിരുന്നു. പുതിയ ഏഥർസ്റ്റാക്ക് 5.0 പതിപ്പിൽ ഓട്ടോഹോൾഡ് ഫീച്ചർ, ക്രൂയിസ് കൺട്രോൾ, അഡ്വാൻസ്ഡ് റീജൻ, ക്രാൾ കൺട്രോൾ പോലുള്ള പുതിയ സവിശേഷതകളും കമ്പനി ചേർക്കുകയുണ്ടായി.


Click it and Unblock the Notifications








