ഓടിക്കാൻ ബാലൻസ് വേണ്ട, ചാഞ്ഞാലും ചെരിഞ്ഞാലും വീഴാത്ത സെൽഫ് ബാലൻസിങ് സ്‌കൂട്ടറുമായി Liger
നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്സ്പോയിൽ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിച്ച് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്‌ട്രിക് സ്റ്റാർട്ടപ്പ് കമ്പനിയായ ലിഗർ മൊബിലിറ്റി. ഇത് ലോകത്തിലെ ആദ്യത്തെ സെൽഫ് ബാലൻസിങ് സംവിധാനം അവതരിപ്പിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ടൂവീലറാണ് ലിഗർ അവതരിപ്പിച്ചിരിക്കുന്നത്.
കോർ സയൻസസ്, IoT, AI എന്നിവയെ സ്വാധീനിക്കുന്ന സാങ്കേതികവിദ്യകളാണ് സെൽഫ് ബാലൻസിങ് ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് നൽകിയിരിക്കുന്നത്. X, X പ്ലസ് എന്നിങ്ങനെയാണ് മോഡലുകൾക്ക് കമ്പനി പേരിട്ടിരിക്കുന്നതും. രണ്ട് ഇവികൾക്കുമായുള്ള ബുക്കിംഗ് 2023 മധ്യത്തോടെ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം ഡെലിവറികൾ ഈ വർഷാവസാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും. ഇന്ത്യയിൽ മാത്രമല്ല, ആഗോള വിപണികളിലേക്കും ഈ വണ്ടികൾ കയറ്റുമതി ചെയ്യാനും ലിഗറിന് പദ്ധതിയുണ്ട്.

2025 പകുതിയോടെ ഈ ഇരുചക്ര വാഹനങ്ങൾ കയറ്റുമതി ചെയ്യാനാണ് ലിഗർ മൊബിലിറ്റി ഉന്നംവെച്ചിരിക്കുന്നത്. FAME-II സബ്‌സിഡി ആനുകൂല്യങ്ങൾക്ക് ശേഷം ലിഗർ X ഇലക്ട്രിക് സ്‌കൂട്ടറിന് ഏകദേശം 90,000 രൂപ എക്‌സ്ഷോറൂം വില വരുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ആഗോളതലത്തിൽ ലഭ്യമായ ഏത് സ്‌കൂട്ടറുകളേക്കാളും മെച്ചപ്പെടുത്തിയ റൈഡർ സുരക്ഷയും സൗകര്യവും തങ്ങളുടെ സെൽഫ് ബാലൻസിങ് മോഡലുകൾ ഉറപ്പാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഒരു ബട്ടൺ അമർത്തിക്കൊണ്ട് ഓട്ടോ ബാലൻസിങ് അല്ലെങ്കിൽ സെൽഫ് ബാലൻസിങ് ടെക്നോളജി കുറഞ്ഞ വേഗതയിൽ സജീവമാക്കാനോ നിർജ്ജീവമാക്കാനോ കഴിയുമെന്നതാണ് ലിഗർ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മറ്റൊരു പ്രത്യേകത. ഇന്ത്യൻ കാലാവസ്ഥയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്തതാണെന്ന് അവകാശപ്പെടുന്ന ലിക്വിഡ് കൂൾഡ് ലിഥിയം അയൺ ബാറ്ററി പായ്ക്കിലാണ് ലിഗർ X, ലിഗർ X പ്ലസ് എന്നിവ വരുന്നത്. താപ സുരക്ഷയും പ്രവചനാത്മകമായ അറ്റകുറ്റപ്പണിയും ഉറപ്പാക്കുന്ന വിപുലമായ അൽഗോരിതങ്ങൾ ബാറ്ററിയിലുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ട്-അപ്പ് ഇതുവരെ സ്കൂട്ടറുകളുടെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ രണ്ട് ഇവികൾക്കും മണിക്കൂറിൽ 65 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡ് ഉണ്ടെന്നാണ് അനുമാനം. Liger X പൂർണ ചാർജിൽ 60 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാൻ പ്രാപ്‌തമായിരിക്കും. അതേസമയം Liger X പ്ലസ് ഒറ്റ ചാർജിൽ 100 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്തേക്കാം. മൂന്ന് മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാൻ കഴിയുന്ന ഒരു റിമൂവബിൾ ബാറ്ററി പായ്ക്കാണ് ലിഗർ X ഇവിക്ക് ലഭിക്കുന്നത്.
അതേസമയം Liger X പ്ലസ് ഒരു നോൺ-ഡിറ്റാച്ചബിൾ ബാറ്ററി പായ്ക്കോടെയാവും വിപണിയിലേക്ക് ചുവടുവെക്കുക. അത് പൂർണമായി ചാർജ് ചെയ്യാൻ 4.5 മണിക്കൂർ സമയം എടുക്കും. അധിക ചിലവിൽ രണ്ട് സ്കൂട്ടറുകൾക്കും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകൾ നിർമാതാവ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾക്കും റിവേഴ്‌സിംഗ് ബട്ടൺ, ലേണർ മോഡ്, ഓവർ ദി എയർ (OTA) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ തുടങ്ങിയ സവിശേഷതകളും ഉണ്ടെന്നാണ് കമ്പനി പറയുന്നത്.

ഡിസൈനിലേക്ക് നോക്കിയാൽ അഞ്ച് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനാവും. ലിഗർ X, ലിഗർ X പ്ലസ് എന്നിവയ്ക്ക് സമാനമായ രൂപകൽപ്പനയാണുള്ളത്. ആധുനിക സവിശേഷതകളുമായി റെട്രോ തീമിനെ സമന്വയിപ്പിക്കുന്നതാണ് ഇവയുടെ ശൈലി. സ്‌കൂട്ടറുകൾക്ക് വിപരീത ഡെൽറ്റ ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, എൽഇഡി ടെയിൽലൈറ്റ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, പൂർണ ഡിജിറ്റൽ ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റൈഡറിനും പില്യൺ റൈഡറിനും വീതിയേറിയ സീറ്റുകൾ, ചങ്കി ഗ്രാബ് റെയിൽ തുടങ്ങിയവയെല്ലാം ലഭിക്കുന്നുണ്ട്.
രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും 4G കണക്റ്റിവിറ്റിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ജിപിഎസ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ ഫീച്ചറും ലിഗർ മൊബിലിറ്റി ഒരുക്കിയിട്ടുണ്ട്. കൂടാതെ, സ്കൂട്ടറിന്റെ TFT ഡിസ്പ്ലേയിൽ ഫോൺ കോളുകളും സന്ദേശങ്ങളും പരിശോധിക്കാൻ ഇത് റൈഡറെ അനുവദിക്കുമെന്നും ഇവി ബ്രാൻഡ് അവകാശപ്പെടുന്നു. അലോയ് വീലുകളിലാണ് രണ്ട് ഇവികളും പ്രവർത്തിക്കുന്നത്.
2023-ൽ 20,000 യൂണിറ്റ് ഉത്പാദന ശേഷിയാണ് സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നതെന്നാണ് ലിഗർ മൊബിലിറ്റിയുടെ സഹസ്ഥാപകൻ അശുതോഷ് ഉപാധ്യായ പറഞ്ഞത്. തുടർന്ന് നിർമാണം ക്രമേണ 100,000 യൂണിറ്റായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നുള്ള രണ്ട് വർഷങ്ങളിലാവും ഈ നേട്ടം കമ്പനി കൈവരിക്കാൻ ഒരുങ്ങുന്നത്.


Click it and Unblock the Notifications








