ഒറ്റ ചാർജിൽ 108 കി.മീ. റേഞ്ചും ഒരുപിടി മാറ്റങ്ങളും; പുത്തൻ ചേതക് ഇവി വിപണിയിൽ
ഇന്നു കാണുന്ന ബജാജിനെ ബജാജാക്കിയത് പൾസർ ആണെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അതൊന്ന് മാറ്റിവെച്ചേക്ക്. ചേതക് എന്നൊരു ഇതിഹാസ മോഡലാണ് ഇന്ത്യയിൽ കമ്പനിക്ക് ഒരു അഡ്രസ് സമ്മാനിച്ചത്. അതും സ്കൂട്ടറുകളൊന്നും ഇന്നത്തെ പോലെ ജനപ്രീതിയാർജിക്കാത്തൊരു കാലത്താണ് വിപ്ലവം രചിച്ച് ചേതക് നിരത്തുകൾ വാണത്.
ഒരുകാലത്ത് ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി ഭരിച്ചിരുന്നത് തന്നെ ബജാജായിരുന്നു. എന്നാൽ പിന്നീട് കാലങ്ങൾക്കപ്പുറം ഈ ഇതിഹാസം മൺമറഞ്ഞെങ്കിലും ഇലക്ട്രിക് വാഹന രംഗം ഉഷാറായതോടെ ചേതക്കിനെ വൈദ്യുത വേഷത്തിൽ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. അങ്ങനെ 2019-ൽ അവതാരപ്പിറവിടെയുത്ത ചേതക് ഇവി ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വാഹന വിപണിക്ക് പ്രീമിയം മുഖം സമ്മാനിക്കുകയുണ്ടായി. ശരിക്കും രാജ്യത്തെ ആദ്യത്തെ പ്രീമിയം ഇ-സ്‌കൂട്ടറാണിത് എന്നു വേണം വിശേഷിപ്പിക്കാൻ.

ഐക്കണിക് മോഡലിനെ ഇലക്ട്രിക്കിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത് ബജാജ് എടുത്ത ധീരമായ തീരുമാനങ്ങളിൽ ഒന്നായാണ് ഇപ്പോൾ അടക്കംപറച്ചിൽ. ഇടയ്ക്കിടയ്ക്ക് ചെറിയ ചില മാറ്റങ്ങുമായി ഇതിഹാസത്തെ മിനുക്കാനും കമ്പനി മറന്നിരുന്നില്ല. അങ്ങനെ ദേ ഇപ്പോൾ പുതിയ മാറ്റങ്ങളോടെ 2023 മോഡൽ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ബജാജ്. നിരവധി സവിശേഷതകളും സൗന്ദര്യവർധക മെച്ചപ്പെടുത്തലുകളും കൂടാതെ കൂടുതൽ റേഞ്ചും ഉറപ്പാക്കിക്കൊണ്ടാണ് ഇവി നിരത്തിലേക്ക് ഓടിയിറങ്ങുക.
പുതിയ പരിഷ്ക്കാരങ്ങളുമായി എത്തിയ 2023 മോഡൽ ബജാജ് ചേതക്കിന് 1.52 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്. ഇത്രയും പണം ചെവഴിക്കാൻ ഇല്ലാത്തവർക്കായി കമ്പനി നിലവിലുണ്ടായിരുന്ന മോഡലിനെയും അതേപടി വിപണിയിൽ നിലനിർത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇതിന് 1.22 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. എങ്കിലും അധികം പണം ചെലവഴിക്കുന്നത് ശരിക്കും മികച്ച തീരുമാനമായിരിക്കും. കാരണം റേഞ്ച് വർധിപ്പിച്ചതു തന്നെയാണ്.

പുത്തൻ 2023 ചേതക് ഇലക്ട്രിക്കിന് ഡിസൈൻ മാറ്റങ്ങളൊന്നും ബജാജ് പരിചയപ്പെടുത്തിയിട്ടില്ലെങ്കിലും പുതുമ നിലനിർത്തുന്നതിനായി സൂക്ഷ്മമായ സ്റ്റൈലിംഗ് പരിഷ്‌ക്കരണങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ഏറെ സ്വാഗതാർഹമായ കാര്യം തന്നെയാണ്. മാറ്റ് കോർസ് ഗ്രേ, മാറ്റ് കരീബിയൻ ബ്ലൂ, സാറ്റിൻ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളിൽ ഇലക്ട്രിക് സ്കൂട്ടർ ഇപ്പോൾ ലഭ്യമാണ് താനും. ഇതിനു പുറമെ പുത്തൻ ഇവിക്ക് വലിയ എൽസിഡി ഡിജിറ്റൽ കൺസോളും കമ്പനി ഒരുക്കിയിട്ടുണ്ട്.
ഇത് നിലവിലുള്ള പതിപ്പിനേക്കാൾ മികച്ച വ്യക്തത വാഗ്ദാനം ചെയ്യുന്നുവെന്നാണ് ബജാജിന്റെ അവകാശവാദം. പഴയ ഇതിഹാസ മോഡലിനെ ഓർമപ്പെടുത്തുന്നതിനായി വൃത്താകൃതിയിലുള്ള ഡിസൈൻ തന്നെയാണ് എൽസിഡി ഡിജിറ്റൽ കൺസോൾ മുന്നോട്ടു കൊണ്ടുപോവുന്നത്. പ്രീമിയം ടു-ടോൺ സീറ്റ്, ബോഡി-കളർ റിയർ വ്യൂ മിററുകൾ, സാറ്റിൻ ബ്ലാക്ക് ഗ്രാബ് റെയിൽ, പില്യൺ ഫുട്‌റെസ്റ്റ് കാസ്റ്റിംഗുകൾ എന്നിവയും ഇ-സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളാണെന്നു വേണം പറയാൻ.

കൂടാതെ ഹെഡ്‌ലാമ്പ് കേസിംഗ്, ഇൻഡിക്കേറ്ററുകൾ, സെൻട്രൽ ട്രിം ഘടകങ്ങൾ എന്നിവ ഇപ്പോൾ ചാർക്കോൾ ബ്ലാക്ക് നിറത്തിൽ പൂർത്തിയായിയത് മോഡലിന് പുതുമ സമ്മാനിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്നതിനായി ബജാജ് ചേതക്കിൽ ചെറിയ നവീകരണം കമ്പനി കൊണ്ടുവന്നിട്ടുണ്ട്. ബാറ്ററി ശേഷി സമാനമായിരിക്കുമെങ്കിലും സോഫ്‌റ്റ്‌വെയറിലും കൺട്രോളർ അൽഗോരിതങ്ങളിലും സൂക്ഷ്മമായ മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. അങ്ങനെ മൊത്തം 108 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ വാഹനം പ്രാപ്‌തമായി.
എന്നിരുന്നാലും ഡ്രൈവ് സൈക്കിൾ പ്രകാരം 90 കിലോമീറ്റർ വരെ റേഞ്ച് ചേതക് ഇവി ഉറപ്പായും നൽകുമെന്നും ബജാജ് അവകാശപ്പെടുന്നു. വിലകൂടുതലും മൈലേജ് കുറവുമാണെന്ന ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന പോരായ്മയാണ് ബജാജ് മാറ്റിയിരിക്കുന്നത്. ബാറ്ററിയുടെ വലിപ്പം മുകളിൽ പറഞ്ഞതുപോലെ 2.88 kWh ശേഷിയിൽ അതേപടി തുടരുകയാണ്. ഇത് 5.3 bhp കരുത്തിൽ പരമാവധി 20 Nm torque വരെ വികസിപ്പിക്കുന്ന അതേ PMS മോട്ടോറിൽ നിന്നാണ് പവർ കൈമാറുന്നത്.

ഓൾ-മെറ്റൽ ബോഡി നിർമാണം തന്നെയാണ് 2023 ബജാജ് ചേതക് ഇവിയിലും തുടർന്നുപോവുന്നത്. കൂടാതെ ഒരു ഓൺബോർഡ് ചാർജറും ഉപഭോക്താക്കൾക്ക് സ്റ്റാൻഡേർഡായി ലഭിക്കും. ഇത് ഏകദേശം നാല് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സഹായിക്കുന്ന യൂണിറ്റാണ്. എന്നാൽ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുമായി ഇലക്ട്രിക് സ്കൂട്ടർ വരുന്നില്ലെന്നത് ഒരു വലിയ പോരായ്‌മയായി അവശേഷിക്കുകയാണ്. ഇവിയുടെ പുതിയ 2023 മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ചേതക് ഇപ്പോൾ ബുക്ക് ചെയ്യാനും അവസരമുണ്ട്.
അതേസമയം ഡെലിവറികൾ ഏപ്രിൽ മുതൽ ആരംഭിക്കുമെന്നാണ് ബജാജ് അറിയിച്ചിരിക്കുന്നത്. 60 നഗരങ്ങളിൽ നിന്ന് ഇ-സ്കൂട്ടർ റീട്ടെയിൽ ചെയ്യുന്ന കമ്പനി ഈ വർഷം മാർച്ച് അവസാനത്തോടെ 85 നഗരങ്ങളിലായി 100-ലധികം സ്റ്റോറുകളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുകയാണിപ്പോൾ. 40 ചേതക് എക്സ്പീരിയൻസ് സെന്ററുകളും ഇതിൽ ഉൾപ്പെടുന്നു. അതിൽ സർവീസ് സെന്ററുകളും ഉൾപ്പെടുന്നുണ്ടെന്നത് സ്വീകാര്യമായ വസ്‌തുതയാണ്.


Click it and Unblock the Notifications








