ഇനി കൂടുതൽ ദൂരം ഓടാം, പുതുക്കിയ ചേതക് ഇവി പുറത്തിറക്കാൻ ഒരുങ്ങി ബജാജ്
ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വാഹന വിപണിക്ക് പ്രീമിയം മുഖം സമ്മാനിച്ചവരാണ് ബജാജ്. ചേതക് എന്ന ഐക്കണിക് മോഡലിനെ തിരികെ കൊണ്ടുവന്നത് ഇലക്ട്രിക് പരിവേഷത്തിലായിരുന്നു എന്നത് കമ്പനി എടുത്ത ധീരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു. ചില നഗരങ്ങളിൽ മാത്രം വിൽപ്പന കേന്ദ്രീകരിച്ചതാണ് പിന്നാലെ വന്നവരെല്ലാം ഓടി മുന്നിൽ കയറാൻ കാരണമായത്.
എന്നിരുന്നാലും ഇവി വിപണിയിൽ ഇന്നും ഒരു പ്രത്യേക സ്ഥാനത്തിരിക്കാൻ ചേതക്കിന് സാധിക്കുന്നുണ്ട്. സെഗ്മെന്റിലെ മറ്റ് എതിരാളികളുമായി തട്ടിച്ചു റേഞ്ച് അൽപം കുറവാണെങ്കിലും മറ്റ് കുറ്റങ്ങളും കുറവുകളൊന്നും ആർക്കും പറയാനില്ല. 2019-ൽ ലോഞ്ച് ചെയ്ത മോഡലിലേക്ക് ചെറിയ ചെറിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിൽ ബ്രാൻഡ് ഒരിക്കലും മടികാണിച്ചിട്ടില്ല. 2022-ൽ ചേതക്കിന്റെ ഏകദേശം 30,000 യൂണിറ്റുകൾ ഇന്ത്യയിൽ വിൽക്കാൻ ബജാജിന് കഴിഞ്ഞു. 2023-ൽ ഇത് ഇരട്ടിയാക്കാമെന്ന പ്രതീക്ഷയിലാണ് ബജാജ്.

അതിന്റെ ഭാഗമായി മോഡലിലേക്ക് ചെറിയൊരു നവീകരണം നടപ്പിലാക്കാൻ പോവുകയാണ് ബജാജ്. അതും മെക്കാനിക്കൽ പരിഷ്ക്കാരങ്ങളാണ് ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് വരുന്നത് എന്നതാണ് സന്തോഷം നൽകുന്ന കാര്യം. ബാറ്ററി ശേഷി സമാനമായിരിക്കുമെങ്കിലും സോഫ്‌റ്റ്‌വെയറിലും കൺട്രോളർ അൽഗോരിതങ്ങളിലും സൂക്ഷ്മമായ മാറ്റങ്ങളാണ് പ്രാദേശിക വാഹന നിർമാതാക്കൾ കൊണ്ടുവരുന്നത്. ഇതോടൊപ്പം കൂടുതൽ റേഞ്ച് കൈവരിക്കാൻ ചേതക് ഇവിക്ക് സാധിക്കും. അതായത് നിലവിലെ മോഡലിനേക്കാൾ ഒറ്റ ചാർജിൽ കൂടുതൽ ദൂരം 2023 ചേതകിന് ലഭിക്കുമെന്ന് സാരം.
അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിലാണ് ബജാജ് ചേതക് വിപണിയിൽ എത്തിയിരുന്നത്. എന്നാൽ പുതിയ പതിപ്പ് വരുന്നതോടെ പ്രീമിയം വകഭേദം മാത്രമേ വിൽപ്പനയ്ക്ക് എത്തൂവെന്നാണ് സൂചന. കമ്പനി സമർപ്പിച്ച ടെപ്പ് അപ്രൂവൽ രേഖകളാണ് ഇക്കാര്യത്തെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. 50.4 V 57.24 Ah ബാറ്ററിയാണ് ചേതക്കിൽ ഇടംപിടിച്ചിരിക്കുന്നത്. 1,400 rpm-ൽ 16 Nm torque വികസിപ്പിക്കുന്ന 3.8kW ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണിത്.

ബാറ്ററിയുടെ മാത്രം ഭാരം 24.5 കിലോയാണ്. ഇക്കോ, സ്‌പോർട്ട് എന്നീ രണ്ട് റൈഡിംഗ് മോഡുകൾ ഇവിയിൽ നൽകുന്ന ബജാജ് ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 95 കിലോമീറ്ററും സ്‌പോർട്ട് മോഡിൽ 85 കിലോമീറ്ററും റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ മാറ്റങ്ങളോടെ ചേതക് ഇവിക്ക് പൂർണ ചാർജിൽ 108 കിലോമീറ്റർ വരെ റേഞ്ച് നൽകിയേക്കുമെന്നാണ് വിവരം. ഇത് AIS 040 സാക്ഷ്യപ്പെടുത്തിയ കണക്കുകളാണെന്നതും പ്രത്യേകം ഓർമിക്കാം.
പുതിയ ബജാജ് ചേതക് വലിപ്പത്തിൻ്റെ കാര്യത്തിലും നിലവിലെ മോഡലിന് സമാനമാണ്. ചെറിയ മാറ്റങ്ങൾ ഒഴിച്ചു നിർത്തിയാൽ ഇവി അതിന്റെ മെറ്റാലിക് ബോഡി, IP67-റേറ്റഡ് ബാറ്ററി, ട്യൂബ് ലെസ് ടയറുകളുള്ള 12 ഇഞ്ച് അലോയ് വീലുകൾ, ബാക്ക്-ലൈറ്റിംഗ് ഉള്ള സോഫ്റ്റ്-ടച്ച് സ്വിച്ച് ഗിയർ, 18 ലിറ്റർ ബൂട്ട് സ്‌പേസ്, 4 ലിറ്റർ ഗ്ലൗ ബോക്‌സ്, എൽഇഡി ലൈറ്റിംഗ് എന്നിങ്ങനെയുള്ള സവിശേഷതകളെല്ലാം നിലനിർത്തിയേക്കും.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ആപ്പ് അധിഷ്‌ഠിത നിയന്ത്രണം, ജിപിഎസ് നാവിഗേഷൻ, കീലെസ് ഇഗ്നിഷൻ തുടങ്ങിയ സവിശേഷതകളും ബജാജ് ചേതക്കിന് സമ്മാനിച്ചിട്ടുണ്ട്. ഏഥർ, ഓല, ടിവിഎസ് ഐക്യൂബ്, ഹീറോ വിഡ തുടങ്ങിയ എതിരാളികൾക്ക് അനുസൃതമായി ചേതക്കിന് മുടക്കുന്ന ഉയർന്ന തുക ന്യായീകരിക്കുന്നതിനായി ബജാജ് TFT ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഇലക്ട്രിക് സ്കൂട്ടറിൽ വാഗ്‌ദാനം ചെയ്‌തേക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഒട്ടനവധി ഫീച്ചറുകളും ഗിമ്മിക്കുകളും ഉപയോഗിച്ച് യുവ ഉപഭോക്താക്കളെ ആകർഷിക്കുന്നതിലാണ് ബജാജ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പുതിയ 2023 മോഡലിന്റെ വില നിലവിലെ പതിപ്പിന് സമാനമായിരിക്കണം. ഇപ്പോൾ 1,54,189 രൂപയാണ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇപ്പോൾ പല വ്യത്യസ്‌ത കളർ ഓപ്ഷനുകളിൽ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനാവും. ബ്രൂക്ലിൻ ബ്ലാക്ക്, ഹേസൽ നട്ട്, ഇൻഡിഗോ മെറ്റാലിക്, വെല്ലുട്ടോ റോസ്സോ എന്നിവയാണ് അവ. ബജാജ് ഓട്ടോ ഇവിയിലെ ബാറ്ററി പായ്ക്കിന് മൂന്നു വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയാണ് നിലനിൽ നൽകുന്നത്. ഇത് 2023 മോഡലിലും തുടർന്നും വാഗ്‌ദാനം ചെയ്യും.


Click it and Unblock the Notifications








