പെട്രോളും ഇലക്‌ട്രിക്കും വേണ്ട, ഇനി സിഎൻജി ബൈക്കുകളുടെ കാലം; ബജാജിന്റെ പുതിയ പ്ലാൻ അറിഞ്ഞോ?
ഇന്ത്യയിൽ പൾസർ മോഡലുകളിലൂടെ ഇരുചക്ര വാഹന വിപണിയെ കീഴ്പ്പെടുത്തിയവരാണ് ബജാജ്. ഒരുകാലത്ത് യുവതലമുറ ഒരു ബൈക്ക് എടുക്കാൻ തീരുമാനിച്ചാൽ അത് പൾസർ ആയിരിക്കും. ഇന്നും 125 സിസി മുതൽ 250 സിസി വരെ വ്യാപിച്ചുകിടക്കുന്ന പൾസർ മോട്ടോർസൈക്കിളുകൾ ചൂടപ്പംപോലെ തന്നെയാണ് വിറ്റഴിക്കുന്നത്. ഇനി മൈലേജാണ് വേണ്ടതെങ്കിൽ ഡിസ്‌കവർ, പ്ലാറ്റിന, CT100 എന്നിങ്ങനെയുള്ള ടൂവീലറുകളും കമ്പനി നൽകിയിരുന്നു.
അങ്ങനെ മൊത്തത്തിൽ ഇരുചക്ര വാഹന വിപണിയിലെ നിറസാന്നിധ്യമായിരുന്നു ബജാജ്. ഇന്ന് ഇലക്‌ട്രിക് ടൂവീലറുകളാണ് നിരത്തുകൾ ഭരിക്കുന്നതെങ്കിലും കാലത്തിനൊത്ത് സഞ്ചരിക്കാൻ ബജാജിന് ഏറെ ഇഷ്‌ടമാണ്. അതിനാൽ തുടക്ക കാലത്ത് തന്നെ ചേതക് ഇവിയെ പുറത്തിറക്കി വൈദ്യുത വാഹന രംഗത്തും തങ്ങളുടെ ശക്തി ബ്രാൻഡ് കാട്ടിക്കൊടുത്തു. ട്രയംഫ്, കെടിഎം മോഡലുകളിലൂടെ ഉയർന്ന ശേഷിയുള്ള സെഗ്‌മെന്റുകളിൽ പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കുന്നതിനൊപ്പം ബജാജ് ഓട്ടോ തങ്ങളുടെ ആഭ്യന്തര ശ്രേണിയും ശക്തിപ്പെടുത്തുകയാണ്.

സമീപ വർഷങ്ങളിൽ, ചാക്കൻ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കമ്പനി തങ്ങളുടെ നിരയിലേക്ക് പുതുതലമുറ പൾസറുകളേയും അവതരിപ്പിക്കുകയുണ്ടായി. P150, N160, N250, F250 എന്നിവയെല്ലാം ഇന്ന് ജനപ്രീയരായി മാറുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ എൻട്രി ലെവൽ കമ്മ്യൂട്ടർ സെഗ്മെന്റിലും അപ്‌ഡേറ്റ് ചെയ്‌ത മോഡലുകൾ പുറത്തിറക്കാനും ബജാജ് പ്രത്യേകം ശ്രദ്ധകൊടുത്തിട്ടുണ്ട്.
ട്രയംഫ് സ്പീഡ് 400 എന്ന ബൈക്കിനും ലഭിച്ച മികച്ച സ്വീകാര്യതയെ തുടർന്ന്, കെടിഎമ്മിന്റെ പുതിയ തലമുറ 250 ഡ്യൂക്കും 390 ഡ്യൂക്കും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കുകയുണ്ടായി കൂടുതൽ പുതിയ മോട്ടോർസൈക്കിളുകൾ ബ്രാൻഡ് നിരയിലേക്ക് അവതരിപ്പിക്കുന്നതിനായുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ് സ്ഥിരീകരിച്ചു.

ഇതിനെല്ലാം പുറമെ ഒരു സിഎൻജി ബൈക്ക് ഇന്ത്യയിൽ പുറത്തിറക്കാനുള്ള ശ്രമവും ബജാജിൽ നിന്നും ഉണ്ടാവും. സിഎൻജി വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമായി കുറയ്ക്കാൻ ധനമന്ത്രി നിർമല സീതാരാമനോട് വാഹന കമ്പനികളെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സിഎൻജി ഇന്ധനത്തിൽ പ്രവർത്തിക്കുന്ന പുതിയ 100 സിസി മോട്ടോർസൈക്കിളാണ് ബജാജ് അവതരിപ്പിക്കാൻ സാധ്യതയുള്ളത്.
ഇത് സംഭവിച്ചുകഴിഞ്ഞാൽ ഇരുചക്ര വാഹന വിപണിയുടെ മുഖവും ഭാവവും തന്നെ മാറുമെന്നാണ് വിലയിരുത്തൽ. 125 സിസി മുതൽ 200 സിസി വരെയുള്ള വിഭാഗത്തിലെ ബജാജിന്റെ വിപണി വിഹിതം സമീപകാലത്ത് അതിവേഗം 30 ശതമാനത്തിലേറെ വളർന്നിട്ടുണ്ട്. ആയതിനാൽ ഈ സെഗ്മെന്റിൽ തന്നെ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ബ്രാൻഡിന്റെ പ്രധാന ശ്രമം. പക്ഷേ വരാനിരിക്കുന്ന സിൻജി ഫ്യുവൽ ബൈക്കിന്റെ കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

എന്തായാലും സിഎൻജി മോട്ടോർബൈക്കുകൾ വാങ്ങുന്നതും ഇന്ധനം നിറയ്ക്കുന്നതിനും നിലവിലെ പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞതായിരിക്കും എന്നത് പൊതുജനങ്ങലെ സംബന്ധിച്ച് കൂടുതൽ സഹായകരമാവും. ഉയർന്ന പെട്രോൾ വില ഇലക്ട്രിക് ടൂവീലറുകളെ സഹായിച്ചതു പോലെ പുതിയ സിഎൻജി മോഡലുകളുടെ സ്വീകാര്യതയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.
ബജാജിന്റെ ഈ പ്ലാൻ നടപ്പിലാക്കുകയാണെങ്കിൽ, പ്ലാന്റിൽ പൂർണമായും സിഎൻജി മോട്ടോർസൈക്കിൾ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായും ബജാജ് പേരെടുക്കും. ആഭ്യന്തര വിപണിയിൽ നേരത്തെ നടത്തിയ പരീക്ഷണങ്ങളിൽ പെട്രോൾ എഞ്ചിനുകൾക്ക് പകരം സിഎൻജി ഉപയോഗിച്ചിരുന്നു. ഇതിനു പുറമെ നിലവിലെ സാമ്പത്തിക വർഷം ഏറ്റവും ശേഷി കൂടിയ പൾസറിന്റെ അരങ്ങേറ്റത്തിനും ഇന്ത്യൻ വിപണി സാക്ഷ്യംവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ട്രയംഫിൽ കണ്ട 400 സിസി എഞ്ചിനുള്ള ഒരു ഫെയർഡ് സൂപ്പർസ്‌പോർട് അല്ലെങ്കിൽ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ പൾസർ ആയിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡ്-സെഗ്‌മെന്റിൽ ബജാജ് തങ്ങളുടെ സാന്നിധ്യ കൂടുതൽ ദൃഢമാക്കാൻ ഒരുങ്ങുന്നതിന്റെ സൂചനയാണിത്. നിലവിൽ ഡൊമിനാർ മോഡലുകൾ കാര്യമായി വിറ്റഴിഞ്ഞുപോവാത്തത് കമ്പനിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
ഇപ്പോൾ ഈ വിഭാഗത്തിൽ ബ്രാൻഡിന്റെ വിപണി വിഹിതം 30 ശതമാനമാണ്. ഇതിൽ നിന്ന് പരമാവധി വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന "പ്രധാനമായ ആറ് ഫെയ്‌സ്‌ലിഫ്റ്റുകൾ അല്ലെങ്കിൽ പുതിയ പൾസറുകൾ" ഈ സാമ്പത്തിക വർഷത്തിൽ എത്തുമെന്നും രാജീവ് ബജാജ് അറിയിച്ചു. എന്തായാലും അണിയറയിൽ ഒരുങ്ങുന്ന ബ്രാൻഡിന്റെ പദ്ധതികളെല്ലാം വിജയകരമായി പ്രാവർത്തികമാക്കിയാൽ ടൂവീലർ സെഗ്മെന്റിന് അതൊരു ഉത്തേജനമാവുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








