കൺഫ്യൂഷൻ വേണ്ട, രണ്ടും ഒന്നല്ല! പൾസർ ബ്രദേഴ്‌സ് തമ്മിൽ മാറ്റുരയ്ക്കാം, N150 vs N160
ബൈക്ക് എന്നാൽ പൾസർ എന്നറിയപ്പെടുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു നമുക്ക്. യൂത്തൻമാരുടെ സ്വപ്‌നമായി മാറിയ ഈ മോട്ടോർസൈക്കിളുകൾ 150 സിസി മുതൽ 220 സിസി വരെയുള്ള വിഭാഗങ്ങളിലായിരുന്നു നിരത്തുകൾ വാണത്. മിക്കതിനും ഒരേ ഡിസൈനായിരുന്നുവെങ്കിലും 220 പതിപ്പിലേക്ക് എത്തിയപ്പോൾ ഫെയറിംഗ് സ്റ്റൈൽ പിന്തുടർന്നതും വലിയ ട്രെൻഡായിരുന്നു.
പണ്ട് മോട്ടോർസൈക്കിൾ വാങ്ങാൻ തീരുമാനിച്ചാൽ അത് പൾസറായിരിക്കും. എന്നാൽ ഇന്ന് കാലഘട്ടം മാറിയതോടെ പൾസറുകൾക്ക് അത്ര ഡിമാന്റ് ഇല്ലെന്നു വേണമെങ്കിൽ പറയാം. കാലത്തിനൊത്ത് മാറാൻ എടുത്ത സമയമാണ് ഇവയെ പിൻനിരയിലേക്ക് വലിച്ചിട്ടത്. എങ്കിലും മോശമാക്കാതെ ബജാജിന്റെ ജീവനാഢിയായി പൾസറുകൾ ഇപ്പോഴും വിറ്റുപോവുന്നുണ്ട്. നിലവിൽ പുതിയ സ്റ്റൈലും പ്ലാറ്റ്ഫോമും എഞ്ചിനും എല്ലാമായി പുതുതലമുറയിലേക്ക് ചേക്കേറിയ നിരയിലേക്ക് പുത്തനൊരു അതിഥി കൂടി കടന്നുവന്നിട്ടുണ്ടിപ്പോൾ.

ബജാജ് പൾസർ N150 മോട്ടോർസൈക്കിൾ ഇന്ത്യയിൽ ഇന്നലെ അവതരിപ്പിക്കുകയുണ്ടായി. N160 മോട്ടോർസൈക്കിളിനും കൂടുതൽ യാത്രാ സൗഹൃദമായ N150 ബൈക്കിനും ഇടയിലയാണ് പുത്തൻ പതിപ്പിന്റെ സ്ഥാനം. ബജാജിന് നിലവിൽ 150 സിസി-160 സിസി മോട്ടോർസൈക്കിളുകളുടെ വിശാലമായ ശ്രേണിയാണുള്ളത്. പൾസർ N150, N160 എന്നിവ ഒരേ ശ്രേണിയിൽ വരുന്നതിനാൽ ഈ രണ്ട് മോഡുകളും തമ്മിൽ എന്താണ് വ്യത്യാസമെന്ന് സാധാരണക്കാർക്ക് സംശയം തോന്നിയേക്കാം. ഇതുമാറ്റാനായി ഇവ രണ്ടും തമ്മിൽ ഒന്നു താരതമ്യം ചെയ്‌തു നോക്കിയാലോ?
ഡിസൈൻ: ആദ്യ കാഴ്ച്ചയിൽ രണ്ട് മോഡലുകളും ഒന്നല്ലേ എന്നു തോന്നിയാലും അതിശയിക്കാൻ ഒന്നുമില്ല. ലുക്കിന്റെ കാര്യത്തിൽ, പുതുതായി പുറത്തിറക്കിയ ബജാജ് പൾസർ N150 മോട്ടോർസൈക്കിൾ ഏതാണ്ട് N160 ബൈക്കിന് സമാനമാണ്. രണ്ട് മോഡലുകളും ഒരേ ശ്രേണിയിൽ വരുന്നതിനാൽ ഇത് വളരെ വ്യക്തമാണ്. പണ്ടത്തെ പൾസറുകളിലെ അതേ തന്ത്രമാണ് ബജാജ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്.

എങ്കിലും, ഈ മോട്ടോർസൈക്കിളുകൾ തമ്മിൽ ചില സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ടെന്നതാണ് സത്യം. പുതിയ സിംഗിൾ പീസ് സീറ്റ്, വ്യത്യസ്‌ത അലോയ് വീലുകൾ, പുതിയ സിംഗിൾ പീസ് ഗ്രാബ് റെയിൽ, വ്യത്യസ്ത എഞ്ചിൻ കൗൾ, സ്‌പോർട്ടി ലുക്ക് കുറഞ്ഞ പിൻ നമ്പർ പ്ലേറ്റ് ഹോൾഡർ എന്നിവ പുതുതായി പുറത്തിറക്കിയ പൾസർ N150 ബൈക്കിലെ പ്രധാന മാറ്റങ്ങളിൽ ഉൾപ്പെടുന്നവയാണ്. അല്ലെങ്കിൽ ഇനി നേരിൽ കാണുമ്പോൾ ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ ഈ മാറ്റങ്ങൾ പ്രകടമാവും.
എഞ്ചിൻ: ബജാജ് പൾസർ P150 മോട്ടോർസൈക്കിളിന്റെ അതേ 149.68 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് പുതിയ പൾസർ N150 മോഡലിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഈ എഞ്ചിൻ 8,500 rpm-ൽ 14.3 bhp പവറും 6,000 rpm-ൽ 13.5 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് ഗിയർബോക്‌സാണ് ബൈക്കിൽ ഒരുക്കിയിരിക്കുന്നത്.

താരതമ്യപ്പെടുത്തുമ്പോൾ ബജാജ് പൾസർ N160 മോട്ടോർസൈക്കിളിന് കരുത്തേകുന്നത് 164.82 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിനാണ്. ഈ എഞ്ചിൻ 8,750 rpm-ൽ 15.7 bhp പവറും 6,750 rpm-ൽ 14.65 Nm torque ഉം നൽകും. ഗിയർബോക്സ് 5-സ്പീഡ് യൂണിറ്റായി തുടരുകയാണ് ചെയ്യുന്നത്. പവർ ഔട്ട്പുട്ട് കണക്കുകളിലെ ഈ വ്യത്യാസം റൈഡിംഗിലും കാര്യമായി അറിയാൻ കഴിയുമെന്നതിലും സംശയമൊന്നും വേണ്ട കേട്ടോ.
മെക്കാനിക്കലുകൾ: പുതിയ പൾസർ N150 മോട്ടോർസൈക്കിളിൽ മുന്നിൽ 31 mm വലിപ്പമുള്ള ടെലിസ്‌കോപിക് സസ്‌പെൻഷനും പിന്നിൽ മോണോഷോക്ക് യൂണിറ്റുമാണ് ബജാജ് ഒരുക്കിയിട്ടുള്ളത്. അതേസമയം ബ്രേക്കിംഗിംനായി മുൻവശത്ത് 260 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 130 mm ഡ്രം ബ്രേക്കുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. സിംഗിൾ ചാനൽ എബിഎസിന്റെ അകമ്പടിയും ഈ ബൈക്കിൽ ലഭ്യമാവും.

മറുവശത്ത് പൾസർ N160-ന്റെ സിംഗിൾ-ചാനൽ എബിഎസ് വേരിയന്റിലും സമാനമായ സസ്പെൻഷൻ സജ്ജീകരണമാണ് ബജാജ് ഉപയോഗിച്ചിരിക്കുന്നത്. എന്നിരുന്നാലും മോഡലിന് മുന്നിൽ വലിയ 280 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 230 mm ഡിസ്‌ക് ബ്രേക്കും ഉണ്ട്. മറുവശത്ത് പൾസർ N160 ഡ്യുവൽ-ചാനൽ എബിഎസ് വേരിയന്റിൽ മുൻവശത്ത് വലിയ 37 mm ടെലിസ്‌കോപിക് സസ്പെൻഷനുണ്ട്.
പിന്നിൽ മോണോഷോക്ക് സംവിധാനം തന്നെയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, ബജാജ് പൾസർ N160 മോട്ടോർസൈക്കിളിൽ ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത് മുന്നിൽ 300 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 230 mm ഡിസ്‌ക് ബ്രേക്കുമാണ്. രണ്ട് ബൈക്കുകളിലും ആന്റി ബ്രേക്കിംഗ് സിസ്റ്റത്തിന്റെ അകമ്പടിയുണ്ടെങ്കിലും കൂടുതൽ കാര്യക്ഷമമായത് N160 ഡ്യുവൽ ചാനൽ തന്നെയാണെന്നതിൽ തർക്കം വേണ്ട.
വില: ഏതൊരു വണ്ടിയും വാങ്ങൽ തീരുമാനിക്കുന്നതിൽ ഒരു പ്രധാന ഘടകമായി പ്രവർത്തിക്കുന്ന കാര്യമാണ് വില. ബജാജ് പൾസർ N150 പുതിയ മോട്ടോർസൈക്കിളാണെങ്കിലും 1.18 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില മാത്രമാണ് ഇതിനുള്ളത്. കൂടുതൽ താങ്ങാനാവുന്ന വേരിയന്റായതിനാൽ കൂടുതൽ ആളുകളെ ആകർഷിക്കാൻ ഇത് പ്രാപ്തമായിരിക്കും. മറുവശത്ത്, ബജാജ് പൾസർ N160 പതിപ്പിനായി 1.31 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്.


Click it and Unblock the Notifications








