മരിച്ചതല്ലല്ലോ, കൊന്നതല്ലേ... കരിസ്‌മയെ ട്രോളി ബജാജിന്റെ പോര്; ഹീറോയുടെ മറുപടിക്കായി ആരാധകർ
ഇന്ത്യൻ വാഹന വിപണിയിൽ ഒരേ സെഗ്മെന്റിലെ മോഡലുകൾ തമ്മിലുള്ള കിടമത്സരങ്ങൾ കാണുക എന്നത് വളരെ രസകരമായ കാര്യമാണ്. ഇത്തരം മത്സരങ്ങൾ കാലാകാലങ്ങളായി കാണുന്നതാണെങ്കിലും സോഷ്യൽ മീഡിയയുടെ വരവോട് ഫാൻസ് ക്ലബുകളും ആരാധകരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവാണ്. പക്ഷേ കമ്പനികൾ നേരിട്ട് ഏറ്റുമുട്ടിയാൽ എങ്ങനെയിരിക്കും?
മാരുതിയുടെ സേഫ്റ്റി പറഞ്ഞ് ടാറ്റയും പെട്രോൾ ടൂവീലറുകളെ ട്രോളി ഓലയും എല്ലാം ഇത്തരം പരസ്യങ്ങൾ ഇതിനു മുമ്പ് ചെയ്‌തിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് സെഗ്മെന്റിൽ പഴയൊരു പോരിന് വീണ്ടും കളമൊരുങ്ങുകയാണ്. ആരൊക്കെയാണെന്നല്ലേ, ബജാജും ഹീറോയും തമ്മിലുള്ള വൈരാഗ്യമാണ് വീണ്ടും ചർച്ചയാവുന്നത്. ഹീറോ മോട്ടോകോർപ് പുതിയ കരിസ്മ അവതരിപ്പിക്കാൻ ഒരുങ്ങുന്ന വിവരം ഏവരും ഇതിനോടകം അറിഞ്ഞു കാണുമല്ലോ.

ഓഗസ്റ്റ് 29-ന് അരങ്ങത്തേക്ക് എത്തുന്ന പുത്തൻ ബൈക്കിനെയും കാത്ത് ആരാധകർ കാത്തിരിക്കുകയാണ്. ഈ സമയത്താണ് ബജാജ് ഓട്ടോ കരിസ്‌മയെ ട്രോളി ഒരു പോസ്റ്റിട്ടിരിക്കുന്നത്. വരാനിരിക്കുന്ന ബൈക്കിന്റെ 'റൈഡ് യുവർ ലെജൻഡ്' എന്ന ടീസർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡാവുമ്പോളാണ് ബജാജ് ഇത്തരത്തിലൊരു മറുപടിയുമായി രംഗത്തു വന്നിരിക്കുന്നത്. 'ദി ഒറിജിനൽ ലജൻഡ് കില്ലർ' എന്ന ടാഗോടു കൂടി പൾസർ NS200 മോഡലിന്റെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇത് ആദ്യമായല്ല ബജാജ് മറ്റ് ബൈക്ക് നിർമാതാക്കളെ ട്രോളുന്നത്. ബജാജിന്റെ നൂതനമായ 'ഹാത്തി മത് പാലോ' പരസ്യങ്ങൾ റോയൽ എൻഫീൽഡിനെ തരംതാഴ്ത്തിയതും ഒറു കാലത്ത് വലിയ ചർച്ചയായിരുന്നു. ഡൊമിനാർ 400 എങ്ങനെ ബുള്ളറ്റുകൾക്കെതിരെ മത്സരിക്കുന്നു എന്നതിനെ കാണിക്കാനായിരുന്നു ഈ പരസ്യം. ഇതിനു ശേഷമാണ് ഇപ്പോൾ ഹീറോ കരിസ്‌മയെ ഉന്നംവെച്ചുള്ള ഈ ട്രോൾ. പണ്ട് പൾസർ 220, കരിസ്‌മ മോഡലുകൾ തമ്മിലുള്ള കിടമത്സരം ഏറെ ശ്രദ്ധയായിരുന്നു. യുവതലമുറക്കിടയിൽ ഈ രണ്ട് ബൈക്കുകളും കൊണ്ടുവന്ന ഓളം ചെറുതല്ലായിരുന്നു.

കരിസ്മ നിര യഥാക്രമം സെമി-ഫെയർഡ്, ഫുൾ ഫെയർഡ് പൾസർ 220, പൾസർ RS എന്നിവയോട് മത്സരിച്ച് വിജയം കണ്ട നാളുകളാണ് ഹീറോയ്ക്ക് ഓർമിക്കാനുള്ളത്. എന്നാൽ 2014-ൽ ജൻമമെടുത്ത എറിക് ബ്യൂൾ റേസിംഗ് (EBR) രൂപകൽപന ചെയ്ത രണ്ടാം തമലുറ മോഡലിന്റെ ഡിസൈനിലെ പാളിച്ചയാണ് കരിസ്‌മയുടെ പ്രതാപം ഇല്ലാതാക്കിയത്. അക്കാലത്ത് നിരത്തിലെത്തിയ ബജാജ് NS200 മോഡലുകളിലേക്ക് ആളുകൾ ഇരച്ചെത്തിയതും കരിസ്‌മയെ അകാല ചരമത്തിലേക്ക് തള്ളിവിട്ടു.
എന്നാൽ ഇത്തവണ ഈ പാളിച്ചകളൊന്നുമില്ലാത്തൊരു മോഡേൺ സ്പോർട്‌സ് ബൈക്കായാണ് കരിസ്‌മയെ പണികഴിപ്പിച്ചിരിക്കുന്നതെന്ന് ബജാജിന് വ്യക്തമായിട്ടുണ്ടാവാം. പൾസർ നിരയ്ക്കൊരു നേരിട്ടുള്ള ഭീഷണിയായി ഹീറോയുടെ പുത്തൻ XMR 210 വളരുമെന്ന പ്രതീതി സൃഷ്‌ടിച്ചെടുക്കാനും കമ്പനിക്കായിട്ടുണ്ട്. പൾസർ RS200, പൾസർ F250 എന്നിവയുടെ വിപണി കരിസ്‌മ കൈയാളുമെന്ന ഭയവും ബജാജിനുണ്ടായേക്കാം.

ഇനി എഞ്ചിനിലെ താരതമ്യത്തിലേക്ക് ചെറുതായൊന്ന് കടക്കാം, പൾസർ RS200 മോഡലിന് 24.1 bhp കരുത്തിൽ 18.7 Nm torque നൽകുന്ന 199.5 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് കെടിഎമ്മിൽ നിന്നുള്ളത് 200 ഡ്യൂക്കിന്റെ എഞ്ചിനിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. 200 ഡ്യൂക്കിൽ DOHC സജ്ജീകരണത്തിന് വിപരീതമായി പൾസർ RS200-ന് ഒരു SOHC സജ്ജീകരണം മാത്രമേ ലഭിക്കൂ.
പക്ഷേ ലിക്വിഡ്-കൂളിംഗ് സെറ്റപ്പ്, 4V ഹെഡ്, 6-സ്പീഡ് ഗിയർബോക്‌സ് എന്നിവ ഇതിൽ പ്രശംസനീയമാണ്. പുതിയ കരിസ്മ ടീസറിൽ കാണുന്നത് പോലെ, XMR 210 മോഡലിന് DOHC സെറ്റപ്പും ലിക്വിഡ് കൂളിംഗും 6-സ്പീഡ് ഗിയർബോക്സും ലഭിക്കുന്നുവെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഒരു 4V ഹെഡും കൂടിയാവുന്നതോടെ സംഭവം കളറാവും. ഇങ്ങനെ നോക്കുമ്പോൾ കടലാസിൽ, ഹീറോ കരിസ്മ XMR 210 അനാച്ഛാദനം ചെയ്യുന്നതിന് മുമ്പ് തന്നെ മുൻതൂക്കം നേടിയിട്ടുണ്ട്.

സ്പോർട്ടി അപ്പീൽ നൽതുന്ന ഫെയറിംഗിനൊപ്പം ട്യൂബുലാർ ഷാസിയുടെ കരുത്തും ഹീറോ കരിസ്‌മയ്ക്കുണ്ടാവും. ബ്ലൂടൂത്ത് സ്‌മാർട്ട്‌ഫോൺ സംയോജനവും മറ്റ് ആധുനിക ഫീച്ചറുകളും ഉള്ള ഒരു വലിയ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം കരിസ്മ കൂടുതൽ ആധുനികവും സാങ്കേതിക ജ്ഞാനവുമുള്ള സ്പോർട്‌സ് ബൈക്കായി പേരെടുക്കുകയും ചെയ്യും. പുതിയ സ്വിച്ച് ഗിയറിനൊപ്പം എൽഇഡി ഹെഡ്‌ലൈറ്റുകളും ടേൺ ഇൻഡിക്കേറ്ററുകളും ഇതിലേക്ക് ചേർക്കുന്നുണ്ട്.
അങ്ങനെ മൊത്തത്തിൽ ബജാജ് RS200 മോട്ടോർസൈക്കിളിന് എതിരാളിയായി പുതിയ കരിസ്‌മ XMR 210 പേരെടുക്കും. പക്ഷേ ബജാജിന്റെ പുതുതലമുറ മോഡലായ F250 ക്വാർട്ടർ ലിറ്റർ പൾസറിന് ബദലാവാൻ കഴിയുമോ എന്ന കാര്യം ലോഞ്ചിന് ശേഷം മാത്രമേ അറിയാൻ കഴിയൂ. എന്തായാലും ഹീറോ മോട്ടോകോർപും ബജാജും തമ്മിലുള്ള രണ്ടാംഘട്ട പോരിന് പുതുതലമുറ ബൈക്കിന്റെ വരവ് വഴിയൊരുക്കും.


Click it and Unblock the Notifications








