ആരവം ഒഴിയുന്നില്ല, കളംനിറയാൻ പൾസർ 220F വീണ്ടും വരുന്നു! ബുക്കിംഗ് ആരംഭിച്ച് ബജാജ്
ഒപ്പമെത്തിയ പലരും ഇന്ന് കളത്തിലില്ലെങ്കിലും പൾസർ എന്ന പേര് എന്നും ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ കുടികൊള്ളും. രണ്ടര പതിറ്റാണ്ടിന് മുമ്പ് ഇന്ത്യൻ മോട്ടോർസൈക്കിൾ രംഗത്ത് അരങ്ങേറ്റം കുറിക്കുമ്പോൾ ബജാജ് പോലും മോഡലിന് ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് ഓർത്തുകാണില്ല. പൾസർ 150 ആയിരുന്നു സീരീസിലെ ആദ്യ മോഡൽ എങ്കിൽ പിന്നീട് അത് 220 വരെ എത്തി.
സാധാരണക്കാരന്റെ സ്പോർട്‌സ് ബൈക്ക് എന്ന സ്വപ്‌നത്തെ യാഥാർഥ്യമാക്കിയ മോഡലാണ് പൾസർ 220. അന്ന് എതിരാളായായി വിപണിയിൽ ഹീറോ ഹോണ്ട കരിസ്‌മ മാത്രമാണ് ഉണ്ടായിരുന്നത്. കൃത്യമായി പറഞ്ഞാൽ 2007-ൽ ആദ്യമായി പുറത്തിറക്കിയ പൾസർ 220 സ്പോര്‍ട്ടി പ്രൊഫൈലിനും കരുത്തുറ്റ പെര്‍ഫോമന്‍സിനും എക്കാലവും മുന്‍ഗണന നല്‍കിയ ബൈക്ക് ഇന്ത്യന്‍ യുവാക്കളുടെ ഹൃദയത്തില്‍ എന്നന്നേക്കുമായി സ്ഥാനംപിടിക്കുകയായിരുന്നു. അടുത്തിടെ പുതുതലമുറ പൾസർ 250 മോഡലുകൾ വിപണിയിൽ ഇടംപിടിച്ചതിന്റെ ഭാഗമായി 220 മോഡലിനെ ബജാജ് നിർത്തലാക്കിയിരുന്നു.

എന്നാൽ വീണ്ടും 220F അന്വേഷിച്ച് ആളുകൾ ഷോറൂമുകളിൽ എത്തിയതോടെ മോഡലിനെ പുനരവതരിപ്പിക്കാൻ തീരുമാനമെടുത്തു കഴിഞ്ഞു. 'ദി ഫാസ്റ്റസ്റ്റ് ഇന്ത്യൻ' എന്നറിയപ്പെടുന്ന പൾസർ 220 പതിപ്പിനായുള്ള ബുക്കിംഗ് കമ്പനി ഔദ്യോഗികമായി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചാണ് ബജാജ് ഇപ്പോൾ വിപണിയെ ഞെട്ടിച്ചിരിക്കുന്നത്. 2022 ഏപ്രിൽ മാസത്തിലാണ് എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന്റെ നിർമാണം ബജാജ് നിർത്തിവെക്കുന്നത്. അതിനുശേഷം പുതിയ 250 സിസി പ്ലാറ്റ്‌ഫോം പുറത്തിറക്കുകയും ചെയ്‌തു.
എന്നാൽ വലിയ ആരാധകവൃന്ദമുള്ള മോട്ടോർസൈക്കിളിനെ തിരികെയെത്തിക്കുന്നത് എന്തായാലും ബജാജിന് മൈലേജാവും. പുതിയ 2023 മോഡൽ പൾസർ 220F പതിപ്പിന്റെ അവതരണ തീയതിയൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ക്ക്-റെഡ്, ബ്ലാക്ക്-ബ്ലൂ കളർ കോമ്പിനേഷനുകളോടെയാവും ഇതിഹാസം മടങ്ങിയെത്തുക. ഇതോടൊപ്പം മറ്റ് നിറങ്ങളും കമ്പനി അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പഴയ പ്രതാപം തന്നെ നിലനിർത്തി തന്നെയാവും ബജാജ് വണ്ടി മെനഞ്ഞെടുക്കുക. അതായത് കാഴ്ച്ചയിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും ഉണ്ടാവില്ലെന്ന് സാരം.

ബൈക്കിന്റെ മെക്കാനിക്കൽ സ്പെസിഫിക്കേഷനുകളും ഡിസൈനും ഫീച്ചറുകളും പഴയ പോലെ തന്നെ തുടരാനാണ് സാധ്യത. അതായത് പൾസർ 220F പതിവുപോലെ വി-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ് ക്ലസ്റ്റർ, സ്പ്ലിറ്റ് സീറ്റുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ എന്നീ ശ്രദ്ധേയമായ സെമി-ഫെയർഡ് ഡിസൈൻ നിലനിർത്തുമെന്ന് ചുരുക്കം. പഴയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളായിരിക്കും ഇത്തവണയും ബജാജ് വാഗ്‌ദാനം ചെയ്യുക.
അനലോഗ് ടാക്കോമീറ്ററും ഡിജിറ്റൽ റീഡ് ഔട്ടുമാണ് ഇതിലുണ്ടാവുക. 21 bhp കരുത്തിൽ 19 Nm torque ഉത്പാദിപ്പിക്കുന്ന ബിഎസ്-VI നിലവാരത്തിലുള്ള 220 സിസി, സിംഗിൾ-സിലിണ്ടർ DTS-i എഞ്ചിനാണ് മോഡലിന് തുടിപ്പേകുക. എഞ്ചിൻ 5-സ്പീഡ് ഗിയർബോക്സുമായാവും ജോടിയാക്കുക. അതേസമയം സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ഫാൻസി സംവിധാനമൊന്നും പൾസറിൽ അവതരിപ്പിക്കില്ല. ബൈക്കിന്റെ ഹാർഡ്‌വെയർ സജ്ജീകരണത്തിൽ ഒരു ഡബിൾ ക്രാഡിൽ ഡൗൺ ട്യൂബ് ഫ്രെയിമാണ് അടങ്ങിയിരിക്കുന്നത്.

സസ്പെഷൻ ക്രമീകരണങ്ങളിൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കിലും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറിലും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സ്റ്റാൻഡേർഡായി സിംഗിൾ-ചാനൽ എബിഎസ് സഹായത്തോടെ രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ലോഞ്ച് ചെയ്യുമ്പോൾ 2023 മോഡൽ പൾസർ 220F മോഡലിന് ഏകദേശം 1.35 ലക്ഷം രൂപയിലായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.
പൾസർ 220F പതിപ്പിന്റെ ആത്മീയ പിൻഗാമിയായി പൾസർ F250 ആണ് ഇപ്പോൾ വിപണിയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ കലണ്ടർ വർഷം രണ്ടാം പകുതിയിൽ വിപണിയിൽ എത്തിയ ഈ ബൈക്കുകൾക്ക് പഴയ മോഡലുകൾക്ക് ലഭിച്ച സ്വീകാര്യതയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നു വേണം പറയാൻ. പൾസർ RS200, NS200, പുതുതായി പുറത്തിറക്കിയ പൾസർ 250 എന്നിവയേക്കാൾ കൂടുതലായിരുന്നു പൾസർ 220F വിൽപ്പന. ഇക്കാര്യമായിരിക്കും മോട്ടോർസൈക്കിളിനെ പുനരവതരിപ്പിക്കാൻ ബജാജിനെ സ്വാധീനിച്ച കാര്യം.


Click it and Unblock the Notifications








