മാറ്റേകാൻ സ്റ്റോറി ഇലക്‌ട്രിക് സ്‌കൂട്ടിന് പുത്തൻ നിറങ്ങളും! വില 90,000 രൂപ
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്ത് തങ്ങളുടെ പേര് കുറിച്ചിട്ടിവരാണ് ജയ്‌പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി. വിപണിയിലെ തങ്ങളുടെ ജനപ്രിയ മോഡലുകളിൽ ഒന്നായ സ്റ്റോറി സ്‌കൂട്ടറിലേക്ക് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് ബ്രാൻഡിപ്പോൾ.
സ്റ്റോറി ഇലക്ട്രിക് സ്കൂട്ടറിന് നാല് പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിക്കുന്നതായി കമ്പനി തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2023 മോഡൽ പരിഷ്ക്കരണത്തിന്റെ ഭാഗമായാണ് ഇവിയിലേക്ക് പുതുപുത്തൻ നിറങ്ങൾ പറന്നെത്തിയിരിക്കുന്നത്. ഇപ്പോൾ ഐസ് ബ്ലൂ, സ്റ്റാർലൈറ്റ് ബ്ലൂ, കാൻഡി റെഡ്, എക്രൂ യെല്ലോ എന്നീ നിറങ്ങളാണ് മോഡലിലേക്ക് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ മിഡ്‌നൈറ്റ് ബ്ലാക്ക്, സ്റ്റോമി ഗ്രേ, ഇലക്ട്രിക് ബ്ലൂ എന്നിവയുൾപ്പെടെ നിലവിലുള്ള ഓപ്ഷനുകൾക്കൊപ്പം പുതിയ നിറങ്ങളും വിൽപ്പനക്കുണ്ടാവും.

ആഭ്യന്തര വിപണിയിലെ എൻട്രി ഇലക്ട്രിക് സ്‌കൂട്ടർ സെഗ്‌മെന്റിൽ ഓല S1 എയറുമായാണ് ബാറ്ററി സ്റ്റോറി ഇവിയുടെ പ്രധാന മത്സരം. 2.6 bhp കരുത്തുള്ള BLDC ഹബ് മോട്ടോറാണ് മോഡലിന് തുടിപ്പേകുന്നത്. ഈ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 132 കിലോമീറ്റർ റേഞ്ച് വരെയാണ് നൽകുന്നത്. അതേസമയം 65 കിലോമീറ്ററിന്റെ പരമാവധി വേഗതയും സ്റ്റോറിക്ക് നൽകാനാവും. അഞ്ച് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.
കൂടുതൽ കരുത്തുറ്റ ബിൽഡ് ക്വാളിറ്റിക്കായി മെറ്റൽ പാനലുകൾ ഉപയോഗിക്കുന്ന ചുരുക്കം ചില ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഒന്നാണ് ബാറ്ററി സ്റ്റോറി. ഇത് അതിന്റെ ഈട് വർധിപ്പിക്കാൻ സഹായിക്കുന്ന കാര്യമാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT ഡിജിറ്റൽ കൺസോൾ, വെഹിക്കിൾ ടെലിമെട്രി, കോൾ/എസ്എംഎസ് നോട്ടിഫിക്കേഷനുകൾ, ഡിസ്റ്റൻസ് ടു എംറ്റി, നാവിഗേഷൻ അസിസ്റ്റ് തുടങ്ങിയ കിടിലൻ ഫീച്ചറുകളും ഇവിയുടെ ഭാഗമാണ്.

ആധുനികത വിതറുന്നതിനായി കണക്റ്റഡ് ഫീച്ചറുകൾക്ക് പുറമെ ഫോളോ-മീ-ഹോം ലാമ്പ് ഫീച്ചറുള്ള എൽഇഡി ലൈറ്റുകൾ, സ്‌പോട്ടിഫൈ കോംപാറ്റിബിലിറ്റി, മറ്റ് പുതിയ ടെക് ഗിസ്‌മോകൾ എന്നിവയും സ്റ്റോറിയിൽ അണിയിച്ചൊരുക്കാൻ ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി പ്രത്യേകം ശ്രദ്ധകൊടുത്തിട്ടുണ്ട്. ഇക്കോ, കംഫർട്ട്, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും സ്റ്റോറിക്കുണ്ട്. കൂടാതെ, റിവേഴ്സ്, പാർക്കിംഗ് മോഡുകളും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആധുനികത വിളിച്ചോതുന്നുണ്ട്. ബാറ്ററി സ്റ്റോറി, വലിയ ഇരിപ്പിടങ്ങളും ഫുട്ബോര്‍ഡുകളും ഉപയോഗിച്ച് സിറ്റി ഡ്രൈവിനെ കൂടുതല്‍ സൗകര്യപ്രദമാക്കുന്നു.
വെസ്പ ശ്രേണിയിലുള്ള സ്കൂട്ടറുകളോട് സാമ്യമുള്ള ഒരു റെട്രോ ഡിസൈനാണ് സ്റ്റോറിക്കുള്ളത്. ഈ ക്ലാസിക് സ്‌കൂട്ടർ പോലെയുള്ള രൂപം ആരേയും ആകർഷിക്കാൻ പ്രാപ്‌തമാണ്. AIS 156 സ്റ്റാൻഡേർഡുകൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ ഈ സ്‌കൂട്ടർ 1 ലക്ഷം കിലോമീറ്ററിലധികം പരീക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ഡസ്റ്റ്, വാട്ടർ എന്നിവയെ പ്രതിരോധിക്കാൻ മോട്ടോർ IP67 റേറ്റുചെയ്തിരിക്കുമ്പോൾ ബാറ്ററിയും കൺട്രോളറും IP65 റേറ്റഡുമാണ്.

സ്റ്റാർട്ടപ്പുകൾ പരസ്പരം മത്സരിക്കുന്ന ഏറ്റവും ഉയർന്ന മത്സരധിഷ്ഠിതമായ എൻട്രി ലെവൽ ഇലക്ട്രിക് സ്‌കൂട്ടർ സെഗ്‌മെന്റിലാണ് ബാറ്ററ്റി ഇവി പോരാടുന്നത്. ഓല S1 എയറിന്റെ 2 kWh പതിപ്പിനെ കൂടാതെ ഒകായ, ഒകിനാവ, ആമ്പിയർ, പ്യുവർ ഇവി എന്നിവയിൽ നിന്നുള്ള മോഡലുകളും ഈ വിഭാഗത്തിൽ ശക്തമായ സാന്നിധ്യങ്ങളാണ്. സമാനമായ വിലയിൽ ലഭ്യമായ പെട്രോളിൽ പ്രവർത്തിക്കുന്ന 110-125 സിസി സ്കൂട്ടറുകളുമായും ഈ മോഡൽ മത്സരിക്കും.
പുതിയ ബാറ്ററി സ്റ്റോറി ഇലക്ട്രിക് സ്കൂട്ടർ ഇപ്പോൾ 89,600 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ദേശീയതലത്തിൽ സംസ്ഥാന സബ്സിഡി ഒഴികെയുള്ള വില വിവരങ്ങളാണിത്. ഇവി ഫെയിം II സബ്‌സിഡിക്കും അർഹമാണ്. കൂടാതെ കമ്പനിയുടെ 300 നഗരങ്ങളിലെ 400 ഡീലർഷിപ്പുകളിൽ നിന്നും വാഹനം വാങ്ങാനാവും. ലൂക്കാസ് ടിവിഎസിന്റെ മോട്ടോറും കണ്‍ട്രോളറും ഉപയോഗിച്ചാണ് സ്റ്റോറി പ്രവര്‍ത്തിക്കുന്നത് എന്ന കാര്യവും ഇവിടെ എടുത്തു പറയേണ്ട കാര്യമാണ്.


Click it and Unblock the Notifications








