ബൈക്കുകളേക്കാൾ 'പൊളി' ടീംസ്, സ്പോർട്ടി സ്‌കൂട്ടറുകളാണ് നോക്കുന്നതെങ്കിൽ ദേ ഇവർ മതി
പണ്ടൊക്കെ ഇരുചക്ര വാഹനമെന്നാൽ മോട്ടോർസൈക്കിളുകളായിരുന്നു. എന്നാൽ ക്ലച്ച്പിടിച്ച് ഗിയർമാറി കുതിക്കുന്ന കാലം 2001-ഓടെ ട്രെൻഡ് ഔട്ടായെന്ന് വേണമെങ്കിൽ പറയാം. ഗിയർലെസ് സ്‌കൂട്ടറുകൾ എന്ന ആശയത്തെ വേറെ തലത്തിലേക്ക് എത്തിച്ചുകൊണ്ട് ഹോണ്ട ആക്‌ടിവയുടെ വരവാണ് ബൈക്കുകളെ സൈഡാക്കിയത്.
ഇതിനു മുമ്പ് ബജാജ് സണ്ണിയും കൈനറ്റിക് ഹോണ്ടയുമെല്ലാം വിപണിയിൽ ഉണ്ടായിരുന്നുവെങ്കിലും ആക്‌ടിവയുടെ വരവാണ് തരംഗം സൃഷ്‌ടിച്ചത്. പിന്നീട് പലരും ഈ ഗിയർലെസ് സ്‌കൂട്ടറുകളിലേക്ക് ചേക്കേറി തുടങ്ങിയിരുന്നു. എന്നാൽ അക്കാലത്ത് ഇവയെല്ലാം തികച്ചും ഫാമിലി വാഹനങ്ങളായിരുന്നു എന്നത് യൂത്തിനെ വീണ്ടും മോട്ടോർസൈക്കിളുകളിലേക്ക് തന്നെ എത്തിച്ചു. എങ്കിലും ഒരുപരിധി വരെ ഹോണ്ട ഡിയോ ചെറുപ്പക്കാരിൽ വലിയ ഓളമുണ്ടാക്കിയെന്നു പറയാം. എന്നാൽ വേഗതയും പെർഫോമൻസുമെല്ലാം ആഗ്രഹിക്കുന്നവർ അപ്പോഴും ബൈക്കുകളിലേക്ക് തന്നെയാണ് കുടിയേറിയത്.

പക്ഷേ കാലം മാറിയതോടെ സ്‌കൂട്ടറുകളുടെ കോലവും ഭാവവും എല്ലാം മാറിമറിഞ്ഞു. ഇന്ന് പെർഫോമൻസ് സെഗ്മെന്റിൽ വരെ ധാരാളം മോഡലുകൾ ലഭ്യമാണെന്നു വേണം പറയാൻ. ടിവിഎസ് എൻടോർഖിന്റെയും അപ്രീലിയ സ്‌കൂട്ടറുകളുടെയുമെല്ലാം ഡിമാന്റ് കണ്ടാൽ ഇക്കാര്യം മനസിലാവുകയും ചെയ്യും. ഈ ഉത്സവ സീസണിൽ നിങ്ങളൊരു സ്പോർട്ടി സ്കൂട്ടർ വാങ്ങാന പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ പറ്റിയ സമയവും ഇതുതന്നെയാണ്. അത്തരം വാങ്ങാവുന്ന കിടിലൻ 125 സിസി മോഡലുകളെ പരിചയപ്പെട്ടാലോ?
അപ്രീലിയ SR 125: ഇന്ത്യയിലെ ഏറ്റവും വില കൂടിയ 125 സിസി സ്‌പോർട്‌സ് സ്‌കൂട്ടറാണിത്. ശരിക്കും ഈ സെഗ്മെന്റിന്റെ സങ്കൽപം തന്നെ മാറ്റിമറിച്ച മോഡലുകളിൽ ഒന്നാമനാണ് SR. ഈ വിഭാഗത്തിൽ ഏറ്റവും മികച്ച ഹാൻഡിലിംഗ് വാഗ്‌ദാനം ചെയ്യുന്ന മോഡലിന് 9.97 bhp കരുത്തിൽ 10.33 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന 124.45 സിസി, എയർ കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. 1.23 ലക്ഷം രൂപയാണ് ഇതിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ടിവിഎസ് എൻടോർഖ്: ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും മികച്ച 125 സിസി സ്‌കൂട്ടറാണിതെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. പെർഫോമൻസിനൊപ്പം കിടിലൻ മോഡേൺ ഫീച്ചറുകളാൽ മോഡൽ സമ്പന്നവുമാണ്. 9.25 bhp പവറിൽ 10 Nm torque നൽകുന്ന 124.8 സിസി, ത്രീ-വാൽവ്, എയർ-കൂൾഡ് എഞ്ചിനാണ് എൻടോർഖിന്റെ ഹൃദയം. 84,636 ലക്ഷം രൂപ മുതൽ 1.05 ലക്ഷം രൂപ വരെയാണ് മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
സുസുക്കി അവെനിസ്: സ്പോർട്ടി സ്‌കൂട്ടർ തിരയുന്നവർക്കുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ് അവെനിസ്. ആക്‌സസിന്റെ ഫാമിലി ഡിസൈൻ ഇഷ്‌ടപ്പെടാത്തവർക്ക് അതേ എഞ്ചിനിൽ കിട്ടുന്ന ഗംഭീര പെർഫോമൻസുള്ള മോഡലാണിത്. 124.3 സിസി, എയർ കൂൾഡ് എഞ്ചിന് 8.58 bhp കരുത്തിൽ 10 Nm torque വരെ നിർമിക്കാനാവും. 89,900 രൂപ മുതൽ 92,300 രൂപ വരെയാണ് സുസുക്കി അവെനിസിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഹോണ്ട ഡിയോ: അടുത്തിടെ 125 സിസി എഞ്ചിനുമായി ഡിയോയെ ഹോണ്ട പരിഷ്ക്കരിച്ചിരുന്നു. പഴയ പ്രതാപത്തിലേക്ക് തിരികെയെത്താൻ മോഡലിനെയിത് സഹായിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ്, സ്മാർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണിയിലെത്തുന്ന ഡിയോയ്ക്ക് 83,400 രൂപ മുതൽ 91,300 രൂപ വരെയാണ് എക്സ്ഷോറൂം വില. ഗ്രാസിയയിലും ആക്‌ടിവ 125 വേരിയന്റിലും കാണപ്പെടുന്ന അതേ എഞ്ചിനാണ് ഡിയോ 125 സ്‌കൂട്ടറിലുമുള്ളത്. ഇത് 8.19 bhp പവറിൽ പരമാവധി 10.4 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.
യമഹ റേ ZR 125: മൈൽഡ്-ഹൈബ്രിഡ് പവർട്രെയിൻ ലഭിക്കുന്ന ഇന്ത്യയിലെ ഏക സ്‌പോർട്ടി 125 സിസി സ്‌കൂട്ടറാണ് യമഹ റേ ZR 125. ഒരു സ്റ്റാർട്ടർ ജനറേറ്ററുമായി ജോടിയാക്കിയ 125 സിസി, എയർ കൂൾഡ് എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. ഇത് 8.04 bhp കരുത്തിൽ 10.3 Nm torque വരെ നിർമിക്കും. റേ ZR 125 മോഡലിന് ജാപ്പനീസ് ബ്രാൻഡിന്റെ സൈലന്റ് സ്റ്റാർട്ട് സിസ്റ്റവും ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷനും ലഭിക്കുന്നുണ്ട്.

ഈ ഫീച്ചർ ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, സ്റ്റാർട്ടർ ജനറേറ്റർ ക്വിക്ക് ആക്‌സിലറേഷനും സഹായിക്കുന്ന കാര്യമാണ്. ഇന്ത്യയിൽ 84,730 രൂപ മുതൽ 95,830 രൂപ വരെയാണ് യമഹ റേ ZR 125 ഹൈബ്രിഡ് സ്‌കൂട്ടറിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ദീപാവലിയോട് അനുബന്ധിച്ച് പുതിയ സ്പോർട്ടി സ്‌കൂട്ടർ വാങ്ങാൻ പ്ലാനിട്ടാൽ ഈ ലിസ്റ്റിലെ ഏതെങ്കിലും മോഡൽ കണ്ണുംപൂട്ടി വാങ്ങാം.


Click it and Unblock the Notifications








