Ultraviolette F77 ലിമിറ്റഡ് എഡിഷൻ ആദ്യം ഞാനെടുക്കുവാ... ഡിക്യുവിന് ആദ്യ വണ്ടി കൊടുത്ത് കമ്പനി
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തെ വേറെ ലെവലിലെത്തിച്ചവരാണ് അൾട്രാവയലറ്റ് എന്ന ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ടപ്പ്. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് പെർഫോമൻസ് ബൈക്കായ F77 പുറത്തിറക്കിയാണ് കമ്പനി വാർത്തകളിൽ ഇടംപിടിച്ചത്. മലയാളിയുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന് മൂലധനനിക്ഷേപമുള്ള ബ്രാൻഡ് എന്ന നിലയിലും അൾട്രാവയലറ്റ് ശ്രദ്ധനേടിയിട്ടുണ്ട്.
വാഹന കമ്പമുള്ള ദുൽഖർ അടുത്ത തന്റെ വാഹനം ഒരു ഇവി ആയിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇത് യാഥാർഥ്യമാക്കി അള്‍ട്രാവയലറ്റ് F77 എന്ന സ്‌പോര്‍ട്‌സ് ബൈക്കിന്റെ സ്‌പെഷ്യല്‍ എഡിഷൻ മോഡലിനെ സ്വന്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. ഈ ലിമിറ്റഡ് എഡിഷൻ വേരിയന്റിന്റെ വിതരണം ആരംഭിക്കുന്നുവെന്ന് വ്യക്തമാക്കിയ കമ്പനി ആദ്യ മോഡൽ ഡിക്യുവിന് കൈമാറുകയും ചെയ്‌തു. ബെംഗളൂരുവിൽ ഇന്നലെ നടന്ന ചടങ്ങിലാണ് ലിമിറ്റഡ് എഡിഷൻ പതിപ്പിന്റെ വിതരണം ആരംഭിച്ചത്.

അൾട്രാവൽറ്റ് ഓട്ടോമോട്ടീവ് ബെംഗളൂരുവിലെ ആദ്യത്തെ ഡീലർഷിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് F77 ഇലക്ട്രിക് സ്പോർട്‌സ് ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ ദുൽഖർ സൽമാന് കൈമാറിയിരിക്കുന്നത്. താരത്തിനൊപ്പം മറ്റ് പല ഉപഭോക്താക്കളും അവരുടെ അൾട്രാവയലറ്റ് F77 മോട്ടോർസൈക്കിളിന്റെ ഡെലിവറി എടുത്തു. 77 എണ്ണം മാത്രം നിര്‍മിക്കുന്ന സ്‌പെഷ്യല്‍ എഡിഷന്റെ വില 5.50 ലക്ഷം രൂപയാണ്.
ഇ-സ്പോർട്‌സ് ബൈക്കിന്റെ മറ്റ് സാധാരണ വേരിയന്റുകൾക്ക് 3.80 ലക്ഷം മുതല്‍ 4.55 ലക്ഷം വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. ഇന്ത്യന്‍ ഇരുചക്ര വാഹനങ്ങളില്‍ ഏറ്റവും വലിയ ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് ടൂവീലർ എന്ന പ്രത്യേകതയും F77 ഇവിക്ക് സ്വന്തമാണ്.പാസിവ് കൂളിംഗ് ഫംഗ്‌ഷനുള്ള ഡെൻസർ 10.7 kWh ബാറ്ററി പായ്ക്കാണ് അൾട്രാവയലറ്റ് ഇവിയുടെ ഹൃദയം. 40.2 bhp പവറിൽ പരമാവധി 100 Nm torque വരെ വികസിപ്പിക്കാനും ശേഷിയുള്ളതാണ്.

ഒറ്റത്തവണ ചാര്‍ജില്‍ 307 കിലോമീറ്റര്‍ ഓടുമെന്നാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി അവകാശപ്പെടുന്നത്. വെറും 7.8 സെക്കന്റ് കൊണ്ട് 0-100 കി.മീ വേഗത കൈവരിക്കാനും ബൈക്കിനാവും. ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡലുകളും ഈ പതിപ്പിലുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ ആരും കൊതിക്കുന്ന സൂപ്പർബൈക്ക് ശൈലിയാണ് അൾട്രാവയലറ്റ് F77 ഇവിക്കുള്ളത്. ഒരു റേസിംഗ് ബൈക്ക് പോലെ ആദ്യം തോന്നിയേക്കാമെങ്കിലും വശങ്ങളിലേക്ക് വരുമ്പോൾ ഇതൊരു വൈദ്യുത വാഹനമാണെന്ന് മനസിലാകും.
എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് അൾട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിലെ പ്രധാന സവിശേഷതകൾ. കൂടാതെ മറ്റ് കണക്റ്റിവിറ്റി സവിശേഷതകൾ, 9-ആക്സിസ് IMU, ഷോക്ക്, ഇംപാക്റ്റ് സെൻസറുകൾ എന്നിവയും ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന് ലഭിക്കുന്നു. മെക്കാനിക്കൽ വശങ്ങളിൽ പരിഷ്‌ക്കരിച്ച സ്വിംഗ്‌ആം, അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, പ്രീലോഡ് അഡ്ജസ്റ്റബിളുള്ള മോണോഷോക്ക് റിയർ സസ്‌പെൻഷൻ തുടങ്ങിയവയും ഹൈലൈറ്റാണ്.

ബോഷിൽ നിന്നുള്ള ഡ്യുവൽ ചാനൽ എബിഎസ് സഹായമുള്ള 320 mm ഫ്രണ്ട്, 230 mm പിൻ ഡിസ്ക് എന്നിവയാണ് ബ്രേക്കിംഗിനായി നിയോഗിച്ചിരിക്കുന്നത്. ഇതോടൊപ്പം ലിമിറ്റഡ് എഡിഷന്‍ പതിപ്പിന്റെ ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വാറണ്ടി ലഭിക്കും. അതേസമയം ഇലകട്രിക് മോട്ടോര്‍ സൈക്കിളിന്റെ ഒറിജിനല്‍ വേരിയന്റിലെ ബാറ്ററി പായ്ക്കിന് മൂന്ന് വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വാറണ്ടിയാണ് അൾട്രാലയലറ്റ് വാഗ്ദാനം ചെയ്യുന്നത്.
റീകോണിന്റെ ബാറ്ററി പായ്ക്കിന് 5 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറണ്ടി കമ്പനി നല്‍കുന്നുണ്ട്. അതേസമയം മറുവശത്ത് അൾട്രാവയലറ്റ് F77 ഇവിയുടെ ഒറിജിനല്‍ വേരിയന്റിന്റെ വാറണ്ടി അഞ്ച് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ ആയി ദീര്‍ഘിപ്പിക്കാനും ഓപ്ഷന്‍ ഉണ്ട്. ഈ വർഷം രണ്ടാം പാദത്തില്‍ ചെന്നൈ, മുംബൈ, പൂനെ, കൊച്ചി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും.


Click it and Unblock the Notifications








