ഇലക്‌ട്രിക് വണ്ടികൾക്ക് പണി വരുന്നു, ഓലയ്ക്കും ഏഥറിനുമെല്ലാം വില കൂടും!
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയെ പ്രകമ്പനംകൊള്ളിക്കുകയാണ് ഇലക്‌ട്രിക് മോഡലുകൾ. പെട്രോൾ അടിക്കുന്ന ചെലവ് കുറക്കാൻ ഭൂരിഭാഗം ആളുകളും വൈദ്യുത വാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്ന കാഴ്ച്ചയാണ് കുറച്ചുനാളായി കാണാനാവുന്നത്. ഓല, ഏഥർ, ഹീറോ, ടിവിഎസ്, ബജാജ്, മറ്റ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളെല്ലാം ഇവി മോഡലുകൾ അണിനിരത്തി നേട്ടംകൊയ്യുകയാണിപ്പോൾ.
ദിനംപ്രതി രാജ്യത്ത് ഇവി ടൂവീലറുകളുടെ എണ്ണവും കുതിച്ചുയരുകയാണ്. ഇലക്ട്രിക് സ്കൂട്ടറുകൾ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും പ്രവർത്തിക്കാൻ എളുപ്പവുമാണെന്നത് ആളുകളെ ആകർഷിച്ചിട്ടുണ്ട്. പോരാത്തതിന് ഇവികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം അവതരിപ്പിച്ചതും വൈദ്യുത വാഹനങ്ങളുടെ ഡിമാന്റ് കൂടാൻ കാരണമായി. കഴിഞ്ഞ കുറച്ചുകാലമായി ഇവി പ്രോത്സാഹനത്തിനായി ഫെയിം II സബ്‌സിഡി നൽകിയിരുന്ന കേന്ദ്ര സർക്കാർ ഈ ആനുകൂല്യം നിർത്തലാക്കാൻ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ വാർത്ത.

ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെയിം II സ്കീമിന് കീഴിൽ സബ്‌സിഡി കുറയ്ക്കാൻ കേന്ദ്രം പദ്ധതിയിടുന്നത് വരാനിരിക്കുന്ന ഇവി ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കാരണം ഈ നീക്കത്തിന്റെ ഭാഗമായി ഇവികളുടെ വിലയിൽ ഗണ്യമായ വില വർധനവ് ഉണ്ടാകുമെന്നാണ് വിവരം. ഓല, ഏഥർ, ഹീറോ പോലുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില സമീപഭാവിയിൽ ഗണ്യമായി ഉയർന്നേക്കാം. ഘനവ്യവസായ മന്ത്രാലയം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഇപ്പോൾ 15 ശതമാനമായി സബ്‌സിഡി നിർദേശിച്ചിട്ടുണ്ട്.
ഫെയിം II പുനരവലോകന പ്രക്രിയയുടെ മേൽനോട്ടം വഹിക്കുന്ന കേന്ദ്രത്തിന്റെ പാനൽ പുതിയ നിർദ്ദേശം അംഗീകരിച്ചാൽ, സബ്‌സിഡി സ്കീമിന് കീഴിൽ വരുന്ന എല്ലാ മോഡലുകളുടെയും വിലയെ അത് ബാധിക്കും. ആയതിനാൽ കേന്ദ്രം ഒറ്റടയിക്ക് ഈ നിർദേശം നടപ്പിലാക്കുമോ എന്നകാര്യത്തിലും സംശയമുണ്ട്. സ്കീമിന് കീഴിൽ ആനുകൂല്യം നേടുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളെ ഉൾപ്പെടുത്തി വിഷയം ചർച്ച ചെയ്യാൻ ഈ ആഴ്ച്ച ആദ്യം സർക്കാർ യോഗം ചേർന്നിരുന്നു.

ഒരു kWh ബാറ്ററി ശേഷിക്ക് 10,000 രൂപയായി ഡിമാൻഡ് ഇൻസെന്റീവ് നിലനിർത്തുക എന്നതായിരുന്നു യോഗത്തിന്റെ തീരുമാനം. കൂടാതെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ എക്‌സ്ഷോറൂം വില 40 ശതമാനത്തിൽ നിന്ന് 15 ശതമാനമായി നിജപ്പെടുത്തുന്നതിലും തീരുമാനമുണ്ടായെന്നാണ് പിടിഐ പുറത്തുവിടുന്ന വിവരം. മേൽപറഞ്ഞ മന്ത്രാലയത്തിന്റെ നിർദ്ദേശം പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ആൻഡ് സ്റ്റിയറിംഗ് കമ്മിറ്റി (PISC) അവലോകനം ചെയ്യും. അതിനുശേഷമുള്ള അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെയിം II സ്കീമിന് കീഴിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള ചെലവ് വർധിപ്പിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും സബ്‌സിഡി വെട്ടിക്കുറച്ചേക്കാം. നിലവിൽ നിരവധി വാഹന നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടും അടുത്ത വർഷം മാർച്ചിന് ശേഷം ഫെയിം II പദ്ധതി നീട്ടാൻ കേന്ദ്ര സർക്കാരിന് താത്പര്യമില്ല. ആയതിനാൽ പുതിയ ഫെയിം മൂന്നാം ഘട്ടവും പ്രഖ്യാപനവും ഉണ്ടാവില്ല. ചുരുക്കി പറഞ്ഞാൽ സബ്‌സിഡി പരിപാടി സർക്കാർ പൂർണമായും റദ്ദാക്കുമെന്ന് സാരം.

സബ്‌സിഡി കുറയ്ക്കാനുള്ള തീരുമാനം ഇന്ത്യയുടെ ഇവി ഇൻഫ്രാസ്ട്രക്ചറിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നു. നാല് വർഷം മുമ്പാണ് FAME II സ്കീം ഇന്ത്യയിൽ ആരംഭിച്ചത്. പദ്ധതി മൂന്ന് വർഷത്തേക്കാണ് ബാധകമാവുക എന്നായിരുന്നു ആദ്യ പ്രഖ്യാപനം. പക്ഷേ പിന്നീട് അത് രണ്ട് വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു. നിലവിലെ പദ്ധതി അടുത്ത വർഷം (2024) മാർച്ച് 31 ന് ഔദ്യോഗികമായി അവസാനിക്കും.
ഇലക്ട്രിക് വാഹനം വാങ്ങുന്നവരെ ഇവി പരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് മൊത്തം 10,000 കോടി രൂപയാണ് മോദി സർക്കാർ ഈ പദ്ധതിക്കായി അനുവദിച്ചത്. രാജ്യത്തെ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ കൂടി വർധിച്ചാൽ ഇവി വിൽപ്പന ഇനിയും വേഗത്തിലാവുമെന്നാണ് പ്രതീക്ഷ. നിലവിൽ ഇരുചക്ര വാഹന വിഭാഗത്തിൽ ഓല ഒന്നാമനായി തുടരുമ്പോൾ ഏഥർ എനർജി, ഒകിനാവ, ഹീറോ ഇലക്‌ട്രിക് പോലുള്ള കമ്പനികളും മികച്ച വിൽപ്പനയോടെ പിന്നാലെയുണ്ട്.


Click it and Unblock the Notifications








