സ്‌കൂട്ടർ സങ്കൽപം പൊളിച്ചെഴുതും... അഡ്വഞ്ചർ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഈ കമ്പനി ഇന്ത്യയിലേക്ക്
ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ കത്തിനിൽക്കുന്ന സമയമാണിത്. പുത്തനൊരു ടൂവീലർ വാങ്ങാൻ പദ്ധതിയിടുന്ന പലരുടേയും ആദ്യ ചോയ്‌സ് ഇന്ന് ഇവികളായിരിക്കും. പെട്രോളടിച്ച് ഓടുന്ന വണ്ടികളേക്കാൾ ലാഭമാണിവ എന്നതു തന്നെയാണ് ആളുകളെ വൈദ്യുത വാഹനങ്ങളിലേക്ക് അടുപ്പിക്കുന്ന കാര്യം. ഓലയും ഏഥറും ഹീറോയും ടിവിഎസും എല്ലാം അരങ്ങുവാഴുന്ന രംഗത്തേക്ക് ധാരാളം സ്റ്റാർട്ടപ്പ് കമ്പനികളും അണിനിരക്കുന്നുണ്ട്.
തായ്‌വാനീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ഗൊഗോറോയും ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിന് ഒരുങ്ങുകയാണ്. 2023 ഡിസംബർ 12-ന് കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കും. എന്നാൽ സാധാരണയൊരു മോഡലായിരിക്കില്ല ഇതെന്നതാണ് ലഭിക്കുന്ന സൂചന. ഒരു ക്രോസ്ഓവർ സ്റ്റൈലിലുള്ള അഡ്വഞ്ചർ ഇ-സ്‌കൂട്ടറായിരിക്കും ഗൊഗോറോ ഇന്ത്യക്കായി സമർപ്പിക്കുക.

റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്‌സ്‌പൾസ്, കെടിഎം അഡ്വഞ്ചർ പോലുള്ള ഓഫ്-റോഡിംഗ് ബൈക്കുകൾ പോലെ ഏത് ഓഫ്-റോഡിനും ഉതകുന്ന തരത്തിലുള്ള ഇലക്‌ട്രിക് സ്‌കൂട്ടറായിരിക്കും ഇത്. ഓഫ്-റോഡിനും ഓൺ-റോഡിനും ഒരേപോലെ ഉപയോഗിക്കാനാവുന്ന ഇവി ഇന്ത്യയിൽ തരംഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ആഗോളതലത്തിൽ അനാച്ഛാദനം ചെയ്‌ത റഗ്ഗഡ് ഇലക്ട്രിക് സ്‌കൂട്ടറാണ് ഗൊഗോറോ ക്രോസ്ഓവർ.
പരുക്കൻ ഭൂപ്രദേശങ്ങൾ കൈകാര്യം ചെയ്യാൻ മികച്ച രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന മോഡൽ ശരിക്കും സ്‌കൂട്ടറുകളിൽ തന്നെ ആദ്യത്തേതായിരിക്കും. കമ്പനി ഇതിനെ അൾട്ടിമേറ്റ് ടൂവീലർ എസ്‌യുവി എന്നാണ് വിളിക്കുന്നതു പോലും. മൊത്തത്തിലുള്ള സ്റ്റൈലിംഗിൽ നിന്ന് സ്‌കൂട്ടറിന് പ്രായോഗികവും പരുക്കനുമായ ഒരു അനുഭവം നൽകാനാവുമെന്ന് വ്യക്തമാണ്. പുതിയ ഗൊഗോറോ ക്രോസ്ഓവർ ഇലക്ട്രിക് സ്കൂട്ടർ യൂട്ടിലിറ്റിയും വൈദഗ്ധ്യവും ഫോക്കസ് ചെയ്യുന്ന "ഇരുചക്ര എസ്‌യുവി" ആയി അവതരിപ്പിക്കും.

ഓഫ്-റോഡിംഗിനായി മോഡലിന് 12 ഇഞ്ച് വീലുകൾ, മാക്‌സിസ് ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവയും ലഭിക്കുന്നു. ഫോർക്ക് ഗെയ്‌റ്ററുകളും ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളുമാണ് മറ്റൊരു പ്രധാന സവിശേഷത. ബോഡി വർക്കിലുടനീളം കൂടുതൽ കറുത്ത പാനലുകൾ നൽകിയിരിക്കുന്നതും മനോഹരമായ കാഴ്ച്ചയാണ്. ഏകദേശം 1,400 മില്ലീമീറ്റർ വീൽബേസ് നീളമാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിനുണ്ടാവുക.
പരിഷ്ക്കരിച്ച സ്റ്റീൽ ട്യൂബുലാർ ഫ്രെയിമിലാണ് നിർമാണം എന്നതും കാര്യങ്ങൾ അടിപൊളിയാക്കും. 220 mm ഫ്രണ്ട്, 180 mm പിൻ ഡിസ്കുകളാണ് ബ്രേക്കിംഗിനായി ഉപയോഗിക്കുന്നത്. വൈവിധ്യമാർന്ന സ്റ്റോറേജ് സ്പേസും വണ്ടിയുടെ പ്രായോഗികത വർധിപ്പിക്കുന്നുണ്ട്. ഡാഷ്‌ബോർഡിൽ എല്ലാത്തരം കണക്റ്റിവിറ്റി സവിശേഷതകളും ലഭിക്കുന്ന കളർ ഡിസ്പ്ലേയാണ് തായ്‌വാൻ കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) സ്റ്റാൻഡേർഡ് ആയി വരുന്നുവെന്നതാണ് രസകരമായ മറ്റൊരു കാര്യം. ക്രൂയിസ് കൺട്രോൾ ഫീച്ചർ ഓപ്ഷണലായും കമ്പനി ഒരുക്കിയിട്ടുണ്ട്. ഗൊഗോറോ ക്രോസ്‌ഓവറിന് 142 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് ലഭിക്കുന്നത്. ഇത് വിപണിയിലെ മറ്റ് എതിരാളികളായ ഏഥർ 450X (170 mm), ടിവിഎസ് ഐക്യൂബ് (150 mm) എന്നിവയേക്കാൾ കുറവാണ്. ഗ്രൗണ്ട് ക്ലിയറൻസ് ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്ക് കൂടുതൽ അനുകൂലമാക്കാൻ ഗൊഗോറോ മാറ്റം വരുത്തുമോ എന്ന് കണ്ടറിയണം.
ക്രോസ്‌ഓവറിനെ കൂടുതൽ പ്രായോഗികമാക്കുന്നതിനായി ഗോഗോറോ നിരവധി സ്റ്റോറേജ് ആക്സസറികളും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ശ്രദ്ധേയമായ ഹൈലൈറ്റുകളിൽ സ്പ്ലിറ്റ് സീറ്റുകളും ഉണ്ടാവും. ഇത് അധിക ഇടം സ്വതന്ത്രമാക്കുമ്പോൾ റൈഡർക്ക് ബാക്ക്‌റെസ്റ്റായി ഉപയോഗിക്കാനും കഴിയുമെന്നാണ് കമ്പനി പറയുന്നത്. 26.6 Nm പീക്ക് ടോർക്കുള്ള 7 kW ഇലക്ട്രിക് മോട്ടോറാണ് അന്താരാഷ്ട്ര മോഡലിൽ വാഗ്‌ദാനം ചെയ്യുന്നത്.

അതേസമയം 100 കിലോമീറ്റർ റേഞ്ച് നൽകാൻ ശേഷിയുള്ള 1.6 kWh സംയോജിത ശേഷിയുള്ള രണ്ട് സ്വാപ്പബിൾ ബാറ്ററി പാക്കുകളാണ് ഗൊഗോറോ ഇലക്ട്രിക് സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. ചെലവ് നിയന്ത്രിക്കുന്നതിന്, ചെറുതും താങ്ങാനാവുന്നതുമായ മോട്ടോർ ഉപയോഗിച്ച് ഇന്ത്യൻ മോഡൽ അവതരിപ്പിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ കമ്പനിയുടെ മഹാരാഷ്ട്രയിലെ പ്ലാന്റിലായിരിക്കും നിർമിക്കുക.


Click it and Unblock the Notifications








