Gogoro വരുന്നെടാ... 2 ഇലക്‌ട്രിക് സ്കൂട്ടറുകൾ ഉടൻ; റേഞ്ച് 94 കിലോമീറ്ററോ?
രാജ്യത്ത് ഇലക്ട്രിക് വാഹന വിപണി കൊടുമ്പിരി കൊള്ളുമ്പോൾ നിരവധി അനവധി മോഡലുകളാണ് ഇപ്പോൾ അരങ്ങത്തേക്ക് എത്തുന്നത്. നേരത്തെ ഇരുചക്ര വാഹന നിരയിലെ പ്രമുഖരെല്ലാം കാഴ്ച്ചക്കാരായി ഗ്യാലറിയിൽ നിന്നപ്പോൾ സ്റ്റാർട്ടപ്പ് കമ്പനികളാണ് ഇവി മോഡലുകൾ പുറത്തിറക്കി നിരത്തുകൾ വാണത്. ഏഥറും ഒകിനാവയുമെല്ലാം അതിനുള്ള ചെറിയ ഉദാഹരണങ്ങൾ മാത്രം.
എന്നാൽ കളിമാറുവാണെന്ന് കണ്ടപ്പോഴേ സബ്സ്റ്റിറ്റ്യൂട്ടിന്റെ റോളിൽ പല പ്രമുഖ ബ്രാൻഡുകളും ഇലക്ട്രിക് ടൂവീലർ രംഗത്തേക്ക് ചുവടുവെച്ചു. ടിവിഎസും ബജാജും ഹീറോ മോട്ടോകോർപ്പുമെല്ലാം ഇന്ന് ഈ രംഗത്ത് ഇന്നിപ്പോൾ സജീവമാണ്. ഇനി ഹോണ്ട പോലുള്ള മുൻനിരക്കാരും കൂടിയെത്തിയാൽ ഇവി വിപണി ഉഷാറാവും. ഇനി പറയാൻ പോവുന്നത് ഇന്ത്യയിലേക്ക് അധികം വൈകാതെ എത്താൻ പോവുന്ന പുതിയൊരു ബ്രാൻഡിനെ കുറിച്ചാണ്. തായ്‌വാനിലെ ബാറ്ററി സ്വാപ്പിംഗ് ഇക്കോസിസ്റ്റം സ്‌പെഷ്യലിസ്റ്റായ ഗോഗോറോയാണ് അടുത്ത അവസരത്തിനായി ഊഴം കാത്തിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായിൽ ഒരാളായ ഹീറോ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ പോവുന്നു എന്ന് കേട്ടപ്പോൾ മുതൽ നാം ഉറ്റുനോക്കിയ വിദേശ ബ്രാൻഡുകളിൽ ഒന്നാണ് ഗൊഗോറോ. ഇവി ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ ദാതാവായ ബ്രാൻഡിന് ഇന്ത്യൻ വിപണിയിൽ ആക്രമണാത്മക പദ്ധതികളുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ കാര്യമാണ്. പുതിയ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുമായാണ് തായ്‌വാനീസ് കമ്പനിയുടെ ഇത്തവണത്തെ വരവ്.
ഗൊഗോറോ 2, ഗൊഗോറോ 2 പ്ലസ് ഇലക്ട്രിക് സ്കൂട്ടറുകൾ ഉടൻ തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കപ്പെടുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ചൂടുള്ള വാർത്ത. അവതരണത്തിന്റെ ഭാഗമായി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ടിന്റെ (CIRT) അംഗീകാരവും സർട്ടിഫിക്കേഷനും നൽകി രണ്ട് സ്‌കൂട്ടറുകളും കമ്പനി ഇന്ത്യയിൽ ഹോമോലോഗ് ചെയ്‌തു. ആദ്യം വരാനിരിക്കുന്ന രണ്ട് ഇവികൾക്ക് ശേഷം ബ്രാൻഡ് ഗോഗോറോ സൂപ്പർസ്‌പോർട്ട് മോഡലും നമുക്കായി പരിചയപ്പെടുത്തും.

ഗൊഗോറോ 2, ഗൊഗോറോ 2 പ്ലസ് മോഡലുകളുടെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ലിഥിയം അയൺ ബാറ്ററി പായ്ക്കുമായാവും ഇവ നിരത്തിലേക്ക് ഓടിയെത്തുക. ഗോഗോറോ 2 ഇവിക്ക് 85 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുമ്പോൾ ഗോഗോറോ 2 പ്ലസിന് 94 കി.മീ. റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ഇന്നത്തെ വിപണിയിലെ ട്രെൻഡിനനുസരിച്ച് ഈ കണക്കുകൾ ഉപഭോക്താക്കളെ അത്രവേഗം ആകർഷിക്കാൻ പ്രാപ്‌തമായിരിക്കില്ല. എങ്കിലും ദൈനംദിന ആവശ്യങ്ങൾക്കിത് മതിയാവുമെന്ന ചിന്താഗതിയുള്ളവർ ഗൊഗോറോയിലേക്ക് എത്തും.
രണ്ട് വേരിയന്റുകളുടെയും പരമാവധി വേഗത മണിക്കൂറിൽ 87 കിലോമീറ്ററാണ്. പ്രാദേശിക റൈഡിംഗ് ആവശ്യങ്ങൾക്ക് അനുസൃതമായി ഗൊഗോറോയ്ക്ക് ചില മാറ്റങ്ങൾ കൊണ്ടുവരാനായേക്കും. ഉദാഹരണത്തിന് റേഞ്ച് 100 കിലോമീറ്ററിൽ കൂടുതലായാൽ മോഡലുകൾ ശരിക്കും പ്രായോഗികമാവും. ഇനി ഡിസൈനിലേക്ക് നോക്കിയാൽ ലളിതവും മിനിമലിസ്റ്റിക് രൂപകൽപ്പനയുമാണ് ഗോഗോറോ 2 പതിപ്പിനുള്ളത്. വൈവിധ്യമാർന്ന സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കാവുന്ന ഒരു ഫ്ലാറ്റ് ഫ്ലോർബോർഡ് ഇതിനുണ്ട്.

അതായത് പ്രായോഗികതയ്ക്ക് ഊന്നൽ നൽകിയാണ് തായ്‌വാനീസ് കമ്പനി ഇത് ഡിസൈൻ ചെയ്‌തിരിക്കുന്നതെന്ന് സാരം. എന്നാൽ കാഴ്ച്ചയിൽ ഒകു ക്ലാസ് പ്രതീതി ജനിപ്പിക്കാനും ഗൊഗോറോയ്ക്ക് സാധിച്ചിട്ടുണ്ടെന്നു വേണം പറയാൻ. ഫിംഗർപ്രിന്റ്, ഫേസ്-ഐഡി, സിരി വോയ്‌സ് കമാൻഡ് എന്നിവ വഴിയുള്ള ബയോ ഓതന്റിക്കേഷൻ പോലുള്ള വിപുലമായ സാങ്കേതിക സവിശേഷതകൾ സ്‌കൂട്ടറിനുണ്ടെന്നതും ആരേയും അമ്പരപ്പിച്ചേക്കാം. നിരവധി കണക്റ്റിവിറ്റി ഫീച്ചറുകളുള്ള ഒരു സ്‌പോർട്ടി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് സ്‌ക്രീനും മോഡലിലുണ്ട്.
ഓട്ടോ വെതർ മോഡൽ, ഒറ്റ-ക്ലിക്ക് റിവേഴ്സ്, നിശബ്ദ പ്രവർത്തനങ്ങൾക്കുള്ള കാർബൺ ബെൽറ്റ് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് ഗൊഗോറോ 2 ഇലക്ട്രിക് സ്കൂട്ടറിലെ മറ്റ് ഹൈലൈറ്റുകൾ. ഓല S1 പ്രോ, ഏഥർ 450X, വരാനിരിക്കുന്ന ടിവിഎസ് ഐക്യൂബ് ST, ഹീറോ മോട്ടോകോർപിന്റെ വിഡ, സിമ്പിൾ വൺ തുടങ്ങിയ ഫീച്ചറുകൾ നിറഞ്ഞ ഇ-സ്‌കൂട്ടറുകളോടായിരിക്കും ഗോഗോറോയുടെ ഇന്ത്യയിലെ പ്രധാന മത്സരം.


Click it and Unblock the Notifications








