കുറഞ്ഞ വില, 100 കി.മീ. റേഞ്ച്; പുത്തൻ ആമ്പിയർ പ്രൈമസ് ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ
ഇന്ത്യയിലെ ഇലക്‌ട്രിക് ടൂവീലർ സെഗ്മെന്റ് അതിവേഗം വളരുമ്പോൾ വിപണിയിൽ സ്റ്റാർട്ട് കമ്പനികളാണ് കൂടുതലും നേട്ടം കൈവരിക്കുന്നത്. ഈ ലിസ്റ്റിലെ പ്രധാനികളാണ് ആമ്പിയർ ഇ-സ്‌കൂട്ടറുകൾ. ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ കീഴിലുള്ള ബ്രാൻഡ് ഇപ്പോൾ പുതിയൊരു ഇവിയുമായി വിപണിയിൽ എത്തിയിരിക്കുകയാണ്.
രാജ്യത്ത് അതിവേഗം വളരുന്ന ഹൈ-സ്പീഡ് ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് ആമ്പിയർ പ്രൈമസ് ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയാണ് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി വിപണിയെ കൈയിലെടുക്കാൻ പോവുന്നത്. 1,09,900 രൂപയാണ് മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഘടകങ്ങളുമായി ഉയർന്ന പ്രാദേശികവൽക്കരണത്തോടെ 'മെയ്ക്ക്-ഇൻ-ഇന്ത്യ' നയത്തിന് ഊന്നൽ നൽകിയാണ് പുതിയ രൂപപ്പെടുത്തിയെടുത്തിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു.

LFP ബാറ്ററി പായ്ക്ക്, പിഎംഎസ് മോട്ടോർ, ബെൽറ്റ് ഡ്രൈവ്, കണക്റ്റഡ് സാങ്കേതികവിദ്യയും നാവിഗേഷനുമുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുമായാണ് ആമ്പിയർ പ്രൈമസ് വരുന്നത്. ഒരു പ്രത്യേക ഫോൺ ആപ്ലിക്കേഷനും ഓഫറിലുണ്ടെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. മണിക്കൂറിൽ പരമാവധി 77 കിലോമീറ്റർ വേഗത പുറത്തെടുക്കാനും ആമ്പിയർ പ്രൈമസ് ഇലക്ട്രിക് സ്കൂട്ടറിനാവും. ഇലക്ട്രിക് മോട്ടോർ 4 kW ടോർക്ക് ഔട്ട്പുട്ട് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
പവർ മോഡിൽ ഫുൾ ചാർജിൽ 100 കിലോമീറ്ററിലധികം റേഞ്ച് നൽകാനും പുതിയ ഇവി പ്രാപ്‌തമാണെന്നാണ് ആമ്പിയർ വ്യക്തമാക്കുന്നത്. ഇത് യഥാർഥ സാഹചര്യങ്ങളിൽ ലഭിക്കുന്ന റേഞ്ച് ആണെന്നും കമ്പനി പ്രത്യേകം പറയുന്നു. ഏറ്റവും കൂടുതൽ റൈഡിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഒരു ഇക്കോ മോഡും ഓഫറിലുണ്ട്. സിറ്റി, റിവേഴ്സ് മോഡ് എന്നിവയും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഭാഗമാണ്. സ്മാർട്ട് ബിഎംഎസ് ലഭിക്കുന്ന 3 kWh യൂണിറ്റാണ് ഹൈസ്പീഡ് മോഡലിന്റെ ബാറ്ററി പായ്ക്ക്.
എന്നാൽ ഈ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനെടുക്കുന്ന സമയം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ധാരാളം ലെഗ്‌റൂം, വിശാലമായ സീറ്റുകൾ, മികച്ച ഡ്രൈവബിലിറ്റി എന്നിവയുമായാണ് ആമ്പിയർ പ്രൈമസ് വരുന്നതെന്ന് ബ്രാൻഡ് പറയുന്നു. മാറ്റ് ഫിനിഷുള്ള ഡ്യുവൽ ടോൺ ബോഡി പാനലുകളും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. ഹിമാലയൻ വൈറ്റ്, റോയൽ ഓറഞ്ച്, ഹാവ്‌ലോക്ക് ബ്ലൂ, ബക്ക് ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കാനാവും.

ഏത് ഇന്ത്യൻ കുടുംബത്തിന്റെയും ഒന്നിലധികം ഉപയോഗ ആവശ്യങ്ങൾക്ക് തികച്ചും അനുയോജ്യമായ ആമ്പിയറിൽ നിന്നുള്ള ഒരു മുൻനിര ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രൈമസ് എന്ന് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ സഞ്ജയ് ബെൽ പറഞ്ഞു. ചിന്തനീയമായി രൂപകൽപന ചെയ്തതും താങ്ങാനാവുന്ന വിലയുള്ളതുമായ, പ്രൈമസിന് ധാരാളം ഉപഭോക്താക്കളെ ആകർഷിക്കാനാവുമെന്നാണ് കമ്പനിയുടെ വിശ്വാസം.
സുരക്ഷ, ഈട്, പെർഫോമൻസ്, കംഫർട്ട്, മെച്ചപ്പെടുത്തിയ സ്‌റ്റൈലിംഗ്, സ്‌മാർട്ട് കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയുടെ ഏറ്റവും മികച്ച വശങ്ങൾ ഇത് സമന്വയിപ്പിക്കുന്നുവെന്നും സിഇഒ സഞ്ജയ് ബെൽ പറഞ്ഞു. പ്രൈമസ് ഉപയോഗിച്ച് തങ്ങൾ ഇലക്ട്രിക് ലാസ്റ്റ്-മൈൽ മൊബിലിറ്റി സെഗ്‌മെന്റിൽ ആമ്പിയറിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, കൂടുതൽ വിശാലമായ ഉപഭോക്തൃ വിഭാഗങ്ങളെയും ആകർഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കമ്പനി അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ആമ്പയർ എൻഎക്‌സ്‌ജി മോഡലും പുറത്തിറക്കും. ഇത് പ്രൈമസിനേക്കാൾ പ്രീമിയം ഇവിയായിരിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇത് സ്റ്റൈലിലും കണക്റ്റിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്രാൻഡ് രൂപകൽപ്പന ചെയ്യുന്നത്.


Click it and Unblock the Notifications








