ഇതാണ് ആ ശബ്‌ദം... പ്രകമ്പനം കൊള്ളിക്കുന്ന എക്‌സ്ഹോസ്റ്റ് നോട്ടുമായി ഹാർലി X440 ടീസർ
ഇന്ത്യയിൽ നിന്നും എല്ലാം ഇട്ടെറിഞ്ഞ് പോവാൻ തീരുമാനിച്ച അമേരിക്കൻ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സൺ പുതിയൊരു അദ്ധ്യായത്തിന് ഒരുങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാൻഡായ ഹീറോ മോട്ടോകോർപ്പിന്റെ കൈപിടിച്ചാണ് ഹാർലി വീണ്ടുമെത്തുന്നത്. അതും നമ്മുടെ നിരത്തുകളിൽ അപ്രമാദിത്തം തീർത്ത് കുതിച്ചുപായുന്ന റോയൽ എൻഫീൽഡിനെ ഉന്നംവെച്ചാണ് ഇരുകമ്പനികളും ഇത്തവണ വിപണിയിലേക്ക് ഇറങ്ങുന്നത്.
ബൈക്ക് പ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ X440 ജൂലൈ മൂന്നിന് ഔദ്യോഗികമായി പുറത്തിറങ്ങും. നിരവധി പുതുമകളുമായാണ് മോട്ടോർസൈക്കിൾ പണിതെടുത്തിരിക്കുന്നത്. പതിവ് ക്രൂയിസര്‍ ശൈലി വിട്ട് റോഡ്‌സ്റ്റര്‍ രൂപത്തിലാണ് മിഡ്-കപ്പാസിറ്റി ബൈക്കിനെ ഡിസൈൻ ചെയ്‌തിരിക്കുന്നത്. അതായത് ഈ സെഗ്മെന്റിലെ പുലികളായ എൻഫീൽഡ് മോഡലുകൾക്ക് പുറമെ ബജാജ് ഡൊമിനാർ 400, ഹോണ്ട ഹൈനസ് സീരീസ് എന്നിവയുമായി മല്ലിടാനാണ് പുത്തൻ അവതാരം പിറവിയെടുക്കുന്നതെന്ന് സാരം.

അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കായിരിക്കും ഇതെന്ന പ്രത്യേകതയുമുണ്ട്. ഹീറോയുമായി സഹകരിച്ചാണ് ഹാർലി X440 നിർമിച്ചിരിക്കുന്നത്. ഔദ്യോഗിക അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വാഹനത്തെ കൂടുതൽ ആളുകളിലേക്ക് അടുപ്പിക്കുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി വീഡിയോകളും ചിത്രങ്ങളും അമേരിക്കൻ ബ്രാൻഡ് അടിക്കടി പങ്കുവെക്കുന്നുമുണ്ട്.
അത്തരത്തിലൊരു ടീസർ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ ചർച്ചാ വിഷയം. ഹീറോയുടെ പ്രാദേശിക നിർമ്മാണ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, ഉയർന്ന പ്രാദേശിക ഉള്ളടക്കം ഉൾക്കൊള്ളുന്ന ഹാർലി-ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിന്റെ എക്സ്ഹോസ്റ്റ് നോട്ടും പെർഫോമൻസ് മികവുമാണ് ഈ പുതിയ ടീസറിൽ ബ്രാൻഡ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. എൻഫീൽഡിന്റെ ബൈക്കുകളുടെ സിഗ്നേച്ചർ ശബ്ദത്തേക്കാൾ കാതുകളിൽ പ്രകമ്പനം കൊള്ളിക്കുന്ന രീതിയിലാണ് X440 വരികയെന്ന് ഇതിലൂടെ വ്യക്തം.
ആധുനിക മോട്ടോർസൈക്കിളുകളിൽ കാണുന്നത് പോലെ മുകളിലേക്ക് ഉയർന്ന രീതിയിൽ പണികഴിപ്പിക്കുന്നതിന് പകരം പഴയ രീതിയിലുള്ള സൈഡ് മൗണ്ടഡ് സിംഗിൾ എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് ഹാർലി-ഡേവിഡ്‌സൺ X440 അവതരിപ്പിക്കുന്നത്. ഇതോടൊപ്പം മൾട്ടി-സ്‌പോക്ക് 17 ഇഞ്ച് മെഷീൻഡ് അലോയ് വീലുകളുടെ ഡ്യുവൽ ടോൺ ഫിനിഷാണ് ബൈക്കിന്റെ മൊത്തത്തിലുള്ള ഡാർക്ക് തീമിനെ പൂരകമാക്കുന്നത്.
സസ്പെൻഷൻ ചുമതലകൾക്കായി അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ട്വിൻ-സൈഡഡ് ഷോക്ക് അബ്സോർബറുകളുമാണ് ഹാർലിയും ഹീറോയും കോർത്തിണക്കിയിട്ടുള്ളത്. ഇതിൽ എംആർഎഫ് സാപ്പർ ഹൈക്ക് ടയറുകളും വാഗ്‌ദാനം ചെയ്യും. ബ്രേക്കിംഗിനായി രണ്ടറ്റത്തും ഡിസ്‌ക്കുകൾക്കൊപ്പം ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം സ്റ്റാൻഡേർഡായി ഹാർലി ഡേവിഡ്‌സൺ X440 അവതരിപ്പിക്കും.

സിംഗിൾ സിലിണ്ടർ 440 സിസി എയർ കൂൾഡ് എഞ്ചിനാണ് X440 റോഡ്സ്റ്ററിന് തുടിപ്പേകുക. ഇത് ഏകദേശം 38 bhp കരുത്തിൽ പരമാവധി 30 Nm torque വരെ ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാൻഡേർഡായി സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും ഉള്ള ആറ് സ്പീഡ് ട്രാൻസ്മിഷനുമായി എഞ്ചിൻ ജോടിയാക്കും. ന്യൂട്രൽ പൊസിഷനിൽ ഫുട്‌പെഗുകളുള്ള വിശാലമായ ഹാൻഡിൽബാർ സജ്ജീകരണം ലഭിക്കുന്നതിനാൽ മൊത്തത്തിലുള്ള എർഗണോമിക്‌സ് ടൂറിംഗിന് സഹായിക്കും.
ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റിന്റെ സാന്നിധ്യവും മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന തിരശ്ചീനമായ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റും ബൈക്കിന്റെ മനോഹാരിത വർധിപ്പിക്കും. ചതുരാകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകളും വൃത്താകൃതിയിലുള്ള ടേൺ സിഗ്നലുകളും രൂപത്തോട് നീതിപുലർത്തിയിട്ടുണ്ട്. കൂടാതെ വൃത്താകൃതിയിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിനൊപ്പം സമകാലികമായ സ്വിച്ച് ഗിയറുമായിരിക്കും ബൈക്കിലുണ്ടാവുക.

ഏകദേശം 2.70 ലക്ഷം രൂപയാണ് ഹാർലി-ഡേവിഡ്‌സൺ X440 റോഡ്സ്റ്റന് പ്രതീക്ഷിക്കുന്ന വില. എൻഫീൽഡ് ക്ലാസിക് 350, ബജാജ് ഡൊമിനാർ 400, യെസ്‌ഡി റോഡ്‌സ്റ്റർ, ജാവ 42, ഹോണ്ട ഹൈനസ് എന്നിവയ്‌ക്ക് മുകളിലായിരിക്കും ഇത് സ്ഥാപിക്കുകയെന്നാണ് വിവരം. അതായത് ബജാജിനൊപ്പം സഹകരിച്ച് വികസിപ്പിക്കുന്ന വരാനിരിക്കുന്ന ട്രയംഫ് റോഡ്‌സ്റ്റർ മോട്ടോർസൈക്കിളിനോടും 450 സിസി മോട്ടോർസൈക്കിളുകളുടെ റോയൽ എൻഫീൽഡ് സീരീസിനോടും ഹാർലി മത്സരിക്കുമെന്ന് സാരം.


Click it and Unblock the Notifications








