എൻഫീൽഡ് എയറിലേക്ക്, വൈറലായി ഹാർലി X440 റോഡ്സ്റ്ററിന്റെ പുതിയ ചിത്രങ്ങൾ
ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയുടെ അസൂയാവഹമായ വളർച്ചക്ക് സഹായിച്ചത് ആഗോള ബ്രാൻഡുകളുടെ വരവാണെന്ന് വേണമെങ്കിൽ പറയാം. വന്നെന്നു മാത്രമല്ല സജീവമായി മോഡലുകളെ അണിനിരത്താനും വിദേശ കമ്പനികൾ കാണിച്ച താത്പര്യമാണ് നമ്മുടെ നിരത്തുകളെ മാറ്റിമറിച്ചത്. ഒരു സൂപ്പർ ബൈക്ക് സ്വന്തമാക്കാൻ ഒരുകാലത്തെങ്കിലും നമ്മളിൽ പലരും ആഗ്രഹിച്ചിട്ടുണ്ടാവാം അല്ലേ.
ബൈക്ക് ഓടിച്ച് തുടങ്ങുന്നത് ചിലപ്പോൾ സ്പ്ലെൻഡർ, പൾസർ പോലുള്ള സാധാരണ മോഡലുകളിലാണെങ്കിലും പിന്നീട് ഒരു ഘട്ടത്തിൽ ഒരു പ്രീമിയം അല്ലെങ്കിൽ ലക്ഷ്വറി ബൈക്കുകൾ മോഹിക്കാത്ത തലമുറ നമുക്കുണ്ടാവില്ല. ഹാർലി ഡേവിഡ്‌സണെല്ലാം ഒരുകാലത്ത് ഉണ്ടാക്കിയെടുത്ത ഓളവും വേറെ തന്നെയായിരുന്നു. ഇടക്കാലത്ത് പ്രതാപം മങ്ങിയെങ്കിലും ആധുനിക മോട്ടോർസൈക്കിളുകൾ നിർമിച്ച് ഇമേജ് വീണ്ടെടുക്കാൻ അമേരിക്കൻ ബ്രാൻഡിന് സാധിച്ചിരുന്നു.

മസിൽ ബൈക്കുകളുടെ സങ്കൽപം മാറിയതോടെയാണ് ഹാർലി പോലുള്ള ബ്രാൻഡുകളുടെ ഡിമാന്റ് ഇടിഞ്ഞത്. വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയോട് സലാം പറഞ്ഞ അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡിനെ ഹീറോ മോട്ടോകോർപ് പിടിച്ചു നിർത്തുകയായിരുന്നു. അങ്ങനെ 2021-ൽ ഹീറോയുനായി കൈകോര്‍ക്കുന്ന വിവരം ലോകത്തോട് ഹാർലി വിളിച്ചു പറഞ്ഞു. അതിന്റെ ഭാഗമായെത്തുന്ന ആദ്യ മോട്ടോർസൈക്കിളിലാണ് ഇപ്പോൾ വിപണിയുടെ കണ്ണ്.
ജൂലൈ നാലിന് ഔഗ്യോഗികമായി പുറത്തിറങ്ങുന്ന ഹാർലി-ഹീറോ മോഡലിന്റെ പുതിയ വിശേഷങ്ങൾക്കായാണ് ഏവരും കാത്തിരിക്കുന്നത്. അവരുടെ മുന്നിലേക്ക് ബൈക്കിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ടാണ് ഹാർലി രോമാഞ്ചമുണ്ടാക്കുന്നത്. ഇരുകമ്പനികളും സഹകരിച്ച് പുറത്തിറക്കുന്ന ആദ്യ മോഡൽ ഹാർലി ഡേവിഡ്‌സൺ X440 റോഡ്‌സ്റ്റർ എന്നപേരിലായിരിക്കും അറിയപ്പെടുക. വരാനിരിക്കുന്ന മെയ്ഡ്-ഇൻ-ഇന്ത്യ മോഡലിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ചിത്രങ്ങളിലൂടെ തെളിഞ്ഞുവരുന്നുണ്ട്.

ബൈക്കിന്റെ ഉത്പാദനം ഉൾപ്പെടെ, ഹാർലിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ പൂർണമായും ഹീറോ മോട്ടോകോർപ്പാണ് കൈകാര്യം ചെയ്യുന്നത്. അതായത്. ഡിസൈനിഗും ബൈക്കിന്റെ ഡെവലപ്മെന്റും ഹാർലിയാണ് ചെയ്‌തിരിക്കുന്നതെങ്കിലും പ്രൊഡക്ഷൻ, ഡിസ്ട്രിബ്യൂഷൻ, വിൽപ്പന, വിൽപനാനന്തര സേവനം എന്നിവ ഹീറോ മോട്ടോകോർപ് ഏറ്റെടുക്കുമെന്ന് സാരം. ഉയർന്ന ശേഷിയുള്ള ഹാർലി ബൈക്കുകളിൽ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഡിസൈൻ പിന്തുടരുന്നതിനു പകരം X440 അതിന്റേതായ വ്യതിരിക്തമായ ശൈലി സൃഷ്ടിച്ചത് വിപണിയിൽ ശ്രദ്ധനേടുമെന്ന് ഉറപ്പാണ്.
വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇൻഡിക്കേറ്ററുകൾ, റിയർ വ്യൂ മിററുകൾ, വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്റ് പോഡ് തുടങ്ങിയ സവിശേഷതകളോടെ നിയോ-റെട്രോ പ്രൊഫൈലാണ് ബൈക്ക് പിന്തുടരുന്നത്. ഹെഡ്‌ലാമ്പ് കൗൾ, എഞ്ചിൻ ഗാർഡ്, എഞ്ചിൻ അസംബ്ലി, എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ, റിയർ ഷോക്ക് അബ്‌സോർബറുകൾ എന്നിവയെല്ലാം കറുപ്പിൽ ഒരുക്കിയിരിക്കുന്നതിനാൽ കാഴ്ച്ചയിൽ ആരുടേയും മനംകവരാൻ പുതിയ ഹാർലി ബൈക്കിനാവും. ഡ്യുവൽ ടോൺ അലോയ് വീലുകളാണ് ബൈക്കിലുള്ളത് എന്നതും ശ്രദ്ധേയമാണ്.

ആഭ്യന്തര തലത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി വിപണികളിലേക്കും ഈ പുത്തൻ മോട്ടോർസൈക്കിളിനെ കമ്പനി കയറ്റുമതി ചെയ്യും. ഹാർലി X440 റോഡ്സ്റ്റർ ഒരു ഡൗൺ ട്യൂബ് ട്യൂബുലാർ ഫ്രെയിമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഉയർന്ന വേഗതയിൽ കൺട്രോളും ഹാൻഡിലിംഗും മെച്ചപ്പെടുത്താനായി മുന്നിൽ അ്പസൈഡ് ഡൌൺ (USD) ഫോർക്കുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളാണ് ഹാർലി നൽകിയിരിക്കുന്നത്.
വീലിന് മുന്നിൽ 18 ഇഞ്ച് വലിപ്പവും പിന്നിൽ 17 ഇഞ്ചുമാണ്. X440-ൽ ഉപയോക്താക്കൾക്ക് സുഖപ്രദമായ റൈഡിംഗ് സ്റ്റാൻസ് പ്രതീക്ഷിക്കാം. 440 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ കൂൾഡ് എഞ്ചിനായിരിക്കും ഹാർലി X440 റോഡ്സ്റ്ററിന് തുടിപ്പേകുക. എഞ്ചിന് 8,000 ആർപിഎമ്മിൽ റെഡ്‌ലൈൻ ചെയ്യാനാവുമെന്ന റിപ്പോർട്ടുകളും മുമ്പ് പുറത്തുവന്നിട്ടുണ്ട്. അതായത് ലോംഗ്-സ്ട്രോക്ക് എഞ്ചിനായിരിക്കും ഇതെന്ന് സാരം. എഞ്ചിന് ശക്തമായ മിഡ്-റേഞ്ച്, ലോ-എൻഡ് ടോർക്ക് ഔട്ട്പുട്ടുണ്ടായിരിക്കുകയും ചെയ്യും.

പ്രധാന എതിരാളിയായി കാണുന്ന റോയൽ എൻഫീൽഡ് 350 സിസി ബൈക്കുകളേക്കാൾ പവർ, ടോർക്ക് ഔട്ട്പുട്ട് കൂടുതലായിരിക്കുമെന്ന് സാരം. ഏകദേശം 2.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലായിരിക്കും മോട്ടോർസൈക്കിളിനായി നിശ്ചയിക്കുകയെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് യാഥാർഥ്യമായാൽ ഹാർലിക്ക് ഇന്ത്യയിൽ മൈലേജാവും. ഹീറോ മോട്ടോകോർപ്പ് നിയന്ത്രിക്കുന്ന സ്വന്തം വിൽപ്പന ശൃംഖലയിലൂടെ ഹാർലി-ഡേവിഡ്‌സൺ X440 റോഡ്‌സ്റ്ററിനെ വിപണനം നടക്കുക. ഹീറോയുടെ പിൻബലത്തിൽ അമേരിക്കൻ ബ്രാൻഡിന് ഇംപാക്ട് ഉണ്ടാവാനാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








