കണ്ണുതള്ളി റോയൽ എൻഫീൽഡ്, ഹാർലി X440 റോഡ്സ്റ്ററിന്റെ ബുക്കിംഗ് കണക്കുകൾ പുറത്ത്
ഒരു കാലത്ത് പ്രീമിയം മോട്ടോർസൈക്കിളുകളെല്ലാം ഇന്ത്യക്കാർക്ക് അപ്രാപ്യമായിരുന്നുവെങ്കിലും ഇന്ന് കൂടുതൽ ആളുകളും എത്ര ലക്ഷങ്ങൾ മുടക്കിയാണെങ്കിലും തങ്ങൾക്കിഷ്‌ടപ്പെട്ട ടൂവീലറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ഒരു 150 സിസി ബൈക്ക് വരെ വാങ്ങണമെങ്കിൽ തന്നെ ഇന്ന് 1 ലക്ഷം രൂപയ്ക്ക് മുകളിൽ ഓൺ-റോഡ് വില മുടക്കേണ്ട അവസ്ഥയാണുള്ളത്.
ലക്ഷ്വറി മോട്ടോർസൈക്കിളുകളായി നാം കണ്ടിരുന്ന ട്രയംഫും ഹാർലി ഡേവിഡ്‌സണും എല്ലാം ഇന്ന് സാധാരണക്കാരനും താങ്ങാനാവുന്ന വിലയ്ക്ക് ബൈക്കുകൾ വിപണിയിലെത്തിച്ച് തുടങ്ങിയിട്ടുണ്ട്. X440 റോഡ്സ്റ്റർ അതിനുദാഹരണമാണ്. മിഡ്-കപ്പാസിറ്റി ബൈക്കുകൾ എന്നു കേൾക്കുമ്പോഴേ റോയൽ എൻഫീൽഡ് മാത്രം മനസിലേക്ക് വന്നിരുന്ന കാലമൊക്കെ മാറാനിരിക്കുകയാണ്. അല്ലെങ്കിൽ മാറിയെന്നു വേണമെങ്കിലും പറയാം.

പോക്കറ്റിന് ഒതുങ്ങുന്ന വിലയിൽ ഒരു ഹാർലി ഡേവിഡ്‌സൺ വാങ്ങാനായാൽ ആരെങ്കിലും മറ്റ് ബ്രാൻഡുകളിലേക്ക് പോവുമോ? അങ്ങനെ എല്ലാവരും പോയില്ലെങ്കിലും ഇക്കാര്യത്തിന് വലിയ ഇംപാക്‌ട് ഉണ്ടാക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ ഹാർലി X440 റോഡ്സ്റ്ററിന്റെ ബുക്കിംഗ് കണക്കുകൾ. 2023 ജൂലൈ നാലിന് ബുക്കിംഗ് ആരംഭിച്ചതിന് ശേഷം മോട്ടോർസൈക്കിളിനായി ഇതുവരെ 25,000-ലധികം ബുക്കിംഗുകൾ ലഭിച്ചതായി ഹീറോ മോട്ടോകോർപ് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ.
ഇതിൽ 65 ശതമാനം ബുക്കിംഗുകളും ടോപ്പ് എൻഡ്, എസ് വേരിയന്റിനുള്ളതാണെന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. പഴയ വിലകൾ പ്രകാരം 2.69 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് ഹാർലി ഡേവിഡ്‌സൺ X440 S ടോപ്പ് വേരിയന്റിനായി മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില. എന്നാൽ ഓഗസ്റ്റ് നാല് മുതൽ മോട്ടോർസൈക്കിളിന്റെ വില 10,000 രൂപ വർധിച്ചിരുന്നു.

ഇതിൻ പ്രകാരം ടോപ്പ് എൻഡ് പതിപ്പിന്റെ വില 2.79 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്. ബേസ് വേരിയന്റായ ഡെനിമിന് 2.29 ലക്ഷത്തിൽ നിന്നും 2.39 ലക്ഷം വരെയായി പുതുക്കിയ എക്സ്ഷോറൂം വില. കമ്പനി നിലവിൽ X440 റോഡ്സ്റ്റർ മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആദ്യ ബാച്ചിന്റെ ഡെലിവറി ആരംഭിക്കുന്നതോടെ ബൈക്കിനായുള്ള അടുത്ത ബുക്കിംഗ് വിൻഡോയും പ്രഖ്യാപിക്കും.
ഇനി ബുക്ക് ചെയ്യുന്നവർ പുതിയ വിലയായിരിക്കും ഹാർലി ഡേവിഡ്‌സൺ ബജറ്റ് മോഡലിനായി മുടക്കേണ്ടി വരിക. 2023 സെപ്റ്റംബറിൽ ഹാർലി X440-യുടെ ഉത്പാദനം ആരംഭിക്കും. അതേസമയം ഒക്ടോബർ മുതൽ ഉപഭോക്തൃ ഡെലിവറി ആരംഭിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹാർലി-ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിനായുള്ള ഉത്പാദനം വർധിപ്പിക്കുമെന്ന് നിർമാതാക്കളായ ഹീറോ മോട്ടോകോർപ് അറിയിച്ചു.

വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ നീമ്രാനയിലുള്ള കമ്പനിയുടെ ഗാർഡൻ ഫാക്ടറിയിലാണ് ഹീറോ X440 നിർമിക്കുന്നത്. ഇന്ത്യയിൽ ബൈക്കിന്റെ പൂർണ നിർമാണ ചുമതലയും ഇന്ത്യൻ ബ്രാൻഡിനാണ്. വില കുറവാണെങ്കിലും പ്രായോഗികമായ ഫീച്ചറുകളുടെ വലിയ അകമ്പടി തന്നെ പുതിയ ഹാർലി മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്. X440 റോഡ്സ്റ്ററിൽ പൂർണ എൽഇഡി ലൈറ്റിംഗും മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള യുഎസ്ബി പോർട്ടുമുണ്ട്.
സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, സർവീസ് ഇൻഡിക്കേറ്റർ, സൈഡ് സ്റ്റാൻഡ് അലേർട്ട് എന്നിവ കാണിക്കുന്ന 3.5 ഇഞ്ച് TFT ഡിസ്‌പ്ലേയുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇതുകൂടാതെ, ആപ്ലിക്കേഷൻ പിന്തുണയോടെയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ബൈക്കിന് ലഭിക്കുന്നു. ഹാർലി ഡേവിഡ്‌സൺ X440 മോഡലിന് ലഭിക്കുന്ന ഉപഭോക്തൃ പ്രതികരണത്തിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ഹീറോ മോട്ടോകോർപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (CEO) നിരഞ്ജൻ ഗുപ്ത പറഞ്ഞു.

ഈ സെഗ്‌മെന്റിലേക്കുള്ള ഹീറോയുടെ മുന്നേറ്റത്തിൽ ഉപഭോക്താക്കൾ കാണിക്കുന്ന ആത്മവിശ്വാസം സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. 6,000 rpm-ൽ പരമാവധി 27 bhp പവറും 4,000 rpm-ൽ 38 Nm torque ഉം വരെ നൽകാൻ കഴിയുന്ന പുതിയ 440 സിസി എയർ-ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിന്റെ ഹൃദയം. ഇത് 6-സ്പീഡ് ട്രാൻസ്മിഷനുമായാണ് വരുന്നത്.
ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡിന്റെ 350 സിസി ബൈക്കുകളുമായാണ് ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്റർ മത്സരിക്കുന്നത്. ഇതോടൊപ്പം പുതുതായി എത്തിയ ട്രയംഫ് സ്പീഡ് 400, മുമ്പുണ്ടായിരുന്ന ഹോണ്ട ഹൈനസ് CB350 പോലുള്ള മിടുക്കൻമാരും അമേരിക്കൻ ബ്രാൻഡിന്റെ മുഖ്യശത്രുക്കളാണ്. ഹീറോയുമായുള്ള പങ്കാളിത്തം വേഗം വിപണി പിടിക്കാൻ ഹാർലിയെ സഹായിക്കുമെന്നതിനുള്ള തെളിവാണ് ഈ ബുക്കിംഗ് കണക്കുകൾ.


Click it and Unblock the Notifications








