ഹീറോ പണിത ഹാർലിയുടെ ചുള്ളൻ, പിറവിയെടുത്ത് X440 റോഡ്സ്റ്റർ
അമേരിക്കന്‍ ഫാറ്റ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണും (Harley Davidson) ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോര്‍പ്പും (Hero Motocorp) കൈകോര്‍ത്ത വിവരം ആകാംക്ഷയോടെയാണ് വാഹനലോകം കേട്ടറിഞ്ഞത്. ഇന്ത്യവിട്ടുപോവാൻ നിന്ന ഹാർലിക്ക് പുതുജീവനേകാനുള്ള അവസാനശ്രമമാണ് ഹീറോയുമായുള്ള പങ്കാളിത്തം.
വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയോട് ടാറ്റ ബൈ ബൈ പറഞ്ഞ ഹാര്‍ലി സംയുക്തമായി ഇന്ത്യയിൽ തന്നെ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കാനായി 2021-ലാണ് ഹീറോ മോട്ടോകോര്‍പ്പുമായി കൈകോര്‍ക്കുന്നത്. ഈ രണ്ട് ബ്രാൻഡുകളുടേയും കഴിവുകൾ ഒന്നിച്ചുചേരുന്നുവെന്ന് കേട്ടപ്പോൾ തന്നെ ചങ്കിടിച്ചവരാണ് മറ്റ് ബ്രാൻഡുകൾ. ആരാധകര്‍ക്കിടയില്‍ ആവേശത്തിരയിളക്കി ഇന്തോ-അമേരിക്കന്‍ കൂട്ടുകെട്ടില്‍ ഇറങ്ങാന്‍ പോകുന്ന മോട്ടോര്‍സൈക്കിളിന്റെ ആദ്യ ചിത്രങ്ങളും ഇന്റർനെറ്റ് ലോകത്ത് വൻഹിറ്റായിരുന്നു.

ഇപ്പോഴിതാ ഹീറോ നിർമിച്ച ഹാർലി ഡേവിഡ്‌സണിന്റെ വരാനിരിക്കുന്ന മെയ്ഡ്-ഇൻ-ഇന്ത്യ ബൈക്കിനെ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. X440 എന്നുപേരിട്ടിരിക്കുന്ന ഈ ബൈക്ക് റോഡ്സ്റ്റർ മോഡലായാണ് രൂപമെടുത്തിരിക്കുന്നത്. ഇതുവരെ കണ്ടുപരിചിതമായ ഹാർലി ബൈക്കുകളുടെ ഒരുശൈലിയും അവകാശപ്പെടാനില്ലാത്ത പുതുരൂപം ആരെയും മോഹിപ്പിക്കുംവിധമാണ് ഹീറോ ഒരുക്കിയെടുത്തിരിക്കുന്നത്. പങ്കാളിത്തത്തിൽ നിന്ന് വരുന്ന ആദ്യത്തെ ബൈക്ക് പഴയ XR റോഡ്‌സ്റ്ററുകൾക്ക് സമാനമാണെന്നും വേണമെങ്കിൽ പറയാം.
ഫ്ലാറ്റ് ഹാൻഡിൽബാറും ന്യൂട്രൽ എർഗണോമിക്‌സും ബുച്ച് ഡിസൈനും എന്തായാലും ശ്രദ്ധനേടും. റോയൽ എൻഫീൽഡ്, ജാവ, യെസ്‌ഡി, ബെനലി എന്നിവയിൽ നിന്നുള്ള എൻട്രി ലെവൽ മിഡിൽവെയ്റ്റ് ക്രൂയിസർ അല്ലെങ്കിൽ റോഡ്‌സ്റ്റർ മോഡലുകളുടെ വിപണിയാണ് പുതിയ ഹാർലി ഡേവിഡ്‌സൺ X440 ഉന്നംവെച്ചിരിക്കുന്നത്. ഹീറോ ഒരുക്കിയിരിക്കുന്ന മോട്ടോർസൈക്കിളിന്റെ നിയോ-റെട്രോ സ്റ്റാൻസാണെങ്കിലും അപ്-റൈറ്റ് റൈഡിംഗ് പോസ്‌ച്ചറുള്ള ക്രൂയിസിംഗ് ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ഇത് ആകർഷിച്ചേക്കും.

ന്യൂട്രൽ സെറ്റ് ഫുട്‌പെഗുകളും വിശാലമായ സിംഗിൾ പീസ് സീറ്റും ദീർഘദൂര യാത്രകൾക്ക് സഹായകരമാവും. 18-ഇഞ്ച് ഫ്രണ്ട്, 17-ഇഞ്ച് പിൻ ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് ഹാർലി ഡേവിഡ്‌സൺ X440 ഉപയോഗിച്ചിരിക്കുന്നത്. അതേസമയം സസ്പെൻഷൻ സജ്ജീകരണത്തിനായി മുൻവശത്ത് അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ പരമ്പരാഗതമായ ട്വിൻ-സൈഡഡ് ഷോക്ക് അബ്സോർബറുകളുമാണ് ഹീറോ ബൈക്കിന് സമ്മാനിച്ചിരിക്കുന്നത്.
ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും ഇടംപിടിച്ചിട്ടുണ്ട്. പില്യണ്‍ സീറ്റിനൊപ്പം ആര്‍ടിഒ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സാരി ഗാര്‍ഡും നല്‍കിയിട്ടുണ്ട്. ബ്ലാക്ക്-ഔട്ട് എഞ്ചിൻ ഏരിയയും സൈഡ് പാനലുകളും മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള ഡിസൈൻ മെച്ചപ്പെടുത്തുന്നുണ്ട്. സീറ്റ് ഉയരം ഏകദേശം 790 മുതല്‍ 810 മില്ലിമീറ്റര്‍ ആയതിനാല്‍ മിക്ക റൈഡര്‍മാര്‍ക്കും ഇത് കംഫര്‍ട്ടബിളായിരിക്കും.

വൃത്താകൃതിയിലുള്ള കറുത്ത റിയർവ്യൂ മിററുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് ബാർ ഉള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഓൾ-ഡിജിറ്റൽ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഹാർലി ഡേവിഡ്‌സൺ X440 റോഡ്‌സ്റ്ററിന്റെ മറ്റ് ഹൈലൈറ്റുകൾ. ഓവൽ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പ് സീറ്റിന് തൊട്ടുപിന്നിൽ റിയർ ഫെൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന കോംപാക്റ്റ് റിയർ സെക്ഷനിൽ സ്പ്ലിറ്റ് റിയർ ഗ്രാബ് റെയിലുകളും കാണാം.
ഫ്രണ്ട് ഫെൻഡർ വലുതായി പണികഴിപ്പിച്ചപ്പോൾ സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ബൈക്കിന്രെ റെട്രോ അപ്പീൽ വർധിപ്പിക്കുന്നു. ഹാർലിയുടെ X440 മോഡലിന് ഒരു 420 സിസി എയര്‍/ഓയില്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ആയിരിക്കും തുടിപ്പേകാൻ എത്തുകയെന്നാണ് സൂചന. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്ന എഞ്ചിന് ഏകദേശം 30-35 bhp പവറോളം വികസിപ്പിക്കാനുമാവും.


Click it and Unblock the Notifications








