ഇതൊക്കെയാണ് 'പണി', 85 മോഡൽ ഹീറോ ഹോണ്ട ബൈക്കിന്റെ രൂപമാറ്റം കണ്ടോ; കൈയടിച്ച് സോഷ്യൽ മീഡിയ
100 സിസി ബൈക്കുകൾ ഒരുകാലത്ത് ഉണ്ടാക്കിയെടുത്ത് ഓളം ഒന്നുവേറെ തന്നെയായിരുന്നു. '100 സിസി ബൈക്കും അതിലൊരു പൂജ ബട്ടും വേണ'മെന്ന രജപുത്രൻ സിനിമയിലെ പാട്ടൊക്കെ എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടാക്കിയെടുത്ത ട്രെൻഡ് ചിലപ്പോൾ ഇന്നത്തെ തലമുറയ്ക്ക് അറിഞ്ഞുകൊള്ളണമെന്നില്ല. സ്പ്ലെൻഡറിനും മുമ്പുള്ള മോഡലുകളുടെ കാര്യമാണ് പറയുന്നത്.
ഹീറോ ഹോണ്ട CD100, യമഹ RX100, സുസുക്കി സമുറായ് പോലുള്ള ഇതിഹാസങ്ങൾ ഇന്നും നിരത്തുകളിലെ ഹരമാണ്. പഴയ ഇതിഹാസങ്ങളെ പുത്തൻ പോലെ ഇന്നും കൊണ്ടുനടക്കുന്നതും കാത്തുസൂക്ഷിക്കുന്നതുമായ ഒട്ടേറെ ഉദാഹരണങ്ങൾ നമുക്കിടയിലുണ്ട്. കിടിലമായി റീസ്റ്റോറേഷൻ വർക്കുകൾ ചെയ്യുന്ന വർക്ക്ക്ഷോപ്പുകളുള്ളതും നമ്മുടെ അനുഗ്രഹമാണ്. ഇന്ത്യയിലുടനീളം ഇപ്പോൾ പഴയ വണ്ടികളെല്ലാം പണിതെടുത്ത് കുട്ടപ്പനാക്കുന്ന ട്രെൻഡ് നിനിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ വരവാണ് ഇത്തരം കാര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്താൻ കാരണാമാവുന്നത്.

എന്തായാലും സംഭവം കൊള്ളാം അല്ലേ. ഇപ്പോൾ ഇതു പറയാനുള്ള കാരണം ഒരു പഴയ 1985 മോഡൽ ഹീറോ ഹോണ്ട CD100 ബൈക്കിന്റെ റീസ്റ്റോറേഷൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നതുകൊണ്ടാണ്. ഇന്ത്യയിൽ ഇതുവരെ പുറത്തിറക്കിയ ഏറ്റവും മികച്ച ബൈക്കുകളിലൊന്നായി അറിയപ്പെടുന്ന CD100 SS പുത്തൻപുതുതായാണ് കസ്റ്റമൈസേഷൻ വർക്കുകൾ കഴിഞ്ഞ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ക്ലച്ച് ആൻഡ് ഗിയർ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. സംഭവം കേരളത്തിലല്ല കേട്ടോ.
കർണാടകയിലെ ബാംഗ്ലൂരിൽ നിന്ന് മഹാരാഷ്ട്രയിലെ പൂനെയിൽ എത്തിച്ചാണ് ഇത്രയും കിടിലമാക്കി പുനസ്ഥാപിച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കവും ഈ കാര്യം പറഞ്ഞാണ് ആരംഭിക്കുന്നത്. ഇതെങ്ങനെ അവിടെ എത്തിയതെന്ന് ചോദിച്ചാൽ ബൈക്ക് പൂർണമായും അഴിച്ചുവെച്ചാണ് റീസ്റ്റോറേഷനായി വർക്ഷോപ്പിൽ എത്തിച്ചുകൊടുത്തത്. കഴിയുന്നത്ര സ്റ്റോക്ക് കണ്ടീഷനിൽ തന്നെ മോഡൽ പണിതിറക്കണമെന്നാണ് ഉടമ ആവശ്യപ്പെട്ട ഒരേയൊരു കാര്യമെന്നും വീഡിയോയിൽ പറയുന്നുണ്ട്.

ലുക്കിനൊപ്പം യാന്ത്രികമായും വാഹനം പ്രവർത്തനക്ഷമത കൈവരിക്കണമെന്ന ലക്ഷ്യവും ഈ വർക്ക്ഷോപ്പിനുണ്ടായിരുന്നു. അതിനായി എഞ്ചിൻ പൂർണമായും പണിതെടുത്തിട്ടുണ്ട്. കൂടാതെ ചെയിൻ സ്‌പ്രോക്കറ്റ് മാറ്റാനും പൂർണമായും പെയിന്റ് വർക്ക് ചെയ്യാനും ഷാസി പുനഃസ്ഥാപിക്കാനും എല്ലാ ക്രോം ഭാഗങ്ങളും റീക്രോം ചെയ്യാനും അവർ തീരുമാനിച്ചതായി പറയുന്നുണ്ട്. അങ്ങനെ ബൈക്ക് പൂർണമായും റീസ്റ്റോർ ചെയ്യുന്ന വർക്കുകളാണ് ക്ലച്ച് ആൻഡ് ഗിയർ എന്ന യൂട്യൂബ് ചാനൽ പങ്കുവെച്ച വീഡിയോയിൽ കാണാനാവുന്നത്.
ഹീറോ ഹോണ്ട CD100 SS ബൈക്കിന്റെ ഫ്യുവൽ ടാങ്കിൽ ധാരാണം ഓട്ടകളുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതും അടച്ചതിനു ശേഷം മറ്റ് വെൽഡിംഗ് വർക്കുകളും പൂർത്തിയാക്കിയതിനു ശേഷമാണ് പെയിന്റിംഗിലേക്ക് കടന്നത്. ഓരോ പാർട്‌സും സൂക്ഷ്മമായി അഴിച്ചുവെച്ചാണ് പുതിയ കോട്ട് പെയിന്റിംഗ് വർക്കിനായി നൽകിയത്. സ്റ്റോക്ക് കണ്ടീഷനിൽ മോട്ടോർസൈക്കിളിന് ബ്ലാക്ക് നിറമാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ മാറ്റങ്ങൾക്ക് അനുസൃതമായി ഉടമ ഇതിഹാസ ബൈക്കിന് സിൽവർ കളർ നൽകാനാണ് ആവശ്യപ്പെട്ടത്.

ക്ലാസിക് ലുക്ക് കിട്ടാൻ ഈ നിറം കൂടുതൽ സഹായകരമായിട്ടുണ്ടെന്ന് ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമാവുന്നുണ്ട്. ബൈക്കിന് സ്റ്റിക്കറുകൾ ലഭ്യമല്ലാത്തതിനാൽ പുതിയ സ്റ്റിക്കറുകൾ ഉണ്ടാക്കിയതായും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. അങ്ങനെ ഹീറോ ഹോണ്ട CD100 SS ശരിക്കും തന്റെ ക്ലാസിക് ചാരുത വീണ്ടെടുത്തു. എഞ്ചിൻ ബ്ലോക്കും കാർബുറേറ്ററും ഒഴികെ ബൈക്കിന്റെ ഓരോ ഭാഗവും പുതിയതാണെന്നാണ് വീഡിയോയിൽ പറയുന്നത്.
എഞ്ചിനിലേക്ക് വന്നാൽ 97.20 സിസി, 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, OHC യൂണിറ്റാണ് ഈ ഹീറോ ഹോണ്ട CD100 SS മോഡലിന് തുടിപ്പേകുന്നത്. ഇത് 7.5 bhp കരുത്തിൽ പരമാവധി 7.3 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നാല് സ്പീഡാണ് ഗിയർബോക്‌സ്. സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഹൈഡ്രോളിക് ഫോർക്കുകളും പിന്നിൽ സ്പ്രിംഗ് ലോഡഡ് സൈഡ് ആക്ഷനുള്ള ഹൈഡ്രോളിക് ടൈപ്പ് സസ്പെൻഷനുമായാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്.


Click it and Unblock the Notifications








