Hero Karizma കൂടുതൽ റിച്ചാവും, രണ്ടാംവരവിൽ ഈ കിടിലൻ ഫീച്ചറുകളും ബൈക്കിൽ
രാജ്യത്തെ സ്പോർട്‌സ് ബൈക്ക് പ്രേമികളുടെ സ്വപ്‌ന ബൈക്കുകളിൽ ഒന്നായിരുന്നു ഹീറോ ഹോണ്ട കരിസ്‌മ (Hero Honda Karizma). ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും ഇന്ത്യൻ കമ്പനിയായ ഹീറോയും കൈകോർത്തപ്പോൾ പിറന്ന മുതലിന് ഇന്നും വൻ ഫാൻബേസാണുള്ളത്. ഇതുകണക്കിലെടുത്ത് കമ്പനിയാവട്ടെ ഇതിഹാസത്തെ തിരികെയെത്തിക്കുകയാണ്.
ഇതിനോടകം ഈ വാർത്ത പുറത്തുവന്നിട്ടുണ്ടെങ്കിലും കരിസ്‌മയുടെ അധിക വിവരങ്ങളൊന്നും ഹീറോ മോട്ടോകോർപ് പുറത്തുവിട്ടിട്ടില്ല. പരീക്ഷണയോട്ട ഘട്ടത്തിലുള്ള മോഡലിനേയും കാത്ത് ആരാധകർ കാത്തിരിക്കുന്നു. ബിഎസ്-VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് കരിസ്‌മയുടെ എഞ്ചിൻ പരിഷകരിക്കാത്തതോടെയാണ് നിർത്തലാക്കുന്നത്. പിന്നെ പുതുതലമുറ മോഡലിന്റെ വമ്പൻ പരാജയവും നിർത്തലാക്കാൻ കാരണമായിരുന്നു. എറിക് ബ്യൂൾ റേസിംഗ് (EBR) രൂപകൽപന ചെയ്ത രണ്ടാം തമലുറ മോഡലിന്റെ ഡിസൈനിലെ പാളിച്ചയാണ് കരിസ്‌മയുടെ പ്രതാപം ഇല്ലാതാക്കിയത്.

2003-ൽ പുറത്തിറങ്ങിയ ആദ്യ തലമുറ മോട്ടോർസൈക്കിളിന് 2007-ൽ നൽകിയ കരിസ്‌മ R പോലെയുള്ള മിഡ്-ലൈഫ് പരിഷ്ക്കാരമാണ് യുവതലമുറ കൈയിലെടുക്കാനുണ്ടായ ആദ്യ കാരണം. അക്കാലത്തെ നിരത്തുകളിൽ ഇത്രവേഗത്തിൽ ചീറിപായുന്ന മറ്റൊരു മോട്ടോർസൈക്കിളുമുണ്ടായിരുന്നില്ല. പിന്നീട് പൾസർ 220 ആയി ബജാജ് വന്നെങ്കിലും എഞ്ചിൻ റിഫൈൻമെന്റിന്റെയും മെയിന്റനെൻസിന്റെയും കാര്യത്തിൽ കരിസ്‌മയുടെ തട്ട് താണുതന്നെയിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് പിറവിയെടുക്കുമ്പോൾ ഹീറോ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്.
അക്കാലത്ത് 90,000 രൂപയോളം മാത്രമായിരുന്നു കരിസ്‌മയ്ക്ക് മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ വിലയ്ക്ക് ഒരു 125 സിസി ബൈക്ക് പോലും ലഭിക്കില്ലെന്ന് ആർക്കുമറിയാം. വില പോലുള്ള ചില കാര്യങ്ങൾ ഒന്നു പിടിച്ചു നിർത്തി കിടിലൻ ഫീച്ചറുകളും അണിനിരത്തിയാൽ സംഭവം ഹിറ്റാവും. 2003-ലെ കരിസ്മയെ അപേക്ഷിച്ച് വലിയ നവീകരണത്തിന് വിധേയമാവുന്ന മോട്ടോർസൈക്കിളിൽ ഈ ആറ് ഫീച്ചറുകൾ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്തത്.

എൽഇഡി ലൈറ്റിംഗ്: പണ്ട് ഹാലജൻ ലൈറ്റിംഗായിരുന്നു ഹീറോ കരിസ്‌മയ്ക്ക് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ ട്രെൻഡുകൾക്ക് അനുസൃതമായി എൽഇഡി ലൈറ്റിംഗായിരിക്കും കമ്പനി ഉപയോഗിക്കുക. ഹെഡ്‌ലൈറ്റ്, ഡിആർഎൽ, ഇൻഡിക്കേറ്റർ, ബ്രേക്ക് ലൈറ്റ് എന്നിവയെല്ലാം എൽഇഡിയായി ഒരുങ്ങും. ഒറിജിനൽ കരിസ്മയിൽ സജ്ജീകരിച്ച ഹാലൊജൻ ബൾബുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ദൃശ്യപരത നൽകാൻ ഇവ സഹായിക്കും.
ഡ്യുവൽ-ചാനൽ എബിഎസ്: ഒറിജിനൽ കരിസ്‌മ ഏറെ പിന്നിൽ നിന്ന കാര്യമായിരുന്നു ബ്രേക്കിംഗ്. 2003 മുതലുള്ള മോഡലിൽ 276 mm ഫ്രണ്ട് ഡിസ്‌കും 130 mm റിയർ ഡ്രം ബ്രേക്കുമാണ് കമ്പനി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത്തവണ ഇതിന് ഹീറോ പരിഹാരം കാണും. കാരണം ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായാവും ഇത്തവണ കരിസ്‌മയെ പ്രതിഷ്ഠിക്കുക. ആയതിനാൽ ഡ്യുവൽ-ചാനൽ എബിഎസ് പോലുള്ള സുരക്ഷാ സന്നാഹങ്ങൾ മോട്ടോസൈക്കിളിൽ കമ്പനി അവതരിപ്പിക്കും.

ട്രാക്ഷൻ കൺട്രോൾ: പെട്ടെന്നുള്ള ആക്സിലറേഷനിൽ ട്രാക്ഷൻ നഷ്ടപ്പെടുന്നത് കണ്ടെത്തുകയും എഞ്ചിൻ പവർ ഒരു സ്ലിപ്പിംഗ് വീലിലേക്ക് ഇടുകയും ചെയ്യുന്ന സംവിധാനമാണ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം. മോട്ടോർസൈക്കിളിനെ അതിന്റെ മുൻഗാമികളേക്കാൾ കൂടുതൽ സുരക്ഷിതമാക്കുന്ന ഈ ഫീച്ചറിനൊപ്പം പുതിയ കരിസ്മ വരാൻ സാധ്യതയുണ്ട്. വില നിലവാരം കൂടി കണക്കിലെടുക്കുമ്പോൾ പൾസർ 250 പതിപ്പുകളുമായി മുട്ടിനിൽക്കാൻ ഇക്കാര്യങ്ങൾ സഹായിക്കും.
ഡിജിറ്റൽ ക്ലസ്റ്റർ: 2003-ലെ കരിസ്മയുടെ അനലോഗ് ടാക്കോമീറ്ററും സ്പീഡോമീറ്ററും ഡിജിറ്റൽ ഫ്യൂവൽ ഗേജുമായി ജോടിയാക്കിയ ആകർഷകമായ ഇൻസ്ട്രുമെന്റേഷൻ പാക്കേജ് അവതരിപ്പിച്ചിരുന്നത്. അക്കാലത്തുള്ള ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഇതെല്ലാം സ്വർഗതുല്യമായിരുന്നു. മാത്രമല്ല, സുസുക്കി ഹയാബൂസ ടച്ചും ഇതിലുണ്ടായിരുന്നു. പുതിയ കരിസ്മയിൽ ഹീറോ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
മോട്ടോർസൈക്കിളുകളിലെ ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ എല്ലാ സമയത്തും മെച്ചപ്പെടുത്തിയ റൈഡർ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന കാര്യമാണ്. ഈ ക്ലസ്റ്ററുകൾക്ക് നാവിഗേഷൻ വിവരങ്ങളും ശരാശരി വേഗത, യാത്ര ചെയ്ത സമയം, ഒന്നിലധികം ODO റീഡിംഗ് എന്നിവയും അതിലേറെയും പോലുള്ള മറ്റ് പ്രധാന വിശദാംശങ്ങളും വാഗ്ദാനം ചെയ്യാൻ കഴിയും. ആയതിനാൽ രണ്ടാംവരവിൽ ഈ ഫീച്ചർ കമ്പനി ഒഴിവാക്കാൻ ഒരു സാധ്യതയുമില്ല.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി: വാഹനങ്ങൾ കൂടുതൽ സ്‌മാർട്ടാകുമ്പോൾ ബ്ലൂടൂത്ത് കണക്റ്റിവിറ്റി നിലവിലെ കാലത്ത് സാധാരണമായിരിക്കുന്ന മറ്റൊരു സവിശേഷതയാണ്. യാത്രയിലായിരിക്കുമ്പോൾ മറ്റ് വിവരങ്ങൾ ക്ലസ്റ്ററിൽ തന്നെ കാണാനുള്ള സൗകര്യം ഇത് പ്രദാനം ചെയ്യാൻ സഹായിക്കും. കൂടാതെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇതുവഴി പൂർണമായും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനുമാവും.
റൈഡിംഗ് മോഡുകൾ: ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിളുകൾക്ക് ഇക്കാലത്ത് ഉള്ള മറ്റൊരു ജനപ്രിയ ഫംഗ്ഷൻ വ്യത്യസ്ത റൈഡിംഗ് ആവശ്യകതകൾക്ക് അനുയോജ്യമായ ഒന്നിലധികം റൈഡിംഗ് മോഡുകളാണ്. ഒരു സ്പോർട്ടി മോഡൽ ആയതിനാൽ തന്നെ പുതിയ കരിസ്മയ്ക്ക് ദൈനംദിന റൈഡിങ്ങിന് ഒരു റോഡ് മോഡും പവർ ഡെലിവറി കൂടുതൽ ആകർഷകമാക്കുന്ന ഒരു സ്‌പോർട്‌സ് മോഡും ലഭിച്ചേക്കും.


Click it and Unblock the Notifications








