പടക്കുതിര റെഡി, കരിസ്‌മയുടെ രണ്ടാംവരവിന് തീയതി കുറിച്ച് ഹീറോ; നെഞ്ചിടിപ്പുമായി ബജാജ്
ഇന്ത്യയിലെ ആദ്യത്തെ സ്പോർട്‌സ് ബൈക്ക് (Sports Bike) ഏതെന്ന് ചോദിച്ചാൽ ഇന്നത്തെ തലമുറയ്ക്ക് അതിനെ കുറിച്ചറിയാൻ ഒരുവഴിയുമുണ്ടാവില്ല. പക്ഷേ 90 കിഡ്‌സിനോട് ചോദിച്ചാൽ മറിച്ചൊരു ചിന്തയില്ലാതെ ഒരേ സ്വരത്തിൽ പറയും ഹീറോ ഹോണ്ട കരിസ്‌മയെന്ന് (Hero Honda Karizma). രാജ്യത്തെ സ്പോർട്‌സ് മോട്ടോർസൈക്കിൾ പ്രേമികളുടെ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു ഇവൻ.
ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും ഇന്ത്യൻ കമ്പനിയായ ഹീറോയും പങ്കാളിത്തത്തിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് കരിസ്‌മ പിറവിയെടുക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2003-ൽ. ഹൃത്വിക് റോഷൻ പ്രത്യക്ഷപ്പെടുന്ന കരിസ്‌മയുടെ പരസ്യവും വൻ ഹിറ്റായിരുന്നത് ഓർത്തെടുക്കാനാവും. ഇന്ന് ചില സോഷ്യൽ മീഡിയ പേജുകൾ ഈ പരസ്യത്തെ അടുത്തിടെ വീണ്ടും ട്രെൻഡിംഗാക്കി മാറ്റിയിരുന്നു. ഫെയർഡ് മോട്ടോർസൈക്കിളുകളുടെ അവസാനവാക്കായി അറിയപ്പെട്ടിരുന്ന ഹീറോ കരിസ്‌മ തിരിച്ചുവരവിന് ഒരുങ്ങുന്ന വാർത്ത ഇതിനോടകം തന്നെ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ എത്തിയിട്ടുണ്ട്.

എന്നാൽ അവതരണത്തെ കുറിച്ച് ഒരു സൂചനയും നൽകാതിരുന്ന ഹീറോ മോട്ടോകോർപ് അവസാനം പുതിയൊരു സിഗ്നൽ തന്നിരിക്കുകയാണ്. ജൂൺ 14-ന് പുത്തനൊരു മോട്ടോർസൈക്കിളുമായി രംഗത്തെത്തുകയാണെന്ന് ഒരു ടീസർ ചിത്രം പുറത്തുവിട്ടാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് കരിസ്‌മയാണെന്ന കാര്യം ബ്രാൻഡ് മറച്ചുവെച്ചിരിക്കുകയാണ്. കരിസ്‌മ XMR 210 എന്ന പേരിലായിരിക്കും രണ്ടാംവരവിൽ മോഡൽ അറിയപ്പെടുക. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ പുതിയ മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വലിയൊരു നിര തന്നെയാണ് ഒരുക്കുന്നത്.
ഇതിൽ ആദ്യത്തേതാവും കരിസ്‌മ XMR 210. പരീക്ഷണയോട്ട ഘട്ടത്തിലുള്ള മോഡലിനെ കാത്ത് ആരാധകർ കാത്തിരിക്കുകയാണ്. 2014-ൽ എറിക് ബ്യൂൾ റേസിംഗ് (EBR) രൂപകൽപന ചെയ്ത രണ്ടാം തമലുറ മോഡലിന്റെ ഡിസൈനിലെ പാളിച്ചയാണ് കരിസ്‌മയുടെ പ്രതാപം ഇല്ലാതാക്കിയത്. എന്നാൽ ഇത്തവണ അത്തരം മണ്ടത്തരങ്ങളൊന്നും കമ്പനി കൈകൊള്ളില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ ഡീലർമാർക്കായി പുത്തൻ കരിസ്‌മയെ പ്രദർശിപ്പിച്ചിരുന്നു. അതിന്റെ ചിത്രങ്ങളും ഇന്റർനെറ്റിൽ ഏറെ ചർച്ചയായിരുന്നു.

നിലവിൽ ഇന്ത്യയിലെ എൻട്രി ലെവൽ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യമഹ R15 V4 ആണ് അരങ്ങുവാഴുന്നതെങ്കിലും പഴയ പാരമ്പര്യത്തിന്റെ പിൻബലത്തിൽ നിരവധി ആളുകളെ ഹീറോ കരിസ്‌മ ആകർഷിച്ചേക്കാം. ന്യൂ ജെൻ കരിസ്മ ZMR തികച്ചും പുതിയ പ്ലാറ്റ്‌ഫോമും നൂതനമായ 210 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനും ഉപയോഗിക്കും. അതായത് ലുക്കിന്റെ കാര്യത്തിലും വർക്കിന്റെ കാര്യത്തിലും ആളിച്ചിരി മുറ്റായിരിക്കുമെന്ന് സാരം.
ഹീറോ കരിസ്‌മ XMR ഒരു പുതിയ 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനായിരിക്കും ഉപയോഗിക്കുക. ഇത് പരമാവധി 25 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ആറ് സ്പീഡ് ഗിയർബോക്‌സുമായാവും എഞ്ചിൻ ജോടിയാക്കുക. ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം, എൽഇഡി ലൈറ്റിംഗ്, മസ്കുലർ ഫ്യൂവൽ ടാങ്ക്, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, ഡിജിറ്റൽ ക്ലസ്റ്റർ എന്നിവയും ഹീറോ മോട്ടോകോർപിന്റെ പുതിയ പടക്കുതിരയിൽ ഉണ്ടാവും.

ബ്ലൂടൂത്ത് ബേസ്ഡ് കണക്റ്റിവിറ്റി ഫീച്ചറുകളുണ്ടാവുമെങ്കിലും പുതുതലമുറ ഹീറോ കരിസ്മയ്ക്ക് USD ഫോർക്കുകൾ, റൈഡ്-ബൈ-വയർ ടെക്, സ്ലിപ്പർ ക്ലച്ച് തുടങ്ങിയ ഫീച്ചറുകൾ ഉണ്ടാവാൻ സാധ്യതയില്ല. കരിസ്മയുടെ മറ്റൊരു USP എന്നത് അതിന്റെ സുഖപ്രദമായ റൈഡിംഗ് സ്റ്റാൻസായിരുന്നു. ബാലൻസും ഹാൻഡ്‌ലിംഗും വളരെ മികച്ചവയായിരുന്നു. ഇക്കാര്യം അതേപടി നിലനിർത്തിയാവും ഹീറോ സ്പോർട്‌സ് മോട്ടോർസൈക്കിളിനെ ഒരുക്കുക.
ഇന്നും സെക്കൻഡ് ഹാൻഡ് വിപണിയിൽ വലിയ ഫാൻബേസുള്ള കരിസ്‌മ R പിറവിയെടുക്കുമ്പോൾ വിപണിയിലെ ക്വാർട്ടർ ലിറ്റർ സെഗ്മെന്റ് ബൈക്കുകൾ വരെ ഒന്നു കരുതിയിരിക്കുന്നത് നല്ലതായിരിക്കും. മികച്ച വിലനിർണയം കൂടിയായാൽ സംഭവം കളറാവും. ബജാജ് പൾസർ RS200, സുസുക്കി ജിക്‌സെർ SF 250, യമഹ R15 V4, മറ്റ് ഫെയർഡ് മോട്ടോർസൈക്കിളുകൾ എന്നിവയ്‌ക്കെതിരെയാവും കരിസ്‌മ XMR 210 മാറ്റുരയ്ക്കുക.


Click it and Unblock the Notifications








