ഡെലിവറി തുടങ്ങുന്നതിനു മുമ്പേ ഹീറോയുടെ പണി, കരിസ്‌മയ്ക്ക് ഇനി കൂടുതൽ മുടക്കിയാലേ കിട്ടൂ
ഒരുകാലത്ത് യൂക്കിന്റെ ഡ്രീം ബൈക്കായിരുന്നു ഹീറോ കരിസ്‌മ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും തിരികെയെത്തിയത് അടുത്തിടെയാണ്. എൻട്രി ലെവിൽ സ്പോർട്‌സ് മോട്ടോർസൈക്കിൾ സെഗ്മെന്റിനെ തീപിടിപ്പിച്ച മോഡലിന് വലിയ സ്വീകാര്യതയും വിപണിയിൽ നിന്നും നേടിയെടുക്കാനായി. നൊസ്റ്റാൾജിയ നിലനിർത്തിയുള്ള പുത്തൻ ഡിസൈനും ഫീച്ചറുകളുടെ വലിയ അകമ്പടിയും മാത്രമല്ല, കൃത്യമായ വില നിർണയം കൂടിയായതോടെയാണ് സംഭവം കളറായത്.
കരിസ്‌മ XMR എന്നറിയപ്പെടുന്ന പുത്തൻ മോഡലിനെ 1,72,900 രൂപയുടെ ആമുഖ വിലയിലാണ് ഹീറോ മോട്ടോകോർപ് അവതരിപ്പിച്ചത്. ആദ്യ ബാച്ചിന്റെ നിർമാണം ആരംഭിച്ചതിനു പിന്നാലെയിതാ മോട്ടോർസൈക്കിളിന്റെ വിലയിലും കമ്പനി ചെറിയ പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുകയാണിപ്പോൾ. കരിസ്‌മ XMR 210 പതിപ്പിന്റെ അടിസ്ഥാന വില ഒക്ടോബർ 1 മുതൽ 7,000 രൂപ വർധിപ്പിക്കുമെന്നാണ് ഹീറോ പ്രഖ്യാപിച്ചിരിക്കുന്നത്.

അതായത് ഹീറോ കരിസ്‌മ XMR 210 ബൈക്കിന്റെ ഇപ്പോഴുള്ള പ്രാരംഭ വിലയായ 1,72,900 രൂപയിൽ നിന്നും എക്സ്ഷോറൂം വില 7,000 രൂപയോളം വർധിച്ച് 1,79,900 രൂപയായി മാറുമെന്ന് സാരം. സെപ്റ്റംബർ 30 അർദ്ധരാത്രി വരെ ബൈക്കിന്റെ നിലവിലെ ബുക്കിംഗ് വിൻഡോ തുറന്നിരിക്കും. ഇതിനു ശേഷം മോട്ടോർസൈക്കിൾ ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കളും ഈ പുതുക്കിയ വില നൽകേണ്ടി വരും.
രാജ്യത്തുടനീളമുള്ള അംഗീകൃത ഹീറോ മോട്ടോകോർപ്പ് ഡീലർഷിപ്പുകളിലോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഉപഭോക്താക്കൾക്ക് പുത്തൻ കരിസ്‌മ XMR ബുക്ക് ചെയ്യാം. ഇതിനു പുറമെ 7046210210 എന്ന നമ്പറിൽ വിളിച്ച് ബൈക്ക് ബുക്ക് ചെയ്യാനും അവസരമുണ്ട്. മോട്ടോർസൈക്കിൾ ബുക്കിംഗിനുള്ള ടോക്കൺ തുക 3,000 രൂപയാണ്. പുതിയ ബുക്കിംഗ് വിൻഡോയുടെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതിൽ പുതുതലമുറ കരിസ്‌മയുടെ പുതുക്കിയ വിലയും ഉൾപ്പെടുത്തും.

ഈ വർഷം ഓഗസ്റ്റ് അവസാനം പുറത്തിറക്കിയ പ്രീമിയം മോഡൽ വാങ്ങാൻ ധാരാളം ആളുകൾ എത്തുന്നതായാണ് ഹീറോ മോട്ടോകോർപ് പറയുന്നത്. 2003-ലാണ് ഹീറോ ഹോണ്ട കരിസ്മ പുറത്തിറങ്ങുന്നത്. പിന്നീട് ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലൂടെ R വേരിയന്റ് എത്തിയതോടെയാണ് യുവാക്കളുടെ ഫേവറിറ്റ് ബൈക്കുകളിൽ ഒന്നായി ഇതു മാറുന്നത്. പിന്നീട് ഹീറോയും ഹോണ്ടയും വേര്‍പിരിഞ്ഞുവെങ്കിലും 2011-ഹീറോ കരിസ്മയെ ഏറ്റെടുക്കുകയും ഹീറോ കരിസ്മ വിപണിയിലെത്തിക്കുകയും ചെയ്തു.
2003-ൽ അവതരിപ്പിച്ച ഒറിജിനൽ മോഡലിൽ നിന്നുള്ള ചില സിഗ്നേച്ചർ സ്റ്റൈലിംഗ് ഘടകങ്ങളെ ആധുനികവത്ക്കരിച്ച് പുതുതലമുറ XMR 210 പതിപ്പിലേക്ക് കൊണ്ടുവരാനും ബ്രാൻഡിനായിട്ടുണ്ട്. യുവാക്കളെ ആകർഷിക്കുന്ന സ്‌പോര്‍ട്ടിയായ ഡിസൈന്‍ ആണ് പുതിയ കരിസ്മയുടെ പ്രധാന സവിശേഷത. അഗ്രസീവ് സ്‌റ്റൈലിംഗ്, സ്‌പോർടിംഗ് ഷാർപ്പ്, സ്ലീക്ക് ലുക്കിംഗ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയാണ് കരിസ്‌മയെ അഴകുള്ളതാക്കുന്നത്.

ടേൺ ഇൻഡിക്കേറ്ററുകളും ടെയിൽലാമ്പും എൽഇഡി ടച്ച് വഹിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. കരിസ്‌മ XMR 210 മോഡലിൽ സ്പ്ലിറ്റ് സീറ്റ് ലേഔട്ട് ലഭിക്കുന്നതും പ്രാക്‌ടിക്കാലിറ്റി ഉയർത്തുന്ന കാര്യമാണ്. പിലിയൻ സ്റ്റെപ്പ് അപ്പ്, വീതി കുറഞ്ഞ സ്ലീക്ക് ടെയിൽ സെക്ഷൻ എന്നിവ ബൈക്കിന് കൂടുതൽ സ്പോർട്ടി ശൈലി സമ്മാനിച്ചിട്ടുമുണ്ട്. ഒറിജിനൽ കരിസ്മയുടെ ഐതിഹാസിക നിറമായ യെല്ലോയ്ക്ക് പുറമെ ടര്‍ബോ റെഡ്, മാറ്റ് ഫാന്റം ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലും XMR സ്വന്തമാക്കാനാവും.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ടേൺ-ബൈ-ടേൺ നാവിഗേഷൻ ടെക്നുമായി വരുന്ന പൂർണമായ ഡിജിറ്റൽ കളർ എൽസിഡി ഡിസ്പ്ലേയാണ് XMR 210 അവതരിപ്പിക്കുന്നത്. അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീനിന്റെ രൂപകൽപ്പനയും മനോഹരമാണ്. ഇത് ക്രമീകരിക്കാനായി ഫെയറിംഗിൽ ഒരു പ്രത്യേക ബട്ടണും ഹീറോ മോട്ടോകോർപ് അവതരിപ്പിക്കുന്നുണ്ട്. ന്യൂ ജെൻ കരിസ്മ XMR തികച്ചും പുതിയ പ്ലാറ്റ്‌ഫോമും നൂതനമായ 210 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനുമാണേ ഉപയോഗിക്കുന്നത്.

25.15 bhp പീക്ക് പവറും 20.4 Nm പരമാവധി ടോർക്കും പുറപ്പെടുവിക്കുന്ന 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് 2023 ഹീറോ കരിസ്‌മ XMR 210 മോഡലിന് തുടിപ്പേകുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വെറും 3.8 സെക്കന്‍ഡില്‍ പുതിയ കരിസ്മ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലെത്താൻ മോഡലിനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഈ മാസം അവസാനത്തോടെ രാജ്യവ്യാപകമായി ഡെലിവറി ആരംഭിക്കും. ഇന്ത്യയിൽ ജിക്‌സര്‍ SF 250, യമഹ R15 V4, ബജാജ് പള്‍സര്‍ RS200 തുടങ്ങിയ മല്ലൻമാരുമായാണ് ഹീറോ കരിസ്‌മ XMR 210 മാറ്റുരയ്ക്കുന്നത്. നിലവിൽ ഇന്ത്യയിലെ എൻട്രി ലെവൽ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യമഹ R15 V4 ആണ് അരങ്ങുവാഴുന്നതെങ്കിലും പഴയ പാരമ്പര്യത്തിന്റെ പിൻബലത്തിൽ നിരവധി ആളുകളെ ഹീറോ കരിസ്‌മ ആകർഷിച്ചേക്കാം.


Click it and Unblock the Notifications