നൊസ്റ്റു ഉണർത്തി പാഷൻ പ്ലസ്, മോഹവിലയിൽ പുനരവതരിച്ച് ഹീറോയുടെ കമ്മ്യൂട്ടർ ബൈക്ക്
ഇന്ത്യയിൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ നിർമിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ളവരാണ് ഹീറോ മോട്ടോകോർപ്. ജാപ്പനീസ് ടൂവീലർ നിർമാതാക്കളായ ഹോണ്ടയുമായുള്ള പങ്കാളിത്തത്തിൽ ഐതിഹാസിക മോഡലുകൾ പണികഴിപ്പിച്ച കമ്പനി പങ്കാളിത്തം ഉപേക്ഷിച്ച ശേഷവും ഇതേ ഫോർമുല മുന്നോട്ടുകൊണ്ടുപോവുന്നതാണ് അവരുടെ വിജയം. ഹീറോ എന്നുകേട്ടാൽ ആദ്യം മനസിൽ ഓടി വരുന്ന മോഡലാണ് സ്പ്ലെൻഡർ.
പക്ഷേ ഇതേ പ്രാധാന്യമർഹിക്കുന്നൊരു മോഡലും ബ്രാൻഡ് നിരയിലുണ്ടായിരുന്നത് എന്നത് പലരും മറന്നിട്ടിരിക്കുന്ന സംഭവമാണ്. പാഷൻ എന്ന ബൈക്കിന്റെ കാര്യമാണീ പറയുന്നത്. നിലവിൽ പ്രോ എന്ന വേരിയന്റിലാണ് അറിയപ്പെടുന്നതെങ്കിലും ഇതിന്റെ പിൻഗാമിയായിരുന്ന പാഷൻ പ്ലസ് ഒരു കാലത്ത് ഇന്ത്യൻ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ സങ്കൽപം തന്നെ പൊളിച്ചെഴുതിയ മുതലായിരുന്നു. ഇന്നത്തെ തലമുറയ്ക്കിത് അറിയാൻ വഴിയില്ലെങ്കിലും പഴമക്കാരുടെ സ്വപ്നമായിരുന്നു ഇതിലൊരു റൈഡ്.

ഈ നൊസ്റ്റു ഉണർത്താനായി ഹീറോ പാഷൻ പ്ലസിനെ പുനരവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. നേരത്തെ ഇത് സൂചന നൽകുന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോൾ ഔദ്യോഗികമായി പാഷൻ പ്ലസിന്റെ പുത്തൻ പതിപ്പിന്റെ വിലയും പ്രഖ്യാപിച്ച് കമ്പനി ഹോണ്ട, ടിവിഎസ് എന്നീ എതിരാളികളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് വർഷം മുമ്പ് ബിഎസ്-VI മാനദണ്ഡങ്ങൾ ആരംഭിച്ചതോടെ നിർത്തലാക്കിയ മോഡലിന്റെ രണ്ടാംവരവാണിത്.
76,065 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുതിയ പാഷൻ പ്ലസ് വിപണിയിൽ എത്തിയിരിക്കുന്നത്. അതായത് നിലവിൽ വിപണനത്തിന് എത്തുന്ന എല്ലാ 100 സിസി ഹീറോ മോഡലുകളിലും ഏറ്റവും ചെലവേറിയ മോഡലാണിതെന്ന് സാരം. സാധാരണക്കാരുടെ ജനപ്രിയമായ 100 സിസി സെഗ്‌മെന്റിൽ പുതുതായി പുറത്തിറക്കിയ ഹോണ്ട ഷൈൻ, ബജാജ് പ്ലാറ്റിന എന്നിവയ്‌ക്കെതിരെയാണ് പാഷൻ പ്ലസ് മത്സരിക്കുന്നത്.

സ്പോർട്‌സ് റെഡ്, ബ്ലാക്ക് നെക്‌സസ് ബ്ലൂ, ബ്ലാക്ക് ഹെവി ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് 2023 ഹീറോ പാഷൻ പ്ലസ് വിപണിയിൽ തിരിച്ചെത്തിയിരിക്കുന്നത്. പഴയ ബൈക്കിന്റെ അതേ ശൈലി അനുസ്‌മരിപ്പിക്കും വിധമാണ് നിറങ്ങൾ നൽകിയിരിക്കുന്നത്. കൂടാതെ സെൽഫ് സ്റ്റാർട്ട്, ഡിജി-അനലോഗ് ഡിസ്പ്ലേ, യുഎസ്ബി ചാർജിംഗ് പോർട്ട്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നീ ഫീച്ചറുകളെല്ലാം മോട്ടോർസൈക്കിളിൽ സ്റ്റാൻഡേർഡായാണ് വരുന്നത്.
ജനപ്രിയമായ HF ഡീലക്‌സ്, സ്‌പ്ലെൻഡർ എന്നീ മോട്ടോർസൈക്കിളുകളിൽ കാണുന്ന അതേ 97.2 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ 'സ്ലോപ്പർ' എഞ്ചിനാണ് പുതിയ 2023 ഹീറോ പാഷൻ പ്ലസിന് തുടിപ്പേകുന്നത്. ഇത് പരമാവധി 8 bhp കരുത്തിൽ 8.05 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ ഉപയോഗിക്കുന്ന ഹീറോയുടെ നിരയിലെ അഞ്ചാമത്തെ മോഡലാണ് പാഷൻ പ്ലസ് എന്നതും ശ്രദ്ധേയമാണ്.

ഈ എഞ്ചിൻ ഇപ്പോൾ OBD-2 കംപ്ലയിന്റും E20 റെഡിയുമാണെന്നും ബ്രാൻഡ് പറയുന്നു. കൂടാതെ ഹീറോയുടെ പ്രൊപ്രൈറ്ററി i3s സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയും പുത്തൻ പാഷൻ പ്ലസിൽ കോർത്തിണക്കിയിട്ടുണ്ട്. ഹീറോയുടെ ഡബിൾ ക്രാഡിൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന മോട്ടോർസൈക്കിളിൽ ടെലിസ്‌കോപ്പിക് ഫോർക്കും ട്വിൻ ഷോക്ക് അബ്‌സോർബറുകളുമാണ് സസ്പെൻഷനായി നൽകിയിരിക്കുന്നത്.
എന്നിരുന്നാലും ഹീറോയുടെ 100 സിസി പ്ലാറ്റ്ഫോമിലെ ഏറ്റവും ഭാരമേറിയ ബൈക്കാണ് പാഷൻ പ്ലസ്. ഏകദേശം 115 കിലോഗ്രാം ഭാരമാണ് ഈ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിനുള്ളത്. ബ്രേക്കിംഗിനായി രണ്ടറ്റത്തും 130 mm ഡ്രം ബ്രേക്കുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. പാഷൻ പ്ലസിന്റെ കാസ്റ്റ് അലോയ് വീലുകൾക്ക് രണ്ടറ്റത്തും 80/100-18 വലിപ്പമുള്ള ട്യൂബ്‌ലെസ് ടയറുകളാണ് നൽകിയിരിക്കുന്നത്.


Click it and Unblock the Notifications








