അപ്രതീക്ഷിതം! സാധാരണക്കാരന്റെ മൈലേജ് ബൈക്ക് നിർത്തലാക്കി ഹീറോ
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ മോട്ടോകോർപ്. സാധാരണക്കാർക്കായി ഇത്രയധികം മോഡലുകൾ പുറത്തിറക്കുന്ന മറ്റൊരു ടൂവീലർ ബ്രാൻഡ് നമ്മുടെ രാജ്യത്തില്ലെന്നു വേണം പറയാൻ. ബജറ്റ് മോട്ടോർസൈക്കിളുകളിലൂടെയാണ് കമ്പനി ഇന്ത്യൻ വിപണി വെട്ടിപ്പിടിച്ചത്. സ്പ്ലെൻഡർ, പാഷൻ എന്നിവയാണ് എൻട്രി ലെവൽ സെഗ്മെന്റിലെ ഹീറോയുടെ തുറുപ്പുചീട്ടുകൾ.
ഇപ്പോഴിതാ സാധാരണക്കാരന്റെ ബൈക്കുകളിൽ ഒന്നായ പാഷൻ പ്രോ വേരിയന്റ് നിർത്തലാക്കിയിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. ഇതുമായി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് പാഷൻ പ്രോ നീക്കം ചെയ്‌തതോടെയാണ് മോട്ടോർസൈക്കിൾ നിർത്തിയ വിവരം പുറംലോകമറിയുന്നത്. പ്രോ മോഡൽ നിർത്തലാക്കി എങ്കിലും പാഷൻ ശ്രേണിയോട് താത്പര്യമുള്ള ഉപഭോക്താക്കൾക്കായി പ്ലസ്, എക്‌സ്ടെക് പതിപ്പുകൾ ഹീറോ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

ആയതിനാൽ എൻട്രി ലെവൽ സെഗ്മെന്റിലെ ഹീറോയുടെ വിൽപ്പനയെ പാഷൻ പ്രോയുടെ പിൻമാറ്റം ബാധിക്കില്ലെന്ന് ഉറപ്പാണ്. എന്തുകൊണ്ടാണ് ബൈക്ക് നിർത്തലാക്കിയതെന്ന് വ്യക്തമല്ലെങ്കിലും ഡിമാന്റ് കുറഞ്ഞതിനാലാവും മോഡലിനെ പിൻവലിക്കാൻ പ്രചോദനമായതെന്നാണ് വിവരം. പോരാത്തതിന് കൂടുതൽ താങ്ങാനാവുന്ന വിലയിൽ പാഷൻ പ്ലസിനെ കഴിഞ്ഞ ദിവസം കമ്പനി പുനരവതരിപ്പിച്ചതും ഇതിന്റെ ഭാഗമായാവും.
കൂടുതൽ ഫീച്ചറുകൾ തേടുന്നവർക്ക് പാഷൻ എക്‌സ്ടെക് മോഡലിലേക്കും ചേക്കേറാം. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി വിൽപ്പനയ്ക്ക് എത്തിയിരുന്ന പാഷൻ പ്രോയ്ക്ക് ഇന്ത്യയിൽ 85,000 രൂപയോളമായിരുന്നു എക്സ്ഷോറൂം വില വന്നിരുന്നത്. 13.2 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനായിരുന്നു പാഷൻ പ്രോയുടെ ഹൃദയം. ഇത് 9.02 bhp പവറിൽ പരമാവധി 9.89 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതായിരുന്നു.

ഇന്ധനക്ഷമതയ്ക്ക് പേരുകേട്ട ഹീറോയുടെ ഈ ബജറ്റ് ഫ്രണ്ട്‌ലി മോട്ടോർസൈക്കിൾ ലിറ്ററിന് 55 കിലോമീറ്റർ മൈലേജും വാഗ്‌ദാനം ചെയ്‌തിരുന്നു. മറുവശത്ത് കൂടുതൽ ഫീച്ചർ റിച്ചായ പാഷൻ എക്‌സ്ടെക്കിനും സമാനമായ എഞ്ചിനും മെക്കാനിക്കൽ ഭാഗങ്ങളുമാണുള്ളത്. എന്നാൽ എൽഇഡി ഹെഡ്‌ലൈറ്റും പൂർണ ഡിജിറ്റൽ കൺസോളും ഫീച്ചർ ചെയ്യുന്നതോടെ ഇവ കൂടുതൽ പ്രായോഗിക ഓപ്ഷനായി മാറുന്നുണ്ട്. ഫീച്ചർ സമ്പന്നമാക്കാനായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഈ വേരിയന്റിൽ ലഭ്യമാണ്.
ഇത് റൈഡറിനെ കോളിലേക്കും എസ്എംഎസ് അലേർട്ടുകളിലേക്കും ആക്‌സസ് നൽകുന്നു. കൂടുതൽ സുരക്ഷയ്ക്കായി യുഎസ്ബി ചാർജിംഗ് പോർട്ടും സൈഡ് സ്റ്റാൻഡ് കട്ട് ഓഫ് സെൻസറും വരെ ഹീറോ പാഷൻ എക്‌സ്ടെക്കിൽ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ബേസ് മോഡലിന് 80,038 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. പ്രോ പതിപ്പിനേക്കാൾ കൂടുതൽ ആളുകളും ഇത്തരം സവിശേഷതകളാൽ നിറഞ്ഞ എക്‌സ്ടെക്കാണ് തെരഞ്ഞെടുത്തിരുന്നത്.

ഇനി ഇത്രയും തുക ഒരു എൻട്രി ലെവൽ മോട്ടോർസൈക്കിളിനായി മുടക്കാൻ താത്പര്യമില്ലാത്തവർക്കായുള്ള ഓപ്ഷനാണ് ഹീറോ പുനരവതരിപ്പിച്ച പാഷൻ പ്ലസ്. 76,301 രൂപ മുതൽ വില ആരംഭിക്കുന്ന ബൈക്കിന് സ്റ്റാൻഡേർഡായി തന്നെ ഹീറോയുടെ i3S സാങ്കേതികവിദ്യ ലഭിക്കുന്നുണ്ട്. 7.91 bhp കരുത്തിൽ 8.05 Nm torque വികസിപ്പിക്കുന്ന ചെറിയ 97.2 സിസി എഞ്ചിനാണ് ഈ ബൈക്കിന് തുടിപ്പേകുന്നത്.
ഒരു സെമി-ഡിജിറ്റൽ ക്ലസ്റ്റർ, ഒരു യുഎസ്ബി ചാർജിംഗ് പോർട്ട്, ഒരു സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ് ഫംഗ്ഷൻ പോലുള്ള മാന്യമായ ഫീച്ചറുകളും ഇതിൽ ലഭ്യമാക്കാൻ ഹീറോ മോട്ടോകോർപ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. നിലവിൽ വിപണനത്തിന് എത്തുന്ന എല്ലാ 100 സിസി ഹീറോ മോഡലുകളിലും ഏറ്റവും ചെലവേറിയ മോഡലാണ് ഇതെങ്കിലും നൊസ്റ്റുവുണർത്തുന്ന പാഷൻ പ്ലസ് വിപണിയിൽ ചലനങ്ങളുണ്ടാക്കുന്നുണ്ട്. മൂന്ന് വർഷം മുമ്പ് ബിഎസ്-VI മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെയാണ് ഈ ബൈക്ക് നിരത്തൊഴിയുന്നത്.
പാഷൻ പ്രോയ്ക്ക് പുറമെ ഹീറോ എക്‌സ്ട്രീം 200S ബൈക്കിന്റെ ടൂ-വാൽവ് പതിപ്പിനെയും നിർത്തലാക്കുകയുണ്ടായി. ഇതിനു പകരം എക്‌സ്പൾസിന്റെ അതേ 4-വാൽവ് എഞ്ചിൻ കടമെടുത്ത് പുതിയ എക്‌സ്ട്രീം 200S 4V മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. പുതുക്കിയ എഞ്ചിൻ അധികമായി 6 ശതമാനം കരുത്തും മുൻഗാമിയെ അപേക്ഷിച്ച് 5 ശതമാനം കൂടുതൽ ടോർക്കും സൃഷ്ടിക്കുന്നു.
ഹീറോയുമായി ബന്ധപ്പെട്ട മറ്റു വാർത്തകളിൽ ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹീറോ കരിസ്മ XMR 210 പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഓഗസ്റ്റ് 29-ന് ഐതിഹാസിക മോഡൽ പുനർജൻമമെടുക്കുമെന്നാണ് വിവരം. ഏകദേശം 25 bhp പവറോളം നൽകുന്ന പുതിയ ലിക്വിഡ് കൂൾഡ് 210 സിസി എഞ്ചിനാണ് കരിസ്‌മക്കായി പണികഴിപ്പിച്ചിരിക്കുന്നത്. സ്പോർട്‌സ് ബൈക്ക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാനാവുന്ന എല്ലാ ചേരുവകളുമായാവും മോഡൽ റീഎൻട്രി നൽകുക.


Click it and Unblock the Notifications








