Hero Vida ക്ലിക്കിൽ വണ്ടി വീട്ടിലെത്തും, വിഡ ഇലക്ട്രിക് സ്‌കൂട്ടർ ഇനി ഫ്ലിപ്പ്കാർട്ടിലും
സ്റ്റാർട്ടപ്പ് കമ്പനികൾ വിരാജിച്ചിരുന്ന ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തെ (Electric Two Wheeler) ഏറ്റെടുത്തുകൊണ്ട് ടിവിഎസും (TVS) ബജാജും (Bajaj) ഹീറോ മോട്ടോകോർപ്പും (Hero Motocorp) എല്ലാം ഇവി (EV) രംഗത്തിന് പുതിയൊരു മുഖം സമ്മാനിച്ചിരിക്കുകയാണ്. എങ്കിലും ഇന്നും പ്രിയങ്കരം ഓലയുടേയും ഏഥറിന്റേയും മോഡലുകൾ തന്നെയാണ്.
വിഡ V1 (Vida V1) എന്ന തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടറിലൂടെ ഹീറോ മോട്ടോകോർപ് ശ്രദ്ധയാകർഷിക്കുകയാണ്. ഡല്‍ഹി, ബെംഗളൂരു, ജയ്പൂര്‍ എന്നിവിടങ്ങളിലാണിപ്പോള്‍ മോഡലിനെ പുറത്തിറക്കിയിരിക്കുന്നതെങ്കിലും അധികം വൈകാതെ ചെന്നൈയിലേക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലേക്കും വിൽപ്പന വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇതിന്റെ ആദ്യ പടിയെന്നോണം വിഡ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇ-കൊമേഴ്‌സ് (e-commerce) വെബ്‌സൈറ്റായ ഫ്ലിപ്പ്കാർട്ട് (Flipkart) വഴി വിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹീറോ.

നിലവിൽ മുകളിൽ പറഞ്ഞ മൂന്ന് നഗരങ്ങളിൽ മാത്രമാണ് വിഡ V1 പ്ലസ്, V1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയിരിക്കുന്നതെങ്കിലും ചെന്നൈ, ഹൈദരാബാദ്, പൂനെ, നാസിക്, നാഗ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ വിഡ ഇലക്ട്രിക് സ്കൂട്ടർ ശ്രേണി അവതരപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫ്ലിപ്പ്കാർട്ടിലേക്കും വിൽപ്പന വിപുലീകരിക്കുന്നത്. മുകളിൽ സൂചിപ്പിച്ച നഗരങ്ങളിൽ ഇവിക്കായുള്ള ബുക്കിംഗും ഹീറോ മോട്ടോകോർപ്പ് ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഈ നഗരങ്ങളിലെ V1 ശ്രേണിയുടെ വിലയെക്കുറിച്ചോ ഡെലിവറികളെക്കുറിച്ചോയുള്ള വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
V1 ശ്രേണിക്ക് ബെംഗളൂരുവിൽ 1.45 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് എന്നിവയുമായി നേരിട്ടുമുട്ടുന്ന V1 പ്ലസ്, പ്രോ എന്നീ രണ്ട് വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. മറ്റ് ഇവികളെ പോലെ തന്നെ ഇവ രണ്ടും തമ്മിലുള്ള പ്രാഥമിക വ്യത്യാസം അവയുടെ ബാറ്ററിയും റേഞ്ചുമാണ്. ഉയർന്ന റേഞ്ചിനൊപ്പം പ്രോ വേരിയന്റിന് മികച്ച ആക്സിലറേഷൻ, കൂടുതൽ കളർ ഓപ്ഷനുകൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും.

ഹീറോ വിഡ V1 പ്ലസ് വേരിയന്റിന് 3.44 kWh ബാറ്ററി ശേഷിയാണുള്ളത്. അതേസമയം ഹീറോ V1 പ്രോയുടെ ബാറ്ററി ശേഷി 3.94 kWh ആണ്. രണ്ട് സ്‌കൂട്ടറുകള്‍ക്കും യഥാക്രമം 1.72 kWh, 1.97 kWh എന്നീ ഇരട്ട ബാറ്ററി പായ്ക്കുകള്‍ ഉണ്ട്. . പ്ലസ്, പ്രോ വേരിയന്റുകളുടെ പൂജ്യം മുതൽ 40 കിലോമീറ്റർ വരെ ആക്സിലറേഷൻ സമയം യഥാക്രമം 3.4 സെക്കൻഡും 3.2 സെക്കൻഡുമാണ്.
V1 പ്ലസിന് 143 കിലോമീറ്ററും V1 പ്രോയ്ക്ക് 165 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. രണ്ട് വിഡ വേരിയന്റുകളുടെയും പെര്‍ഫോമന്‍സ് ഏകദേശം സമമാണെന്ന കാര്യം ഈ കണക്കുകളിലൂടെ വ്യക്തമാണ്. 6 kW പീക്ക് പവറിൽ പരമാവധി 25 Nm torque ആണ് രണ്ട് ഇവികളും ഉത്പാദിപ്പിക്കുന്നത്. രണ്ടിലും ഇക്കോ, റൈഡ്, സ്പോര്‍ട്ട് എന്നീ റൈഡിംഗ് മോഡുകളുണ്ട്. എന്നാല്‍ പ്രോ വേരിയന്റിന് അധിക കസ്റ്റം റൈഡിംഗ് മോഡ് ലഭിക്കുന്നുവെന്ന കാര്യവും എടുത്തു പറയണം.
വിഡ V1 പ്രോ വേരിയന്റിന് 125 കിലോഗ്രാം ഭാരമാണുള്ളത്. ഇത് പ്ലസ് വേരിയന്റിനേക്കാള്‍ 1 കിലോ കൂടുതലാണ്. ചാർജിംഗിന്റെ കാര്യത്തിലേക്ക് കടന്നാൽ ഹോം ചാർജർ ഉപയോഗിച്ച് V1 പ്ലസിന് 5 മണിക്കൂര്‍ 15 മിനിറ്റും വിഡ V1 പ്രോ വേരിയന്റിന് 5 മണിക്കൂര്‍ 55 മിനിറ്റുമാണ് ചാര്‍ജിംഗ് സമയം വേണ്ടി വരുന്നത്. അതേസമയം ഒരു ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാൽ സമയം കൂടുതൽ ലാഭിക്കാം.

ഫാസ്റ്റ് ചാര്‍ജര്‍ വഴി ബാറ്ററി ഫുള്‍ ചാര്‍ജിനായി എടുക്കുന്ന സമയം ഹീറോ വിഡ V1 പ്ലസിന് ഏകദേശം 2 മണിക്കൂറും V1 പ്രോയ്ക്ക് 2 മണിക്കൂര്‍ 20 മിനിറ്റുമാണ്. ഇനി മറ്റ് ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, OTA പിന്തുണയുള്ള 7-ഇഞ്ച് TFT ഡിസ്പ്ലേ, ബ്ലൂടൂത്ത്, 4G, വൈഫൈ, ആന്റി-തെഫ്റ്റ് അലാറം, ജിയോഫെന്‍സ് തുടങ്ങിയ ഫാൻസി ടെക്കുകളെല്ലാം മോഡലിലുണ്ട്.
തീർന്നില്ല, ഇതുകൂടാതെ ട്രാക്ക് മൈ ബൈക്ക്, വെഹിക്കിള്‍ ഡയഗ്നോസ്റ്റിക്സ്, ക്രൂയിസ് കണ്‍ട്രോള്‍, SOS അലേര്‍ട്ട്, റീജനറേറ്റീവ് ബ്രേക്കിംഗ്, റിവേഴ്‌സ് ഫംഗ്ഷന്‍ എന്നീ സവിശേഷതകളുടെ പിന്തുണയും ഹീറോ മോട്ടോകോർപ് വിഡ ഇലക്ട്രിക് സ്‌കൂട്ടറിന്റെ രണ്ട് വേരിയന്റുകളിലും ഉപഭോക്താക്കൾക്ക് ലഭിക്കും. വിഡയുടെ എക്‌സ്പീരിയന്‍സ് സെന്ററുകൾ തുറന്ന് ഇവിയെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പുകളിലാണ് കമ്പനിയിപ്പോൾ. എന്തായാലും ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പന ആരംഭിക്കുന്നതോടെ കൂടുതൽ ഈസിയായി ആളുകൾക്ക് വിഡ സ്വന്തമാക്കാനാവുമെന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications








