110 കി.മീ. റേഞ്ചുള്ള ഹീറോ ഇലക്‌ട്രിക് സ്‌കൂട്ടറിന് അടിപൊളി ഓഫർ; ഓൺലൈനിൽ വാങ്ങിയാൽ 33,500 രൂപ ഡിസ്‌കൗണ്ട്
ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും ലാഭത്തിൽ കിട്ടുന്നത് എന്തെന്ന് ചോദിച്ചാൽ അത് വണ്ടികളാണെന്ന് വേണം പറയാൻ. കമ്പനികളഉടെ ചാകരക്കാലമായ ഉത്സവ സീസൺ കൊടിയേറിയതോടെ കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം വാരിക്കോരി നൽകുകയാണ് വാഹന നിർമാതാക്കളെല്ലാം. പക്ഷേ പെട്രോൾ, ഡീസൽ വിലയിലൊന്നും മാറ്റമില്ലാതെ തുടരുന്നത് ആളുകളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
ഇന്ധന വിലയെപ്പറ്റി ആശങ്കപ്പെട്ടിരിക്കുന്നവർക്ക് വേണമെങ്കിൽ ഇവിയിലേക്ക് ചേക്കേറാം കേട്ടോ. ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇപ്പോൾ ഗംഭീര ഓഫറുകൾ നൽകുന്ന സമയമാണ്. ഈ ദീപാവലിക്ക് ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നത് ശരിക്കും നല്ലൊരു തീരുമാനമാവുമാവും. പക്ഷേ വാങ്ങാനായി ഡീലർഷിപ്പിലും ഷോറൂമുകളിലുമൊന്നും കയറിയിറങ്ങാൻ സമയമില്ലാത്തവർക്കായും പരിഹാരം ഉണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ടൂവീലർ നിർമാതാക്കളായ ഹീറോ മോട്ടോകോർപ് തങ്ങളുടെ വിഡ ഇവികൾക്ക് ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകൾ വഴി ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോണും ഫ്ലിപ്പ്കാർട്ടും ഈ ദീപാവലിക്ക് ഹീറോയുടെ ഇവി ബ്രാൻഡിൽ നിന്നുള്ള ഇലക്ട്രിക് സ്‌കൂട്ടറിന് 33,500 രൂപ വരെയാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
നവംബർ 12-ന് ദീപാവലി വരെയാവും കമ്പനി ഓഫറുകൾ വാഗ്‌ദാനം ചെയ്യുക. ഇനി എന്തൊക്കെയാണ് ഇ-കൊമേഴ്‌സ് സൈറ്റുകളായ ആമസോണും ഫ്ലിപ്പ്കാർട്ടും ഹീറോ വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറുകൾക്കായി നൽകുന്ന ആനുകൂല്യങ്ങളെന്ന് നോക്കിയാലോ? നിലവിൽ ബ്രാൻഡിന്റെ ഇവി സ്കൂട്ടറിന് 1.46 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. എന്നിരുന്നാലും, ആമസോൺ മുഖേന ഡൽഹിയിൽ 94,600 രൂപയിൽ താഴെ വിലയ്ക്ക് ഒരാൾക്ക് ഇത് വാങ്ങാം.

ഈ സംസ്ഥാനത്തിനായി മാത്രം 33,500 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറാണ് വാഗ്ദാനം ചെയ്യുന്നത്. ഡൽഹി സർക്കാരിന്റെ ഇവി പോളിസിക്ക് കീഴിൽ ലഭ്യമായ ആനുകൂല്യങ്ങൾ ചേർത്താൽ വില ഒരു ലക്ഷം രൂപയിൽ താഴെയാകും. ഫ്ലിപ്കാർട്ടിൽ വിഡ V1 ഇലക്ട്രിക് സ്കൂട്ടറിന് 30,000 രൂപയുടെ ഫ്ലാറ്റാണ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം പറയുന്നതനുസരിച്ച് ഡിസ്‌കൗണ്ട് വിലയിൽ കേന്ദ്രം വാഗ്ദാനം ചെയ്യുന്ന ചാർജറും ഫെയിം സബ്‌സിഡിയും ഉൾപ്പെടുന്നുവെന്നാണ്.
സംസ്ഥാന ഇവി സ്കീമുകൾക്ക് കീഴിലുള്ള അധിക ആനുകൂല്യങ്ങൾക്ക് മുമ്പ് ഹീറോ V1 ഇ-സ്കൂട്ടറിന്റെ വില 1.11 ലക്ഷം രൂപയാണ് വരുന്നത്. ഹീറോയുടെ ഇലക്ട്രിക് സ്കൂട്ടർ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വിപണിയിലെത്തുന്നത്. പ്ലസ്, പ്രോ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുന്ന വിഡ V1 മോഡലുകൾ ഇന്ത്യയിൽ ഓല S1, ഏഥർ 450, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് പോലുള്ള പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകളുമായാണ് മാറ്റുരയ്ക്കുന്നത്.

ഒറ്റ ചാർജിൽ 110 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറിന് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും. അതേസമയം 3.2 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗതയിലെത്താനും ഇവിക്കാവും. ഇക്കോ, റൈഡ്, സ്‌പോർട്ട്, കസ്റ്റം എന്നിവ ഉൾപ്പെടുന്ന നാല് റൈഡ് മോഡുകളാണ് മോഡലിൽ ഹീറോ മോട്ടോകോർപ് വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് സ്കൂട്ടർ എളുപ്പത്തിൽ ചാർജ് ചെയ്യുന്നതിനു വേണ്ടി രണ്ട് റിമൂബബിൾ ബാറ്ററി പായ്ക്കുകളാണ് ഇവിയിൽ ഒരുക്കിയിരിക്കുന്നത്.
വിഡ V1 ഇവിയിൽ പോർട്ടബിൾ ചാർജറും വാഗ്ദാനം ചെയ്യുന്നുണ്ട്. അത് സ്‌കൂട്ടറിന്റെ ബൂട്ട് സ്പേസിൽ കൊണ്ടുപോകാനും ഏത് സ്റ്റാൻഡേർഡ് 5A സോക്കറ്റിലും പ്ലഗ് ഇൻ ചെയ്യാനും കഴിയും. ഇലക്ട്രിക് സ്കൂട്ടർ പൂർണ്ണമായി റീചാർജ് ചെയ്യാൻ ഏകദേശം ആറ് മണിക്കൂർ സമയവും വേണ്ടിവരുമെന്നുമാണ് കമ്പനി പറയുന്നത്. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാലും ആളിച്ചിരി പ്രീമിയമാണെന്ന് വേണം പറയാൻ.

ഡാർക്ക് മോഡ്, 4G, Wi-Fi കണക്റ്റിവിറ്റി, ഇലക്ട്രോണിക് സീറ്റ്, ഹാൻഡിൽ ലോക്ക്, ക്രൂയിസ് കൺട്രോൾ, റിവേഴ്‌സ്, റീജൻ അസിസ്റ്റ് എന്നിവയ്‌ക്കായുള്ള 2-വേ-ത്രോട്ടിൽ എന്നിവ വാഗ്ദാനം ചെയ്യുന്ന ടച്ച് ഡിസ്‌പ്ലേയുള്ള 7 ഇഞ്ച് TFT സ്ക്രീനാണ് വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറിനുള്ളിലെ നിരവധി സവിശേഷതകളിൽ ഏറ്റവും വലിയ ഹൈലൈറ്റ്. ആന്റി തെഫ്റ്റ് അലാറം, ട്രാക്ക് മൈ ബൈക്ക്, ജിയോഫെൻസിംഗ്, റിമോട്ട് ഇമ്മൊബിലൈസേഷൻ, വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സ്, SOS അലർട്ട് എന്നിവയും മറ്റും ഉൾപ്പെടുന്ന സുരക്ഷാ ഫീച്ചറുകളും ഇവിയുടെ ഭാഗമാണ്.


Click it and Unblock the Notifications








