ഓലയുടേയും ഏഥറിന്റെയും ചീട്ടുകീറാൻ ഹീറോ, 110 കി.മീ റേഞ്ചുള്ള സ്‌കൂട്ടറിന് 31,000 രൂപയുടെ കിടിലൻ ഓഫർ
ഈ വർഷം അവസാനിക്കാൻ ഇനി ദിവസങ്ങളും മണിക്കൂറുകളും മാത്രം ബാക്കി നിൽക്കുമ്പോൾ ഏറ്റവും തിരക്കുള്ള മേഖലകളിൽ ഒന്നായി മാറിയിരിക്കുകയാണ് വാഹന വിപണി. നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനായി ഗംഭീര ഇയർ എൻഡ് ഓഫറുകളുമായി വാഹന നിർമാതാക്കളെല്ലാം രംഗത്തെത്തി കഴിഞ്ഞു. 2024 ജനുവരി ഒന്നു മുതൽ വാഹനങ്ങൾക്കെല്ലാം വില കൂടുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളും തങ്ങളുടെ പ്രിയമോഡലുകൾ സ്വന്തമാക്കാനായി ഒഴുകിയെത്തുകയാണ്.
കാർ നിർമാതാക്കളെല്ലാം കിടിലൻ ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുമ്പോൾ ഇരുചക്ര വാഹന വിപണിയിൽ ഓഫറുകൾ അത്ര സജീവമായിട്ടില്ലെന്നു വേണം പറയാൻ. ചുരുക്കം ചില ബ്രാൻഡുകൾ മാത്രം ഇയർ എൻഡ് ഓഫർ പ്രഖ്യാപിച്ചപ്പോൾ മറ്റ് കമ്പനികളെല്ലാം നിശബ്ദത പാലിക്കുകയാണ്. എന്നാൽ ട്രെൻഡിംഗായി നിൽക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ രംഗത്ത് ഓലയും ഏഥറുമെല്ലാം ഓഫറുകൾ വാരിക്കോരി നൽകുന്നുമുണ്ട്.

ഇവരുടെയെല്ലാം മുഖ്യശത്രുവായ ഹീറോ മോട്ടോകോർപ്പും ഇയർ എൻഡ് ഓഫറുമായി കളത്തിലെത്തിയിരിക്കുകയാണ്. എന്നാൽ ബ്രാൻഡിന്റെ ഇലക്‌ട്രിക് സ്‌കൂ്ടറായ വിഡ V1 മോഡലുകളിലാണ് വർഷാവസാന ആനുകൂല്യങ്ങൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ആൻഡ് ലോയൽറ്റി ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, എക്സ്റ്റൻഡഡ് ബാറ്ററി വാറണ്ടി എന്നിവയും മറ്റും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെ ഈ മാസം ഇവി വാങ്ങാനെത്തുന്നവർക്ക് 31,000 രൂപ വരെയുള്ള ഓഫറുകളാണ് ഹീറോ നൽകുന്നത്.
ഓഫറുകൾ ഡിസംബർ അവസാനം വരെയും പരിമിതമായ സ്റ്റോക്കുകളിലും മാത്രമേ ലഭ്യമാകൂവെന്നും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറിന് 8,259 രൂപയുടെ എക്സ്റ്റൻഡഡ് ബാറ്ററി വാറണ്ടി ലഭിക്കുന്നത് കൈയടി അർഹിക്കുന്നുണ്ട്. ഇവി വാങ്ങാനെത്തുന്നവർക്ക് 6,500 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 5,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 7,500 രൂപ ലോയൽറ്റി ഡിസ്‌കൗണ്ടും ലഭിക്കും.

വിഡ V1 ഇ-സ്‌കൂട്ടറിനൊപ്പം 2,500 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഒരുക്കിയിട്ടുണ്ട് ഇതോടൊപ്പം തന്നെ കമ്പനി 1,125 രൂപയുടെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനും വാഗ്ദാനം ചെയ്യുന്നു. കൂടാതെ 5.99 ശതമാനത്തിന്റെ കുറഞ്ഞ പലിശ നിരക്ക്, ലോണുകൾക്ക് സീറോ പ്രോസസിംഗ് ഫീസും 2,429 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐകളും ഉൾപ്പെടെ ആകർഷകമായ ഫിനാൻസ് സ്കീമുകൾ ഉപയോഗിച്ച് വിഡ V1 ഡിസംബർ മാസത്തിൽ സ്വന്തമാക്കാനാവും.
V1 ഇവിക്കായി ഹീറോ ഫിൻകോർപ്പ്, ഐഡിഎഫ്‌സി, ഇക്കോഫി എന്നിവയുൾപ്പെടെ ബാങ്കുകളുമായും എൻബിഎഫ്‌സികളുമായും കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഹീറോ മോട്ടോകോർപ്പിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്. V1 V1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന മോഡൽ ഇതിനോടകം വിപണിയിൽ ചർച്ചയായിട്ടുണ്ട്. FAME II സബ്‌സിഡി ഉൾപ്പെടെ ഡൽഹിയിൽ 1.46 ലക്ഷം രൂപയാണ് ഇവിക്കായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.

ഇ-സ്‌കൂട്ടർ 80 കിലോമീറ്റർ വേഗതയിൽ 110 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. V1 ഇവിക്ക് 0-40 കിലോമീറ്റർ വേഗത വെറും 3.2 സെക്കൻഡിൽ കൈവരിക്കാനും കഴിയും. കൂടാതെ ഡിസി ചാർജർ ഉപയോഗിച്ച് 65 മിനിറ്റിനുള്ളിൽ 0-80 ശതമാനം ബാറ്ററി ടോപ്പ് അപ്പ് ചെയ്യുന്ന ഫാസ്റ്റ് ചാർജിംഗും ഇതിന്റെ സവിശേഷതയാണ്. റിമൂവബിൾ ബാറ്ററി പായ്ക്കുമായാണ് ഹീറോ മോഡൽ വരുന്നത്.
ഇത് സെഗ്മെന്റിലെ എതിരാളികളായ ഏഥർ 450X, ഓല S1 പ്രോ എന്നിവയിൽ നിന്ന് വേറിട്ടുനിൽക്കാനും ഹീറോ V1 ഇവിയെ സഹായിക്കുന്ന കാര്യമാണ്. V1, V1 പ്രോ മോഡലുകളിൽ ഇക്കോ, റൈഡ്, സ്പോര്‍ട്ട് എന്നീ റൈഡിംഗ് മോഡുകളുമുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലും ഇലക്‌ട്രിക് സ്‌കൂട്ടർ മിടുക്കനാണ്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, OTA പിന്തുണയുള്ള 7-ഇഞ്ച് TFT ഡിസ്പ്ലേ, ബ്ലൂടൂത്ത്, 4G, വൈഫൈ പോലുള്ള മോഡേൺ ടെക്കുമായാണ് വരവ് തന്നെ.

ഇതോടൊപ്പം ആന്റി-തെഫ്റ്റ് അലാറം, ജിയോഫെന്‍സ്, ട്രാക്ക് മൈ ബൈക്ക്, വെഹിക്കിള്‍ ഡയഗ്നോസ്റ്റിക്സ്, ക്രൂയിസ് കണ്‍ട്രോള്‍, SOS അലേര്‍ട്ട്, റീജനറേറ്റീവ് ബ്രേക്കിംഗ്, റിവേഴ്‌സ് ഫംഗ്ഷന്‍ തുടങ്ങിയ ഫീച്ചറുകളും ഹീറോയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ മോഡലുകളിലുണ്ട്. വൈറ്റ്, റെഡ്, ഓറഞ്ച്, സിയാൻ, ബ്ലാക്ക് എന്നീ വ്യത്യസ്‌ത കളർ ഓപ്ഷനുകളിൽ വാഹനം സ്വന്തമാക്കാനാവും. വിഡ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാനും ഉപഭോക്താക്കൾക്കാവും.
ഡൽഹി, ബെംഗളൂരു, ജയ്പുർ എന്നിവിടങ്ങളിൽ മാത്രമേ ആദ്യഘട്ടത്തിൽ ഇവി വാങ്ങാൻ സാധിച്ചിരുന്നുള്ളൂവെങ്കിലും ഇപ്പോൾ പാൻ ഇന്ത്യൻ ലെവലിലാണ് ഇവിയെ കമ്പനി വിപണനം ചെയ്യുന്നത്. അടുത്ത വർഷം യൂറോപ്യൻ വിപണിയിലേക്കുള്ള വിഡയുടെ അരങ്ങേറ്റവും ഹീറോ മോട്ടോകോർപ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെയിനിലും ഫ്രാൻസിലും തുടങ്ങി യുകെയിലും തുടങ്ങി സ്റ്റാൻഡേർഡ്, കൂപ്പെ പതിപ്പുകളിൽ വിഡ V1 ലഭ്യമാകും.


Click it and Unblock the Notifications








